Connect with us

Wayanad

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് എതിരെ നടപടി വേണമെന്ന്‌

Published

|

Last Updated

കല്‍പ്പറ്റ: തിരുനെല്ലി, തൃശിലേരി, വള്ളിയൂര്‍ക്കാവ് ക്ഷേത്രങ്ങളിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളുയര്‍ന്നിട്ടും നടപടിയെടുക്കുന്നില്ലെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കില്‍ ക്ഷേത്രത്തില്‍ കയറുന്നത് തടയുമെന്നും ക്ഷേത്ര സംരക്ഷണ സമിതി. മൂന്ന് ക്ഷേത്രങ്ങളുടെ എക്‌സിക്യുട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന വ്യക്തിക്കെതിരെ മൂന്നുമാസം മുമ്പ് ദേവസ്വം ബോര്‍ഡിനും ബോര്‍ഡില്‍ ജില്ലയില്‍ നിന്നുള്ള മെമ്പര്‍മാര്‍ക്കും ദേവസ്വം മന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അഴിമതിക്കും ക്രമക്കേടിനും പുറമെ ക്ഷേത്രാചരങ്ങളുടെ ലംഘനവും നടക്കുന്നതായി പരാതിയുണ്ട്. ശമ്പളത്തോടൊപ്പം വീട്ടുവാടക അലവന്‍സ് കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ ഭക്തര്‍ക്ക് വാടകയ്ക്ക് നല്‍കേണ്ട മുറി സ്വകാര്യസ്വത്തായി ഉപയോഗിക്കുകയാണ്. വാടക നല്‍കാതെ രണ്ടരകൊല്ലമായി മുറി കൈവശം വയ്ക്കുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടാകുന്നത്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് താമസിക്കാന്‍ സൗകര്യം ലഭിക്കാത്ത അവസ്ഥയും ഉണ്ട്. ക്ഷേത്ര ഭണ്ഡാരം തുറന്ന് പണമെടുക്കുന്നത് ദേവസ്വം കമ്മിഷണറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണമെന്ന വ്യവസ്ഥ അട്ടിമറിച്ച് മികച്ച വരുമാനമുള്ള മൂന്ന് ക്ഷേത്രങ്ങളിലെയും ഭണ്ഡാരം ഈ ഉദ്യോഗസ്ഥന്‍ തന്നെയാണ് തുറക്കുന്നത്.
ക്ഷേത്രങ്ങളിലേക്കും ഗസ്റ്റ് ഹൗസിലേക്കും സിസി ടിവി കാമറ, ബെഡ് ഷീറ്റ്, ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച് സമീപത്തെ റിസോര്‍ട്ടിലെ കുളത്തില്‍ മീന്‍പിടിച്ചെന്ന സ്ഥാപനത്തിന്റെ മാനേജര്‍ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിരുന്നു.
ഇദ്ദേഹത്തെ സ്ഥലം മാറ്റാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് കമ്മിറ്റി നിര്‍ദേശിച്ചെങ്കിലും നടപ്പായില്ല. വള്ളിയൂര്‍ക്കാവ് ക്ഷേത്രം വക സ്ഥലം ട്രേഡ് ഫെയറിനായി ലേലം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നും ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ വി.എസ്. ശശി കുമാര്‍, സെക്രട്ടറി വി.കെ. കുട്ടപ്പന്‍, ദിനേഷ് കോട്ടിയൂര്‍, ടി.ആര്‍. കേളു, പി.കെ. കൊളുമ്പന്‍, എം. ജിജു എന്നിവര്‍ പങ്കെടുത്തു.

Latest