Connect with us

Kozhikode

അനധികൃത മണലൂറ്റ് സജീവം

Published

|

Last Updated

കോഴിക്കോട്: മണലെടുപ്പ് നിരോധത്തിന്റെ മറവില്‍ ജില്ലയില്‍ അനധികൃത മണലെടുപ്പുകാര്‍ വിലസുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശ പ്രകാരം ജില്ലയില്‍ മണല്‍ വാരലും കടത്തും നിരോധിച്ചിട്ടും അനധികൃത മണലെടുപ്പ് നിര്‍ബാധം തുടരുകയാണ്. ഡിസംബര്‍ 5 മുതലാണ് ജില്ലയിലെ എല്ലാ കടവുകളിലും മണലെടുപ്പും മണല്‍ക്കടത്തും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. അതെല്ലാം കാറ്റില്‍ പറത്തിയാണ് മണലൂറ്റ് തുടരുന്നത്.

കടല്‍ മണല്‍ ഖനനവും തുടരുന്നുണ്ട്. മണല്‍ മാഫിയ അനധികൃതമായി പെര്‍മിറ്റുകള്‍ കൈപ്പറ്റി കരിഞ്ചന്തയില്‍ നടത്തുന്ന മണല്‍ വില്‍പ്പനക്ക് യാതൊരു കുറവുമില്ല. ഒരേ പെര്‍മിറ്റ് ഉപയോഗിച്ചും ഇവര്‍ ധാരാളം പേര്‍ക്ക് കൊള്ളലാഭത്തിന് മണല്‍ വില്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷം മാത്രമേ ജില്ലയില്‍ മണല്‍ഖനനം തുടരാവൂ എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
ഖനനം നിരോധിച്ച ആദ്യ ആഴ്ചകളില്‍ കുറച്ച് വണ്ടി പിടിച്ചെടുത്തുവെന്നതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ല. രാത്രികാല പരിശോധനക്ക് പോലീസ് റവന്യൂ സംയുക്ത സ്‌ക്വാഡിനെ നിയോഗിച്ചെങ്കിലും അതും ഫലവത്തായില്ല.
ജീവന് ഭീഷണിയാകുന്ന തരത്തിലാണ് അനധികൃത മണലെടുപ്പ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. മണല്‍ പരിശോധനക്കായി വരുന്ന ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടാണ് പലപ്പോഴും റോഡില്‍ നില്‍ക്കാറുള്ളത്.
മണല്‍ വാഹനങ്ങളുടെ അമിത വേഗം കാരണം പലരും ആബുലന്‍സ് സര്‍വീസിന് വഴിമാറുന്ന തരത്തിലാണ് ഇവക്ക് സൈഡ് നല്‍കാറ്.
കാലപഴക്കവും സര്‍വീസ് കണ്ടീഷനും മോശമായ വാഹനങ്ങളാണ് അനധികൃത മണലെടുപ്പിനുള്ളവയില്‍ ഏറെയും.
ഇത്തരം വാഹനങ്ങള്‍ക്കെതിരെ പരാതിപെട്ടാലോ, ജീവനുപോലും ഭീഷണിയുണ്ടാകുന്ന തരത്തിലാണ് പ്രതികാര നടപടികളുണ്ടാകുന്നത്.
തകരുന്നത് ആയിരങ്ങളുടെ സ്വപ്‌നങ്ങള്‍

കോഴിക്കോട്: ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ആയിരങ്ങളാണ് ജില്ലയില്‍ മണലിനായി കാത്തിരിക്കുന്നത്. വീടു നിര്‍മാണത്തിനും മറ്റും മണല്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ മേഖലയിലെ സ്തംഭനം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അവസരം മുതലെടുത്താണ് കള്ള മണലൂറ്റ് സംഘങ്ങള്‍ “പിടിച്ചുപറി”ക്കിറങ്ങിയിരിക്കുന്നത്.
വേനല്‍ക്കാലത്ത് ആവശ്യകത കൂടിയതിനാല്‍ മണല്‍ അന്വേഷിച്ച് വലയുന്നവരാണ് കൂടുതല്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അന്യ ജില്ലകളില്‍ നിന്നുമായി നിയമം ലംഘിച്ചാണ് ജില്ലയിലേക്ക് മണല്‍ കടത്തുന്നത്.
സംസ്ഥാനത്ത് മുഴുവന്‍ മണലെടുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്ത് നിന്ന് ജില്ലയിലേക്ക് എത്തുന്ന പൂഴിക്ക് ലോഡിന് 10000രൂപക്ക് മുകളിലാണ് ഈടാക്കുന്നത്. ജില്ലയില്‍ നിന്ന് അനധികൃമായി വാരുന്ന മണലിനും വലിയ വില ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നുണ്ട്.
രാത്രി സമയങ്ങളിലാണ് മണല്‍ വാരല്‍ വ്യാപകമായി നടക്കുന്നത്. പെരുമണ്ണ, ഒളവണ്ണ, മുക്കം, മാവൂര്‍ തുടങ്ങിയ കടവുകളില്‍ വന്‍ തോതിലാണ് മണലെടുപ്പ്. ഡിസംബര്‍ മാസത്തില്‍ പെരുമണ്ണ ചുങ്കപ്പള്ളി കടവിനു സമീപം നല്ലളത്തെ അഞ്ചംഗ പോലീസ് സംഘത്തെ മണല്‍ മാഫിയ ആക്രമിച്ചതോടെ സ്വയം രക്ഷക്ക് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്ന സംഭവം വന്‍ വിവാദമായിരുന്നു.
ചാലിയാറിന്റെ തീരത്ത് പോലീസിനെ എതിരിടാന്‍ പ്രത്യേക സംഘം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ജില്ലാ കലക്ടറായിരുന്ന കെ വി മോഹന്‍കുമാറിന്റെ വാഹനത്തിനു നേരെ ആക്രമണം നടത്തിയ സംഭവവുമുണ്ട്. മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന്റെ പേരില്‍ നല്ലളം പോലീസ് പരിധിയില്‍ മണല്‍ മാഫിയയുടെ ആക്രമണ പരമ്പരയുണ്ടായിരുന്നു.
ബൈക്കുകളില്‍ വിവിധ ഇടങ്ങളില്‍ കാവല്‍സേനയൊരുക്കി അവരുടെ സിഗ്നല്‍ അനുസരിച്ചാണ് ചീറിപ്പായുന്ന ടിപ്പര്‍ ലോറികള്‍ രാത്രി കൊള്ള നടത്തുന്നത്. എതിര്‍ക്കുന്നവരെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളടയുമ്പോള്‍ ശാരീരികമായി നേരിടുന്നതാണ് പ്രധാനരീതി. പിടിക്കപ്പെടുന്നവര്‍ പലരും തൊഴിലാളികള്‍ മാത്രമാണ്. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിയമത്തിനു മുമ്പില്‍ പോലും എത്താതെ രക്ഷപ്പെടുന്നു.
അനധികൃത മണലൂറ്റ് സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ കിട്ടാറുണ്ടെങ്കിലും നടപടികളുണ്ടാകാറില്ല. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പട്രോളിംഗിന് ഇറങ്ങാമെന്നു കരുതിയാലോ മണല്‍മാഫിയക്ക് വിവരം ചോര്‍ന്നു കിട്ടി ശ്രമം പരാജയപ്പെടുന്നതാണ് അനുഭവം.
അനധികൃത മണലെടുപ്പുകാരെ കണ്ടെത്തുന്നതിന് പത്ത് സ്‌പെഷ്യല്‍ സ്‌ക്വാഡ് തുടങ്ങിയതും പരാതി നല്‍കാന്‍ കലക്ടറുടെയും കമ്മീഷണറുടെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിച്ചതുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരിക്കുന്ന അവസ്ഥയാണുള്ളത്. മണല്‍മാഫിയയുടെ നിരന്തരമായ ആക്രമം പോലീസിനു നേരെ ഉണ്ടാകുന്നത് ചെറുതായി കാണാനാവില്ലെന്ന് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

മണല്‍ – രാഷ്ട്രീയ കൂട്ടുകെട്ട് അമര്‍ച്ച ചെയ്യണം

കോഴിക്കോട്:മണല്‍മാഫിയാ സംഘങ്ങള്‍ക്ക് ശക്തമായ രാഷ്ട്രീയ പിന്തുണയുണ്ടെന്നാണ് പരക്കെയുള്ള ആരോപണം.
അനധികൃത മണല്‍ കടത്തുമായി പിടിക്കപ്പെട്ടാലും രാഷ്ട്രീയക്കൈകള്‍ രക്ഷിക്കുമെന്ന ധൈര്യത്തിലാണ് പല സംഘങ്ങളും ഇതിന് തയ്യാറാകുന്നത്. ജില്ലയിലെ വിവിധ കടവുകളില്‍ മണല്‍ വിഷയത്തില്‍ നടക്കുന്ന പല സംഘര്‍ഷങ്ങളും രാഷ്ട്രീയ ചേരിതിരിവിന്റെ ബാക്കിപാത്രങ്ങളാണെന്നാണ് ആക്ഷേപം.
എന്നാല്‍ പിടിക്കപ്പെട്ടിട്ടും പഴുതുകളുണ്ടാക്കിയും ലക്ഷങ്ങള്‍ കെട്ടിവെച്ചും മണല്‍ മാഫിയക്ക് വിലസാനുള്ള കേന്ദ്രമാക്കി കടവുകളെ മാറ്റരുതെന്നാണ് രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം. മണല്‍ -രാഷ്ട്രീയ കൂട്ടുകെട്ടിന് തടയിടാനും അനധികൃത മണലൂറ്റ് തടയാനും കര്‍ശന നടപടിയെടുക്കണമെന്നും അതിന് പഞ്ചായത്തുകള്‍ പൂര്‍ണപിന്തുണ നല്‍കണമെന്നും നേതാക്കളും വ്യക്തമാക്കുമ്പോള്‍ പിന്നെയെവിടെയാണ് പിഴക്കുന്നത്?
അശാസ്ത്രീയമായ മണലെടുപ്പ് പുഴകള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്ന് പരിസ്ഥിതിപഠനങ്ങള്‍ വ്യക്തമാക്കിയതാണ്. റിവര്‍ മാനേജ്‌മെന്റാണ് ഓരോ പാതാറിലും ലഭ്യമായ മണലിന്റെ അളവ് നിശ്ചയിക്കുന്നത്.
എന്നാല്‍ നിശ്ചിതമായ അളവിലും കൂടുതല്‍ നടക്കുന്ന മണലൂറ്റ് നിലവിലെ പരിസ്ഥിതി പ്രത്യാഘാതങ്ങളുടെ കാഠിന്യം കൂടുമെന്നത് വാസ്തവം.

 

 

 

 

Latest