ഷൊര്‍ണൂര്‍ ഗവ. ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

Posted on: January 24, 2014 8:03 am | Last updated: January 24, 2014 at 8:03 am

ഷൊറണൂര്‍: ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ ഷൊറണൂര്‍ ഗവ ആശുപത്രിയുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടില്‍.—ഷൊറണൂര്‍ നഗരസഭാപരിധിയിലും സമീപപ്രദേശത്തും കിടത്തിച്ചികിത്സയുള്ള ഏക സര്‍ക്കാര്‍ആശുപത്രിയാണിത്.—
ദിവസം 300ഓളംപേര്‍ ചികിത്സക്കെത്തുന്ന ഇവിടെ അസി സര്‍ജന്‍ തസ്തികയിലുള്ള രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെ 13 ജീവനക്കാര്‍ മാത്രമാണുള്ളത്. 16 തസ്തികകള്‍മാത്രമേ ആശുപത്രിക്ക് അനുവദിച്ചിട്ടുള്ളൂ. ഇതാകട്ടെ 1979ല്‍ അനുവദിച്ചതാണ്. അന്ന് അനുവദിച്ച 32 കിടക്കകളുമായി ഇന്നും 24 മണിക്കൂറും ആശുപത്രി പ്രവര്‍ത്തിക്കുന്നു. 2008ല്‍ ആശുപത്രിയെ സാമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയെങ്കിലും പ്രഖ്യാപനം കടലാസിലൊതുങ്ങി.—
ഷൊറണൂരിലും സമീപപ്രദേശങ്ങളിലുമായുള്ള നാല് പോലീസ് സ്‌റ്റേഷനുകളില്‍നിന്നും ഷൊറണൂര്‍ റെയില്‍വേജങ്ഷനില്‍നിന്നുമുള്ള മെഡിക്കോ ലീഗല്‍ കേസുകള്‍ ഗവ. ആശുപത്രിയില്‍ എത്തുന്നുണ്ട്. പക്ഷേ, ഒരു സ്‌പെഷലിസ്റ്റ് ഡോക്ടര്‍പോലും ഇവിടെയില്ല. നിലവിലുള്ള രണ്ട് ഡോക്ടര്‍മാരാണ് മാറിമാറി സേവനത്തിനെത്തുന്നത്. ഒരാള്‍ അവധിയെടുത്താല്‍ മറ്റേ ഡോക്ടര്‍ തുടര്‍ച്ചയായി ജോയിയെടുക്കേണ്ട സ്ഥിതിയാണ്.—
ഡോക്ടര്‍മാരെക്കൂടാതെ 1 ഹെഡ് നഴ്‌സ്, 4 സ്റ്റാഫ് നഴ്‌സ്, 1 ഫാര്‍മസിസ്റ്റ്, 1 നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍, 3 നഴ്‌സിങ് അസിസ്റ്റന്റ്, 1 അറ്റന്‍ഡര്‍ എന്നീ ജീവനക്കാരാണ് നിലവിലുള്ളത്. മാസം ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ ശരാശരി 7,300 ഓളംപേരും ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ ശരാശരി 1,800 ഓളംപേരും ചികിത്സതേടുന്ന ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് വെറും 13 ജീവനക്കാരുടെ സേവനം മതിയായില്ല. വിദഗ്ധചികിത്സവേണ്ടവര്‍ 16 കിലോമീറ്റര്‍ അകലെയുള്ള ഒറ്റപ്പാലം താലൂക്കാശുപത്രിയെയോ 55 കിലോമീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.—കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് ആവശ്യമായ ഓഫീസോ ഓഫീസ്ജീവനക്കാര്‍ക്കുള്ള തസ്തികകളോ ഇല്ല. ഡെപ്യൂട്ടേഷനിലുള്ള ഒരു കല്‍ക്ക് മാത്രമാണുള്ളത്. രോഗപ്രതിരോധ പ്രവര്‍ത്തനത്തിനുള്ള ഫീല്‍ഡ് ജീവനക്കാരും ഷൊറണൂര്‍ ഗവ. ആശുപത്രിക്കുകീഴിലില്ല. പ്രദേശത്ത് 4 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ ഫീല്‍ഡ് പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ഇതിന്റെ ചുമതല ചളവറ സാമൂഹികാരോഗ്യകേന്ദ്രത്തിനാണ്.—