Connect with us

Kozhikode

എ ടി എം കവര്‍ച്ച: മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് ഉപഭോക്താക്കളെ കബളിപ്പിച്ച് എ ടി എം കവര്‍ച്ച നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി 12.30ന് കോട്ടൂളിയില്‍ മെഡിക്കല്‍ കോളജ് പോലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ബീഹാര്‍, ഒറീസ സ്വദേശികളായ രാഹുല്‍ രാജ് (28), മുഹമ്മദ് റബാനിഖാന്‍ (22)ചന്ദ്രന്‍ സിംഗ് മുണ്ട (26) എന്നിവരെയാണ് നോര്‍ത്ത് അസി. പോലീസ് കമ്മീഷണര്‍ പ്രിന്‍സ് അബ്രഹാം, മെഡിക്കല്‍ കോളജ് സി ഐ. കെ ഉല്ലാസ്, മെഡിക്കല്‍ കോളജ് എസ് ഐ ശശിധരന്‍ ചാലില്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.
ഒരു വര്‍ഷത്തിനിടെ നാല് ലക്ഷത്തോളം രൂപ ഇവര്‍ ഉപഭോക്താക്കളെ കബളിപ്പിച്ച് തട്ടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബീഹാറില്‍ നിന്ന് എറണാകുളത്ത് വന്ന ഇവര്‍ വയനാട്, ഇടുക്കി ജില്ലകളിലൊഴികെ കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം എ ടി എം കവര്‍ച്ച നടത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും വന്ന് മൂന്നും നാലും ദിവസം ലോഡ്ജില്‍ താമസിച്ച് മോഷണം നടത്തി, കിട്ടിയ തുക ബേങ്ക് അക്കൗണ്ട് വഴി നാട്ടിലേക്ക് അയച്ചുകൊടുക്കുകയാണ് പതിവ്. ഉപഭോക്താവ് എ ടി എം കൗണ്ടറില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ കൗണ്ടറില്‍ കവര്‍ച്ചക്കുള്ള നടപടികള്‍ സജ്ജീകരിക്കും. പിന്നീട് ഉപഭോക്താവിനെ സഹായിക്കാനെന്ന വ്യാജേന എത്തിയാണ് കവര്‍ച്ച നടത്തുക. പല്ലില്‍ക്കുത്തി ഉപയോഗിച്ച് എ ടി എമ്മിലെ എന്റര്‍ ബട്ടണ്‍ തടസ്സപ്പെടുത്തിയാണ് കവര്‍ച്ച നടത്തുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. അന്യ സംസ്ഥാനത്തും ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എ ടി എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ട 15 പരാതികള്‍ സംസ്ഥാനത്തൊട്ടാകെ പോലീസിന് ലഭിച്ചിട്ടുണ്ട്.
കോട്ടൂളി സ്വദേശി മഠത്തില്‍ സുരേഷ്ബാബുവിന്റെ 40,000 രൂപ കവര്‍ന്ന കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ജില്ലാ ഡെപ്യൂട്ടി പോലീസ് മേധാവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കോഴിക്കോട്ടുള്ള ഒരു ലോഡ്ജില്‍ രണ്ട് ഉത്തരേന്ത്യക്കാര്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ നിന്ന് ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് പോ ലീസ് അന്വേഷണം നടത്തിയത്. ലോഡ്ജിലുള്ളവരെ കബളിപ്പിച്ച് ഒരു അക്കം കുറച്ചാണ് അവര്‍ ലോഡ്ജിലെ രജിസസ്റ്ററില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തത്. എന്നാല്‍ ലോഡ്ജില്‍ ഇവരെ കണ്ടെത്താനായില്ല. അന്വേഷണം തുടരുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എ ടി എം വഴി ഇവര്‍ ലക്ഷക്കണക്കിനു രൂപ തട്ടിയതായി മനസ്സിലാക്കിയത്. പിന്നീട് വടക്കന്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കുന്ദമംഗലം എസ് ഐ. എസ് സജീവ്, സി പി ഒമാരായ ബാബു മണാശേരി, ഷാജു പാലത്ത്, ജി എസ് ശ്രീജിഷ് എന്നിവര്‍ ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെത്തി രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല. ഈ മാസം തുടക്കത്തില്‍ സംഘം തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ എ ടി എം കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തി. ഇതേത്തുടര്‍ന്ന് പോലീസ് തെക്കന്‍ ജില്ലകളിലും അന്വേഷണം ഊര്‍ ജിതമാക്കിയിരുന്നു. പ്രതികളെ ഇന്നലെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

 

Latest