ഗൂഡല്ലൂരിലെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണണം: ഡി എം കെ

Posted on: January 24, 2014 7:08 am | Last updated: January 24, 2014 at 7:08 am

ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി എം കെയുടെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ ധര്‍ണയും പൊതുയോഗവും നടത്തി. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, ടി എന്‍ പി പി എഫ് ആക്ട് റദ്ദാക്കുക, മേട്ടുപാളയം-കക്കനഹള്ള ദേശീയ പാത നന്നാക്കുക, ഗൂഡല്ലൂരിലെ 110 കെ വി സബ് സ്റ്റേഷന്‍ പദ്ധതിയുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക, ടാന്‍ടി തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ഓവാലി പഞ്ചായത്തിലെ പ്രവേശനകവാടത്തില്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നത് തടയുന്ന വനംവകുപ്പ് നടപടി അവസാനിപ്പിക്കുക പച്ചതേയിലക്ക് കിലോ 18 രൂപ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഡി എം കെ ജില്ലാസെക്രട്ടറിയും കുന്നൂര്‍ എം എല്‍ എയുമായ കെ രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഡി എം കെ സംസ്ഥാന കമ്മിറ്റി അംഗം ബി എം മുബാറക് ഉദ്ഘാടനം ചെയ്തു. ഗൂഡല്ലൂര്‍ എം എല്‍ എ ദ്രാവിഡമണി, എ ലിയാക്കത്തലി, രാജേന്ദ്രന്‍, രാജ, പാണ്ഡ്യരാജ്, കാശിലിംഗം, മുസ്തഫ, സിദ്ധീഖലി, നാസറലി, രവികുമാര്‍, ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.