ബി ജെ പി വിട്ടവരെ സഹകരിപ്പിക്കും: സി പി എം

Posted on: January 25, 2014 7:43 am | Last updated: January 25, 2014 at 7:43 am

cpmകണ്ണൂര്‍: ബി ജെ പി ജില്ലാ പ്രസിഡന്റായിരുന്ന ഒ കെ വാസുവിനെയും രണ്ടായിരത്തോളം ബി ജെ പി, ആര്‍ എസ് എസ് വിമതരെയും പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചു. ബി ജെ പി വിട്ടവര്‍ക്കായി ഈ മാസം 28ന് പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നല്‍കുന്ന സ്വീകരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ബി ജെ പി മുന്‍ നേതാക്കളും സംഘപരിവാരത്തിലെ ശുദ്ധീകരണം ലക്ഷ്യമിട്ട് രൂപവത്കരിച്ച നരേന്ദ്ര മോദി വിചാര്‍ മഞ്ചിന്റെ സാരഥികളുമായ ഒ കെ വാസു, എ അശോകന്‍ ഉള്‍പ്പെടെയുള്ളവരെ സമ്മേളനത്തിലൂടെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കും. വി എസ് ഇടപെടേണ്ട സംഘടനാ വിഷയം നിലവില്‍ കണ്ണൂരില്‍ ഇല്ലെന്നാണ് സി പി എം ജില്ലാ കമ്മിറ്റിയുടെ നിലപാട്. ഇക്കാര്യം ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യക്തമാക്കി. നമോ വിചാര്‍ മഞ്ചിനെ സി പി എമ്മുമായി യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയതിനെ കുറിച്ച് അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇങ്ങനെയൊരു പരാതി വി എസ് നല്‍കാനിടയില്ല. ജില്ലാതലവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ സംസ്ഥാനതലത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. സംഘടനാപരമായ കാര്യങ്ങള്‍ വരുമ്പോള്‍ മാത്രമേ ഇത്തരത്തിലുള്ള ചര്‍ച്ച ആവശ്യമുള്ളൂവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടായിരത്തോളം പേരാണ് പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം താഴേത്തട്ടിലുള്ള എല്ലാ കമ്മിറ്റികളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പാര്‍ട്ടിയില്‍ അണിചേര്‍ക്കാന്‍ തീരുമാനിച്ചത്.
സി പി എമ്മിലേക്ക് വരുന്നവരുടെ ജനസമ്മതി കണക്കിലെടുത്ത് അവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്ന കാര്യം 28ന് നടക്കുന്ന സ്വീകരണ പരിപാടിക്ക് ശേഷം തീരുമാനിക്കും. ഒ കെ വാസുവിനെപ്പോലുള്ളവര്‍ പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ തലശ്ശേരിയില്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ആര്‍ എസ് എസ് നടപ്പാക്കിയ അഖിലേന്ത്യാ പദ്ധതിയുടെ ഇരയാണ് ഇവരൊക്കെ എന്നതായിരുന്നു ജയരാജന്റെ മറുപടി. കേരളത്തില്‍ കണ്ണൂര്‍ ജില്ല അവരുടെ പരീക്ഷണ കേന്ദ്രമാണ്. ഇവിടെ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ ഒക്കെയും ആര്‍ എസ് എസ് നടപ്പാക്കിയ അഖിലേന്ത്യാ പദ്ധതിയുടെ ഫലമാണ്. പാര്‍ട്ടി ഇതുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഇതില്‍ മറ്റ് എതിരഭിപ്രായങ്ങള്‍ വരില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.