ഇ എം എസ് ഭവനപദ്ധതി ആനുകൂല്യം മുടങ്ങിയത് സി പി എമ്മിന്റെ രാഷ്ട്രീയ വിരോധം മൂലം: പി പി ആലി

Posted on: January 25, 2014 8:59 am | Last updated: January 24, 2014 at 10:00 pm

കല്‍പ്പറ്റ: ഇ എം എസ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം മുടങ്ങാന്‍ കാരണം കഴിഞ്ഞ ഭരണസമിതിയുടെ പിടിപ്പുകേടും സി പി എം നേതൃത്വത്തിന്റെ അന്ധമായ രാഷ്ട്രീയ വിരോധവും മൂലമാണെന്ന് നഗരസഭാ ചെയര്‍മാന്‍ പി പി ആലി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കല്‍പ്പറ്റ സര്‍വ്വീസ് സഹകരണബാങ്ക് പാസാക്കിയ 7,14,21000 കോടി രൂപ നഗരസഭ അന്ന് സ്വീകരിക്കാതിരിക്കുകയും 1,95,1000 രൂപ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. നഗരസഭയില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ എല്‍ ഡി എഫ് ഭരിക്കുന്ന കല്‍പ്പറ്റ സര്‍വ്വീസ് സഹകരണബാങ്ക് ബാക്കി തുക നഗരസഭക്ക് നല്‍കാതിരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് കൊണ്ടാണ് ഈ പാവപ്പെട്ട ബി പി എല്‍ ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാതിരുന്നത്. നഗരസഭയുടെ തനന് ഫണ്ടില്‍ നിന്നോ പ്ലാന്‍ഫണ്ടില്‍ നിന്നോ തുക വിനിയോഗിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. വലിയ നികുതി ശ്രോതസ്സുകള്‍ ഇല്ലാത്ത നഗരസഭക്ക് ദൈനംദിന ചിലവുകള്‍ക്ക് ആവശ്യമായ തനത് ഫണ്ടാണുള്ളത്. വികസനഫണ്ടില്‍ നിന്ന് ഇ എം എസ് പദ്ധതിക്ക് മേല്‍പറഞ്ഞ വലിയ തുക വിനിയോഗിച്ചാല്‍ നഗരസഭയുടെ മുഴുവന്‍ വികസനപദ്ധതികളും അവതാളത്തിലാകും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ നഗരസഭാ ബജറ്റില്‍ 10 കോടി രൂപ സര്‍ക്കാരിന്റെ അനുമതിയോട് കൂടി ലോണ്‍ പ്രതീക്ഷിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജില്ലാ സഹകരണബാങ്കില്‍ നിന്നും ലോണ്‍ എടുക്കുവാന്‍ വേണ്ടി അനുമതി കിട്ടുകയും, ആയത് 22ന് ചേര്‍ന്ന കൗണ്‍സില്‍ അജണ്ടയില്‍ വെച്ച് കൗണ്‍സില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. ഇ എം എസ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം വിതരണം ചെയ്യാന്‍ കഴിയുമെന്നായപ്പോള്‍ സി പി എം തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണ്. ഇതിന് പുറമെ കല്‍പ്പറ്റയിലെ 200 എസ് ടി കുടുംബങ്ങള്‍ക്ക് ഒരു വീടിന് രണ്ടരലക്ഷം രൂപ വീതം പട്ടികവര്‍ഗ്ഗ വികസനവകുപ്പില്‍ നിന്ന് ലഭിക്കുവാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കരട് മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ ജനുവരി മൂന്ന് വരെ സമയം ഉറപ്പുകൊടുത്തിട്ടും, പരാതി സ്വീകരിക്കുന്ന സമയങ്ങളിലും സി പി എം സമരം ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കരട് പുനപരിശോധിക്കുവാനും തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ കെ വത്സല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ പി ഹമീദ്, അഡ്വ. ടി ജെ ഐസക്, കൗണ്‍സിലര്‍ കെ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.