വയനാട് മെഡിക്കല്‍കോളജിനും റെയില്‍പാതക്കും അഞ്ച് കോടി വീതം

Posted on: January 25, 2014 8:04 am | Last updated: January 24, 2014 at 10:05 pm

കല്‍പ്പറ്റ: ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വയനാടിന് സമ്മിശ്ര പ്രതികരണം.
വയനാടിന്റെ സമഗ്രവികസനത്തിന് മുതല്‍ക്കൂട്ടാവുന്ന വിധത്തില്‍ നിരവധി പദ്ധതികള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്. വയനാടിന്റെ സ്വപ്‌നപദ്ധതിയായ മെഡിക്കല്‍കോളജിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. നൂറ്റാണ്ടുകളായുള്ള വയനാടിന്റെ സ്വപ്‌നമായ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതക്കായി അഞ്ച് കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. റെയില്‍വേയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും പങ്കാളിത്തത്തോട് കൂടി റെയില്‍പാത എത്രയും വേഗം പ്രാവര്‍ത്തികമാക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനായാണ് ഫണ്ട് വകയിരുത്തുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വിപുലീകരണത്തിനായും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. വയനാട് കൂടാതെ കോവളം, കുമരകം, തേക്കടി, ഫോര്‍ട്ട്‌കൊച്ചി, മൂന്നാര്‍, വാഗമണ്‍ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനും കൂടി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിദ്യാഭ്യാസരംഗത്തെ ഉന്നമനത്തിനായി മാനന്തവാടി ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പോളി ടെക്‌നിക്കായി ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കാര്‍ഷികഗവേഷണകേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി മൂന്നര കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അമ്പലവയലിലെ കാര്‍ഷികഗവേഷണകേന്ദ്രവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയനാടിന്റെ വികസനസ്വപ്‌നങ്ങളിലെല്ലാം സ്പര്‍ശിക്കുന്ന വിധത്തില്‍ ജനപ്രിയമായ രീതിയില്‍ തന്നെയാണ് കെ എം മാണി ബജറ്റ് അവതരിപ്പിച്ചത്.
സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച പദ്ധതികളില്‍ ഭൂരിഭാഗവും വയനാടന്‍ ജനതക്ക് കൂടി ഉപയോഗപ്രദമാവുന്ന വിധത്തിലാണ്. കാര്‍ഷികമേഖലയിലെ വികസനപദ്ധതികള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ അത് വ്യക്തമാവും. ആദിവാസിവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്ടില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി 2014-15 സാമ്പത്തിക വര്‍ഷം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 460.78 കോടി രൂപയും പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് 1034.42 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. താമസയോഗ്യമായ ഭവനങ്ങള്‍ ഇല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് പുതിയ ഭവനം പണിയുന്നതിനാവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ സാമ്പത്തിക വര്‍ഷത്തിð ഇത്തരം 1000 കുടുംബങ്ങള്‍ക്ക് പുതിയ ഭവനം പണിയാന്‍ ധനസഹായമായി 2.50 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കും. അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാനില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗജനതയുടെ സാംസ്‌കാരിക തനിമ നിലനിര്‍ത്തിക്കൊണ്ട് അവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി ‘സംയോജിത സുസ്ഥിരവികസന പദ്ധതി’ നടപ്പിലാക്കുന്നതിന് 150 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കും. പട്ടികജാതി വിഭാഗക്കാര്‍ക്ക് 50000 രൂപവരെയുള്ള വായ്പകള്‍ക്ക് കടാശ്വാസം നല്‍കി വരുന്നുണ്ട്. ഈ ആനുകൂല്യം പട്ടികവര്‍ഗക്കാര്‍ക്ക് കൂടി ബാധകമാക്കും. തൊഴില്‍/ വിദ്യാഭ്യാസം/പരിശീലനം എന്നിവയ്ക്കായി സ്വന്തം ഭവനം വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് പോകേണ്ടി വരുന്ന പട്ടികവര്‍ഗ വനിതകള്‍ക്ക് അവരുടെ കുട്ടികളോടുകൂടി ഒരുമിച്ചു താമസിക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധോദ്ദേശ ഹോസ്റ്റലുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.വയനാട് പോലുള്ള വനങ്ങള്‍ നിറഞ്ഞ ജില്ല നേരിടുന്ന മറ്റൊരു പ്രധാനപ്രശ്‌നമാണ് വന്യമൃഗശല്യം.വനത്തിനു സമീപത്ത് ജീവിക്കുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന വന്യമൃഗശല്യം ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു. വനാതിര്‍ത്തികളില്‍ കരിങ്കല്‍ ഭിത്തികളും മറ്റു സ്ഥലങ്ങളില്‍ വൈദ്യുതി കമ്പിവേലികളും സ്ഥാപിച്ചുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വനം വകുപ്പിന്റെയും പഞ്ചായത്തുതല കര്‍മ്മ സമിതികളുടെയും സംയുക്താഭിമുഖ്യത്തിലുംസഹകരണത്തിലും ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കെ എം മാണി പറഞ്ഞു.
അതെ സമയം യു ഡി എഫ് സര്‍ക്കാറിന്റെ നാലാം ബജറ്റിലും വയനാടിന് കടുത്ത അവഗണനയാണെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ വിലയിരുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യു ഡി എഫ് വാഗ്ദാനമായിരുന്ന വയനാട് പാക്കേജിനെ കുറിച്ച് പുതിയ ബജറ്റിലും മൗനം ദീക്ഷിച്ചു. 2011ലെ തിരുത്തല്‍ ബജറ്റിലും തുടര്‍ന്നുണ്ടായ രണ്ട് ബജറ്റുകളിലും ഉള്‍പ്പെടുത്തിയ പദ്ധതികളെ കുറിച്ചും മൗനം അവലംബിച്ചത് ബോധപൂര്‍വമാണ്. രണ്ട് ബജറ്റുകളില്‍ ഉള്‍പ്പെടുത്തിയ ചുരം ബദല്‍ റോഡിനെ കുറിച്ച് ഇത്തവണ ഒന്നും പറയുകയോ ഇതിനായി തുക വകയിരുത്തുകയോ ചെയ്തിട്ടില്ല. രണ്ടാം ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനായി പുതിയ ബജറ്റില്‍ അഞ്ച് കോടി രൂപ ഉള്‍പ്പെടുത്തിയത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്കാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സൗജന്യമായി ലഭിച്ച ഭൂമി ഏറ്റെടുക്കാന്‍ പോലും യു ഡി എഫ് സര്‍ക്കാറിനായിട്ടില്ല. കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി കര്‍മപദ്ധതികളൊന്നും ബജറ്റിലില്ലെന്നത് വയനാടിനെ പ്രതികൂലമായി ബാധിക്കും. നാണ്യ വിളകള്‍ക്ക് വേണ്ടി പ്രത്യേകമായൊരു പദ്ധതിയും ബജറ്റില്‍ ഇല്ല. വയനാടന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ കാപ്പിയും കുരുമുളകും അടക്കമുള്ള നാണ്യ വിളകള്‍ക്ക് ബജറ്റുകൊണ്ട് ഒരു പ്രതീക്ഷക്കും വകയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇനിയും യാതൊരു നടപടിയും സ്വീകരിക്കാത്ത നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍ ലൈനിന് വേണ്ടി അഞ്ച് കോടി രൂപ ഉള്‍പ്പെടുത്തിയെന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതിന്റെ പേരില്‍ വോട്ട് നേടാനും മാത്രമാണ്. റെയില്‍ ലൈന്‍ വയനാടിന് ആവശ്യമാണെങ്കിലും കേന്ദ്ര സര്‍ക്കാറിന് അപേക്ഷ കൊടുത്തുവെന്നതിന്റെ പേരില്‍ സംസ്ഥാനം ബജറ്റില്‍ തുക വക കൊള്ളിക്കുന്ന പതിവില്ല. എന്നാല്‍ ഈ പതിവ് തെറ്റിച്ച് അഞ്ച് കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ജനത്തിന്റെ കണ്ണില്‍ പൊടിയിടലാണ്. ജില്ലയിലെ ഏറ്റവും മുഖ്യ വിഷയങ്ങളിലൊന്ന് ആദിവാസി ഭൂമി പ്രശ്‌നം തന്നെയാണ്. ഇക്കാര്യത്തിലും ബജറ്റ് മൗനം പാലിക്കുന്നുവെന്നത് യു ഡി എഫ് സര്‍ക്കാര്‍ വയനാടിനോടും ആദിവാസി ജനവിഭാഗത്തോടും ചെയ്യുന്ന കടുത്ത വഞ്ചനയാണ്. എല്ലാ മേഖലയിലും ഈ മലയോര ജില്ലയെ അവഗണിക്കുന്ന ബജറ്റിന് എതിരെ ബഹുജനരോഷം ഉയരണമെന്നും സി പി ഐ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.