വിദ്യാഭ്യാസ മേഖലക്ക് 879 കോടി; കുറുവിലങ്ങാട്ട് സയന്‍സിറ്റി

    Posted on: January 25, 2014 1:06 am | Last updated: January 25, 2014 at 1:06 am

    educationതിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലക്ക് മികച്ച പരിഗണന നല്‍കിയ ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 879 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരമുയര്‍ത്തുന്നത് ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവഷ്‌കരിച്ച രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍ (റൂസ) പദ്ധതിയില്‍ കേന്ദ്രത്തില്‍ ലഭിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് വേണ്ടി പ്രോജക്ട് ഡയറക്ടറേറ്റ് രൂപവത്കരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കോട്ടയം കുറുവിലങ്ങാട്ട് സയന്‍സ് സിറ്റി സ്ഥാപിക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. കല, കായികം, തൊഴില്‍- വിദ്യാഭ്യാസം എന്നിവക്ക് ഊന്നല്‍ നല്‍കി സെക്കന്‍ഡറി തലത്തില്‍ കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന ആശ്വാസ് പദ്ധതിക്ക് അഞ്ച് കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.