റാസല്‍ ഖൈമയില്‍ രണ്ട് കടകള്‍ പൂട്ടിച്ചു

Posted on: January 24, 2014 8:55 pm | Last updated: January 24, 2014 at 8:55 pm

റാസല്‍ ഖൈമ: നഗരസഭയിലെ ആരോഗ്യ വിഭാഗം നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പൊതു ജനാരോഗ്യത്തിന് ഹാനികരമായ സാഹചര്യങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്ന് പൂര്‍ണമായി ഇല്ലായ്മ ചെയ്ത് പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.
പരിശോധനക്കിടെ ചില സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത ഉല്‍പന്നമായ 65 കിലോ നിസ്‌വാര്‍ പിടികൂടി. പൊതു ജനാരോഗ്യത്തിന് ഹാനികരമായതും രാജ്യത്ത് നിരോധിക്കപ്പെട്ടതുമായ ചില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയതിനാല്‍ നഗരത്തിലെ രണ്ട് സ്ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടിച്ചു. നഗരസഭ ചെയര്‍മാന്‍ മുബാറക് അലി അല്‍ ഷാംസി അറിയിച്ചതാണിത്.
നഗരത്തിലെ രണ്ടു ഗ്രോസറികളില്‍ നിന്നാണ് 50ഉം 15ഉം കിലോ നിസ്‌വാര്‍ പിടിച്ചെടുത്തത്. എമിറൈറ്റിനു പുറത്തുള്ള ഒരാളില്‍ നിന്നാണ് നിസ്‌വാര്‍ കിട്ടിയതെന്ന് ഗ്രോസറി ഉടമകള്‍ അധികൃതരോട് പറഞ്ഞു. വന്‍ തുക പിഴയുള്‍പ്പെടെയുള്ള നടപടികളാണ് നഗരസഭ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കൈകൊള്ളുന്നത്.