അഴകിരിയെ ഡി എം കെയില്‍ നിന്ന് പുറത്താക്കി

Posted on: January 24, 2014 2:18 pm | Last updated: January 26, 2014 at 2:47 pm

azhakiriചെന്നൈ: ഡി എം കെ തലവന്‍ കരുണാനിധിയുടെ മൂത്ത മകന്‍ അഴകിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് പുറത്താക്കലെന്നാണ് പാര്‍ട്ടി വിശദീകരണം. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും അഴകിരിയെ നീക്കിയതായി കരുണാനിധി അറിയിച്ചു.

വിജയകാന്തിന്റെ എം ഡി എം കെയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ഡി എം കെ തീരുമാനത്തിനെതിരെ അഴകിരി പരസ്യമായി പ്രതികരിച്ചതാണ് പുറത്താക്കലിന് കാരണം. ഇന്ന് രാവിലെ അഴകിരി കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കരുണാനിധിയുടെ പിന്‍ഗാമിയെ സംബന്ധിച്ച് ഏറെ നാളായി ഡി എം കെയില്‍ തര്‍ക്കം നടക്കുകയാണ്. കരുണാനിധിയുടെ മറ്റൊരു മകനായ എം കെ സ്റ്റാലിനെയാണ് പാര്‍ട്ടി നേതാവായി കരുണാനിധി കാണിന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അഴകിരി തയ്യാറായിരുന്നില്ല.