കൈനാട്ടിയില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചത് കര്‍ണാടക സ്വദേശി: വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്‌

Posted on: January 25, 2014 8:02 am | Last updated: January 24, 2014 at 10:03 pm

കല്‍പ്പറ്റ കൈനാട്ടിക്കടുത്ത് കെട്ടിട നിര്‍മ്മാണപ്രവര്‍ത്തിക്കിടെ ദുരന്തം. എസ്.ബി.ഐ ഓഫിസിന് സമീപത്തെ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഫില്ലര്‍ കുഴികളെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മുകളില്‍ നിന്നും മണ്ണ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുടുംബാംഗങ്ങളായ എട്ടു പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. മണ്ണ് വരുന്നത് കണ്ട് മൂന്നു പേരൊഴികെ മറ്റുള്ളവര്‍ തലനാരിഴക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പെട്ടത്. യഥാസമയം തന്നെ സമീപവാസികളുടെ ഇടപെടലിനെ തുടര്‍ന്നാണ് രണ്ടു പേരെ രക്ഷിക്കാനായത്. ഇതിലൊരാള്‍ക്ക് കാലിന് ഗുരുതരപരിക്കേറ്റു. മരിച്ച ബസവനെ അവസാനമാണ് പുറത്തെടുത്തത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കല്‍പ്പറ്റ ഡൂഡലായിക്കുന്നിലാണ് ബസവ താമസിച്ചിരുന്നത്.
ബന്ധപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥയാണ് കൈനാട്ടിക്കടുത്ത് മണ്ണിടിഞ്ഞ് വീണ് ഒരാളുടെ ജീവന്‍ നഷ്ടമാകാനിടയാക്കിയതെന്ന് പ്രദേശം കാണുന്ന ആര്‍ക്കും ബോധ്യപ്പെടും. നേരത്തെ കുഴിച്ചെടുത്ത ഭീമന്‍ മണ്‍കൂനക്ക് താഴെയാണ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. ദുരന്ത സാധ്യത പകല്‍ പോലെ വ്യക്തമാണെങ്കിലും വേണ്ട മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കരാറുകാരനോ മറ്റോ തയ്യാറായില്ല. യഥാസമയം നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും സേവനം ലഭ്യമായില്ലെങ്കില്‍ വന്‍ ദുരന്തത്തിന് തന്നെ കല്‍പ്പറ്റ നഗരം സാക്ഷിയായേനെ. ഏറെ തിരക്കുള്ള റോഡിനോട് ചേര്‍ന്ന് ഭീമന്‍ കുഴിയെടുത്തതും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിക്ക് വേണ്ടിയാണ് കല്‍പ്പറ്റ കൈനാട്ടി സ്വദേശി കരാറുകാരനായി കെട്ടിടം നിര്‍മ്മിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ വന്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നതിനെതിരെ നേരത്തെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തിയതിന് ശേഷം മാത്രമെ ജോലി ചെയ്യിക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടത്തിന് മീറ്ററുകള്‍ക്കപ്പുറത്തായിട്ട് കൂടി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി നിര്‍മ്മാണപ്രവൃത്തികള്‍ പുരോഗമിക്കുകയായിരുന്നു. കല്‍പ്പറ്റയില്‍ മുന്‍പും നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ അന്യസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ കരാറുകാര്‍ക്കെതിരെ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. കൈനാട്ടില്‍ അന്യ സംസ്ഥാന തൊഴിലാളി മരണപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരി്ച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭമാരംഭിക്കാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്