പരാതി തീര്‍ത്ത് കൊയ്ത്തുമെതി യന്ത്രം; ആശങ്കയില്ലാതെ കര്‍ഷകര്‍

Posted on: January 24, 2014 6:49 am | Last updated: January 24, 2014 at 6:49 am

കോട്ടക്കല്‍: ഇക്കുറി ജില്ലയിലെ നെല്‍കൃഷിക്കാര്‍ക്ക് ആശങ്കയില്ല. നെല്ല് വിളഞ്ഞിട്ടും കൊയ്യാന്‍ ആളില്ലെന്ന പരാതിയും പരിഭവവുമാണ് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ അവസാനിച്ചത്. കൊയ്ത്തുമെതി യന്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചാണ് ഇതിന് പരിഹാരം കണ്ടിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന് കീഴില്‍ പത്തും ബ്ലോക്കുകളില്‍ ഓരോന്നും വീതമാണ് ഇപ്പോള്‍ ജില്ലയില്‍ യന്ത്രങ്ങള്‍ ഉള്ളത്. ആനക്കയം കാര്‍ഷിക വികസന ഗവേഷണ കേന്ദ്രത്തിന് കീഴിലാണ് യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. മണിക്കൂറിന് 1200 രൂപയാണ് ജില്ലാ പഞ്ചായത്ത് മുഖേനയുളളവക്ക് ഈടാക്കുന്നത്. ബ്ലോക്ക് തലത്തിലേതിന് 2500രൂപയാണ് ഒരുമണിക്കൂറിന് നല്‍കേണ്ടത്. കൊയ്‌തെടുത്ത് മെതിച്ച് നെല്ലും വൈക്കോലും വെവ്വേറെയാക്കി നല്‍കുയാണ് ചെയ്യുന്നത്. കാര്‍ഷിക വിഭാഗത്തിലെ എഞ്ചിനീയറിംഗ് വകുപ്പിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഇവിടെത്തെ ട്രൈനിംഗ് വിഭാഗമാണ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
കേടുപാടുകള്‍ അപ്പപ്പോള്‍ തന്നെ പരിഹരിക്കപ്പെടുന്നതിനാല്‍ മുന്‍കാലത്ത് നിലനിന്നിരുന്ന ആക്ഷേപം ഇല്ലാതാക്കാനായിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്ത യന്ത്രം എത്തിയാല്‍ തന്നെ കേടുപാടുകള്‍ പറ്റിയാല്‍ പാടത്ത് ഉപേക്ഷിച്ച് നാളുകള്‍ കഴിഞ്ഞായിരുന്നു നന്നാക്കിയിരുന്നത്. അപ്പോഴേക്കും വിളഞ്ഞ് പാകമേറിയ നെല്ലുകള്‍ നശിക്കുന്ന അവസ്ഥയായിരുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ കര്‍ഷകര്‍ തന്നെ പ്രശംസിച്ച് തുടങ്ങിയിട്ടുണ്ട്.