ഫോര്‍ഹാന്‍ഡ് മികവില്‍ നദാല്‍ ഫൈനലില്‍

Posted on: January 25, 2014 2:16 am | Last updated: January 25, 2014 at 2:16 am

nadal

മെല്‍ബണ്‍: പതിനേഴ് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായി റെക്കോര്‍ഡിട്ട സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഇതിഹാസതാരം റോജര്‍ ഫെഡറെ അനായാസം തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍. 7-6(7/4), 6-3, 6-3 നായിരുന്നു മെല്‍ബണ്‍ പാര്‍ക്കില്‍ സ്പാനിഷ് താരത്തിന്റെ പത്തരമാറ്റുള്ള ജയം. പതിനാലാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ട് നാളെ നദാല്‍ നേരിടേണ്ടത് ഫെഡററുടെ നാട്ടുകാരനും സുഹൃത്തുമായ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ. ആദ്യമായി ഗ്രാന്‍സ്ലാം ഫൈനലിന് യോഗ്യത നേടിയ വാവ്‌റിങ്കയില്‍ നിന്ന് നദാല്‍ തികഞ്ഞ പോരാട്ടം പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ ലിനയും സ്ലൊവാക്യയുടെ സിബുല്‍കോവയും ഏറ്റുമുട്ടും.
പോയവര്‍ഷം നിറംമങ്ങിപ്പോയ ഫെഡറര്‍ പുതുവര്‍ഷം തിരിച്ചുവരവിന്റെതാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടന്റെ സൂപ്പര്‍ താരം ആന്‍ഡി മുറെയെ കീഴടക്കി ഫെഡറര്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പക്ഷേ, തനിക്കെന്നും വിലങ്ങുതടിയായി നിന്ന എതിരാളി, റാഫേല്‍ നദാലിന് മുന്നിലെത്തിയപ്പോള്‍ ഫെഡറര്‍ കളി മറക്കുന്ന കാഴ്ച. ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു ഇരുവരും. പക്ഷേ, ആത്മവിശ്വാസത്തിന്റെ തോത് ആരിലാണ് കൂടുതലെന്ന് ടൈബ്രേക്കറില്‍ വ്യക്തമായി.

rafa and roger
സമ്മര്‍ദത്തിനടിപ്പെടാതെ നദാല്‍ ടൈബ്രേക്കര്‍ 7-4ന് ജയിച്ച് ആദ്യ സെറ്റും മത്സരത്തിലുടനീളം വേണ്ട ഊര്‍ജവും സ്വന്തമാക്കി. 59 മിനുട്ട് നീണ്ടു നിന്നു ആദ്യ സെറ്റ് പോരാട്ടം. തുടക്കത്തില്‍ നദാലിനെക്കാള്‍ ഫിറ്റ്‌നെസ് തോന്നിപ്പിച്ചത് ഫെഡററിലായിരുന്നു.
രണ്ടാം സെറ്റ് മുതല്‍ നദാല്‍ അത്‌ലറ്റിക് പ്രകടനം പുറത്തെടുത്തതോടെ സ്വിസ് താരത്തിന് തൊട്ടതെല്ലാം പിഴച്ചു. സ്പാനിഷ് താരത്തിന്റെ ശരീരഭാഷ തന്നെ പാടെ മാറിയത് കണ്ട് പകച്ചു പോയതു പോലെയായിരുന്നു ഫെഡറര്‍. ആത്മവിശ്വാസത്തോടെ എതിര്‍കോര്‍ട്ടിലേക്കും ഗ്യാലറിയിലേക്കും നോക്കുന്ന ഫെഡററെ കണ്ടില്ല. തോല്‍വി മുന്നില്‍ കണ്ടതിന്റെ നിരാശയുള്ളതുപോലെ. നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് പോയിന്റെടുക്കാനുള്ള തന്ത്രമോ ശ്രമമോ ഫെഡററില്‍ കണ്ടില്ല. അവസാന സെറ്റില്‍ 2-1ന് മുന്നിലെത്തിയത് മാത്രമായിരുന്നു ഫെഡററുടെ ബ്രേക്ക് പോയിന്റ്. ഇതു പക്ഷേ, നദാല്‍ സ്വയം വരുത്തിയ പിഴവിനാല്‍ ദാനം ചെയ്തതും. ഫെഡററുടെ അടുത്ത സെര്‍വ് ബ്രേക്ക് ചെയ്ത് നദാല്‍ മറുപടി കൊടുക്കുകയും ചെയ്തു. നെറ്റിന് തൊട്ട് മുന്നില്‍ വെച്ച് ഉറച്ച പോയിന്റുകള്‍ പോലും പ്ലെയ്‌സ് ചെയ്‌തെടുക്കാന്‍ ഫെഡറര്‍ക്ക് സാധിച്ചില്ലെന്നത് ക്ലാസിക് പോരാട്ടം കാണാനെത്തിയവര്‍ക്ക് നിരാശ സമ്മാനിച്ചു.
അമേരിക്കയുടെ ഇതിഹാസ താരം പീറ്റ് സാംപ്രാസുള്‍പ്പടെയുള്ളവര്‍ അവിശ്വസനീയതോടെയാണ് ഫെഡററുടെ പിഴവുകള്‍ കണ്ടിരുന്നത്. നദാല്‍ ഒരറ്റത്ത് തെറിച്ച് നില്‍ക്കുമ്പോള്‍ കോര്‍ട്ടിലെ വിശാലമായ ഇടം ഉപയോഗിക്കാതെ ഫെഡററുടെ ഫോര്‍ഹാന്‍ഡ് വോളി പുറത്തേക്ക് പറന്നതായിരുന്നു മത്സരത്തിലെ മോശം കാഴ്ച. ജോ വില്‍ഫ്രഡ് സോംഗ, ആന്‍ഡി മുറെ എന്നിവരെ കീഴടക്കി സെമിയിലെത്തിയ ഫെഡറര്‍ക്ക് പിഴച്ചത് നദാലിന്റെ അത്‌ലറ്റിസത്തിന് മുന്നിലാണ്.
റോജര്‍ ഫെഡററും നദാലും തമ്മിലുള്ള മുപ്പത്തിമൂന്നാം പോരാട്ടമായിരുന്നു ഇത്. ഇരുപത്തിമൂന്നിലും ജയിച്ച് നദാല്‍ ആധിപത്യം തുടര്‍ന്നു. 2007 വിംബിള്‍ഡണ്‍ ഫൈനലില്‍ തോല്‍പ്പിച്ചതിന് ശേഷം ഫെഡറര്‍ക്ക് നദാലിന് മേല്‍ ഗ്രാന്‍സ്ലാം ജയം സാധ്യമായിട്ടില്ല.
തനിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ റാഫ ജയിച്ചു. മൂന്നാം സെറ്റില്‍ ഞാന്‍ ഏറെ ക്ഷീണിതനായിരുന്നു. ടൂര്‍ണമെന്റിലെ മൊത്തം പ്രകടനത്തില്‍ സന്തുഷ്ടനാണ്. റാഫയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം തന്നെയാണിത്. അദ്ദേഹം നന്നായി കളിച്ചു- ഫെഡറര്‍ പറഞ്ഞു.
ടൂര്‍ണമെന്റിലെ മികച്ച ഫോം ഫെഡറര്‍ക്കെതിരെ പുറത്തെടുക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദമാണ് നദാലിന്. കൈവെള്ളയില്‍ പരുക്കേറ്റതിന്റെ നോവുമായാണ് കളിച്ചത്. ഇത് മത്സരത്തെ ബാധിച്ചില്ല. ഫെഡററെ പോലൊരു ചാമ്പ്യനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു-നദാല്‍ പറഞ്ഞു.