ഫുജൈറ പോലീസ് 121 വാഹനങ്ങള്‍ പിടികൂടി

Posted on: January 24, 2014 8:41 pm | Last updated: January 24, 2014 at 8:41 pm

ഫുജൈറ: 121 കാറുകള്‍ പിടിച്ചെടുത്തതായി ഫുജൈറ പോലീസ് വ്യക്തമാക്കി. സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമാദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് കഴിഞ്ഞ ആഴ്ച യുവാക്കളില്‍ നിന്ന് വാഹനങ്ങള്‍ പിടികൂടിയത്. കടിഞ്ഞാണില്ലാതെ വാഹനം ഓടിച്ചാല്‍ പിഴ ചുമത്തുമെന്ന് ശൈഖ് ഹമാദ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശൈഖ് ഹമാദിന്റെ നിര്‍ദ്ദേശപ്രകാരമാണ്, അപകടമുണ്ടാക്കുന്ന രീതിയില്‍ കടിഞ്ഞാണില്ലാതെ വാഹനം ഓടിച്ചവരില്‍ നിന്ന് വാഹനം പിടിച്ചെടുത്തതെന്ന് ഫൂജൈറ പോലീസ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഗാനെം അല്‍ കഅബി വ്യക്തമാക്കി.
താമസ മേഖലയില്‍ യുവാക്കാള്‍ കൂട്ടംകൂടുന്നത് തടയാന്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പറത്തി യുവാക്കള്‍ നടത്തുന്ന കാര്‍ ഓട്ട മത്സരവും മറ്റും പൊതുജനത്തിന്റെ ശാന്തമായ ജീവിതത്തിന് ഭീഷണിയായി മറുന്ന സാഹചര്യത്തിലാണ് നടപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. കാറുകളുമായി ജീവന്‍ അപകടത്തിലാവുന്ന രീതിയിലുളള അഭ്യാസ പ്രകടനങ്ങളാണ് യൂവാക്കള്‍ കാണിക്കുന്നത്. ചെറിയ സമയത്തേക്കാണെങ്കിലും ഇത്തരം പെരുമാറ്റം ആശാസ്യമല്ല. മറ്റുള്ളവരുടെ ജീവനും ആരോഗ്യത്തിനും സുരക്ഷക്കും ഹാനികരമാവുന്ന യാതൊരു പ്രവര്‍ത്തിയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം നിമയമവിരുദ്ധ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.