Connect with us

Kozhikode

ഒരു കുലത്തൊഴില്‍ കൂടി നാട് നീങ്ങുന്നു

Published

|

Last Updated

മാവൂര്‍: അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം ഒരു കുലത്തൊഴില്‍ കൂടി അന്യമാകുന്നു. ഗ്രാമീണ മേഖലയില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന മണ്‍പാത്ര നിര്‍മാണാണ് കളിമണ്ണിന്റെയും അവശ്യവസ്തുക്കളുടെയും ലഭ്യതക്കുറവ് മൂലം അന്യമാകുന്നത്. ഇതുമൂലം നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്.

പള്ളിക്കല്‍ വേലായുധന്‍, രാമന്‍, കൃഷ്ണന്‍, നാരായണന്‍ തുടങ്ങി ചെറൂപ്പ, പള്ളിക്കല്‍, ഊര്‍ക്കടവ്, കായലം, പെരിങ്ങാട്, ചെട്ടിക്കടവ് പ്രദേശങ്ങളിലെ നൂറില്‍പ്പരം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്.
നേരത്തെ ഇവര്‍ക്ക് ആവശ്യമായ കളിമണ്ണ് മാവൂര്‍-ചെട്ടിക്കടവ്-കക്കയം പ്രദേശങ്ങളില്‍ നിന്ന് ധാരാളമായി ലഭിച്ചിരുന്നുവെങ്കില്‍ ഓട്-ഇഷ്ടിക വ്യവസായത്തിന്റെ മറവില്‍ വന്‍ തോതില്‍ കളിമണ്ണ് നീക്കം ചെയ്തതോടെ കളിമണ്ണ് ലഭിക്കാതെയായി.
മണ്‍പാത്രങ്ങള്‍ ചൂളക്കിടാന്‍ ആവശ്യമായ വിറകിന്റെയും പുല്ലിന്റെയും വില വര്‍ധിച്ചതോടെയും പലരും കുലത്തൊഴിലുമായി മുന്നോട്ട് പോകാന്‍ പ്രയാസപ്പെടുകയാണ്.
തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ വരുന്ന കളിമണ്‍പാത്രങ്ങളുടെ ഇറക്കുമതിയും ഈ മേഖലയുടെ നട്ടെല്ല് ഒടിച്ചിട്ടുണ്ട്. ബേങ്ക് ലോണും ബ്ലേഡ് പലിശക്കും പണം കടം വാങ്ങി പലരും ഈ തൊഴിലില്‍ പിടിച്ചു നിന്നിട്ടും സര്‍ക്കാറില്‍ നിന്ന് യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ല.
വയനാട് ജില്ലയിലെ കല്‍പറ്റ-സുല്‍ത്താന്‍ ബത്തേരി – പനമരം എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഈ പ്രദേശത്തേക്ക് കളിമണ്ണ് കൊണ്ട് വരുന്നത്.
മിനി ലോറിയില്‍ ഒരു ലോഡ് മണ്ണ് ഇവിടെ എത്തിക്കാന്‍ തന്നെ പതിനായിരത്തിലേറെ രൂപ ചെലവ് വരുന്നുണ്ട്.
ഇങ്ങനെ എത്രകാലം നഷ്ടം സഹിച്ച് കുലത്തൊഴിലിനെ സംരക്ഷിക്കാനാകുമെന്നാണിവര്‍ ചോദിക്കുന്നത്.

Latest