പത്ത് നര്‍ത്തകിമാര്‍ വേദിയില്‍ കുഴഞ്ഞുവീണു

Posted on: January 25, 2014 7:32 am | Last updated: January 25, 2014 at 7:32 am

പാലക്കാട്: ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഘനൃത്ത മത്സരത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ഥികള്‍ മത്സര ശേഷം വേദിയില്‍ കുഴഞ്ഞു വീണു. ഒന്നാം വേദിയായ ഇന്ദിരാ ഗാന്ധി ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. ചില ടീമിലെ മൂന്നും നാലും പേര്‍ കര്‍ട്ടന്‍ വീണ ഉടനെ ബോധരഹിതരായി നിലം പതിച്ചു.—
മലപ്പുറം മേലാറ്റൂര്‍ ആര്‍ എം എച്ച് എസ്എസിലെ ശ്രീരഞ്ജിനിയാണ് ആദ്യം വീണത്. മത്സരം കഴിഞ്ഞയുടനെ ശ്രീരഞ്ജിനി ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സാ സെന്ററിലെത്തിച്ചു. പിന്നീട് പങ്കെടുത്ത പത്തോളം മത്സരാര്‍ഥികളാണ് ബോധരഹിതരായത്. ഇവര്‍ക്കു പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ചിലരെ പ്രധാന വേദിക്കരികില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ക്ലിനിക്കിലെത്തിച്ചു.—ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം രണ്ടു മണിക്കൂറോളം വൈകിയിരുന്നു. പത്ത് മിനിറ്റാണ് സംഘനൃത്തത്തിന്റെ ദൈര്‍ഘ്യം. തുടര്‍ച്ചയായി ദേഹാധ്വാനം ചെയ്യുന്നതിലുള്ള അസ്വസ്ഥതയാണ് മത്സരാര്‍ഥികള്‍ക്കുണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.