സമ്പദ്‌രംഗം പരിപോഷിപ്പിക്കാന്‍ ഇന്ത്യന്‍ ബിസിനസുകാര്‍ തയ്യാറാവണം: ടി പി സീതാറാം

Posted on: January 24, 2014 8:51 pm | Last updated: January 24, 2014 at 9:05 pm

ദുബൈ: ലോകത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും രാജ്യത്തെ പുഷ്ടിപ്പെടുത്താന്‍ ബിസിനസ് സമൂഹം തയ്യാറാവണമെന്നും യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മൂലധനമല്ല പ്രശ്‌നം, മികച്ച അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും അഭാവമാണ്.
യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സമൂഹം മനസുവെച്ചാല്‍ ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ സാധിക്കും. ഇന്ത്യയെ പടുത്തുയര്‍ത്താന്‍ നിങ്ങളുടെ സഹായം കൂടിയേ തീരൂ. ഇതിനായി രാജ്യത്തെ ഏറ്റവും മികച്ച പദ്ധതികളില്‍ ബിസിനസ് സമൂഹം നിക്ഷേപം ഇറക്കാനും തയ്യാറാവണം. ഇതിനുള്ള പദ്ധതികളും നിര്‍ദേശങ്ങളുമായി വരുന്നവര്‍ക്ക് എല്ലാ വിധ സഹായവും നല്‍കും. ഡല്‍ഹിക്കും മുംബൈക്കും ഇടയില്‍ ഏഴു നഗരങ്ങളാണ് പുതുതായി പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ജപ്പാനും കൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരം പദ്ധതികളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. 2027 ആവുമ്പോഴേക്കും ഒരു ലക്ഷം മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യ സൗരോര്‍ജ്ജത്തില്‍ നിന്നു ലക്ഷ്യമിടുന്നത്. ഇത്തരം പദ്ധതികളില്‍ നിക്ഷേപമിറക്കി രാജ്യത്തെ സഹായിക്കാന്‍ ഇന്ത്യക്കാരായ ബിസിനസ് സമൂഹം മുന്നോട്ടു വരണമെന്നും സീതാറാം അഭ്യര്‍ഥിച്ചു. ദുബൈ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, ഐ ബി പി സി പ്രസിഡന്റ് പരസ് ഷഹദാപുരി തുടങ്ങിയവര്‍ സംസാരിച്ചു.