കടുവയെ കൊന്നത് ഊട്ടി മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി

Posted on: January 24, 2014 7:06 am | Last updated: January 24, 2014 at 7:06 am

ഗൂഡല്ലൂര്‍: മൂന്ന് പേരെ കൊലപ്പെടുത്തുകയും ഊട്ടി ദൊഡപേട്ട വനമേഖലയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചെയ്ത കടുവയെ തമിഴ്‌നാട് ദൗത്യസേന വെടിവെച്ചുകൊന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. കടുവയെ കൊന്നത് ജനങ്ങള്‍ വലിയ ആഘോഷമാക്കുകയും ചെയ്തു.
നൂറോളം ഗ്രാമങ്ങളെയാണ് കടുവ 20 ദിവസം മുള്‍മുനയില്‍ നിര്‍ത്തിയിരുന്നത്. സോളട, അട്ടപ്പെട്ട്, കുന്തച്ചപ്പ ഗ്രാമങ്ങളിലെ മൂന്ന് പേരെ കടുവ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. യഥാക്രമം കവിത (35) ചിന്നപ്പന്‍, (58) മുത്തുലക്ഷ്മി (33) എന്നിവരെയാണ് കൊലപ്പെടുത്തിയിരുന്നത്. രണ്ട് പശുക്കളെയും വകവരുത്തിയിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഊട്ടി ദൊഡപേട്ട വനമേഖലയിലെ കപ്പച്ചിഗ്രാമത്തില്‍വെച്ച് കടുവയെ വെടിവെച്ചുകൊന്നത്. വനത്തില്‍ മേയാന്‍വിട്ടിരുന്ന പശുവിനെ കടുവ കടിച്ചുകൊന്നിരുന്നു. 100 മീറ്റര്‍ അകലേക്ക് പശുവിനെ വലിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ വനംവകുപ്പ് ഓഫീസര്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കടുവയെ വെടിവെച്ചുകൊല്ലാനുള്ള അനുമതി തേടുകയായിരുന്നു. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതി ലഭിച്ചതോടെ ദൗത്യസേന ഗ്രാമം വളയുകയായിരുന്നു. ആദ്യം നാല് റൗണ്ട് വെടിവെച്ചെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മയക്ക് വെടിവെച്ച് പിടിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. ഇത് വിജയിക്കാത്തതിനാലാണ് നേര്‍ക്കുനേര്‍ വെടിവെച്ച് വീഴ്ത്തിയത്. കടുവയുടെ ജഡംതോളിലേറ്റി കൊണ്ടുവരുമ്പോള്‍ ഗ്രാമവാസികള്‍ക്ക് ആഹ്ലാദമായി. വെടിവെച്ച് കൊന്ന വിവരം അപ്പോള്‍ തന്നെ മുഖ്യമന്ത്രിയേയും കലക്ടറെയും അറിയിച്ചിരുന്നു.
ഊട്ടിമേഖലയെ വിറപ്പിച്ച് ജനങ്ങളുടെ ഉറക്കംകെടുത്തിയ കടുവയെ അവസാനം വെടിവെച്ച് കൊല്ലാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. വനപാലകരും ദൗത്യസേനയുമുള്‍പ്പെടെ 300 പേരാണ് കടുവയെ പിടികൂടാന്‍ ശ്രമിച്ചിരുന്നത്. ആറ് സ്ഥലങ്ങളിലാണ് കെണിയൊരുക്കിയിരുന്നത്. ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന നൂതന ക്യാമറ ഉള്‍പ്പെടെ 75 ക്യാമറകളും വനമേഖലയില്‍ സ്ഥാപിച്ചിരുന്നു. ഈ മേഖലയിലെ 47 സ്‌കൂളുകള്‍ കടുവാഭീതിയിലായിരുന്നു. 17 സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നീണ്ടഅവധി നല്‍കിയിരിക്കുകയായിരുന്നു. ഭയംകാരണം ജനങ്ങള്‍ ജോലിക്ക് പോലും പോകാതെ കഴിയുകയായിരുന്നു.