ആം ആദ്മി ബദലല്ല; പ്രച്ഛന്ന ബദല്‍

Posted on: January 24, 2014 6:00 am | Last updated: January 23, 2014 at 9:36 pm

aam admiസന്ന്യാസത്തിനും സന്ന്യാസ സംഘത്തിനും ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി മാതൃക കാണിച്ച ചരിത്ര പുരുഷന്‍ കപിലവസ്തുവിലെ സിദ്ധാര്‍ഥ ഗൗതമന്‍ എന്ന ശ്രീ ബുദ്ധനാണ്. അത് എല്ലാ അര്‍ഥത്തിലും ഒരു ബദല്‍ ജീവിത മാതൃകയായിരുന്നു. ഇന്ത്യയുടെ ആധ്യാത്മികവും ദാര്‍ശനികവും സാമൂഹികവും സാംസ്‌കാരികവും സാഹിതീയവും കലാപരവുമായ ജീവിത മേഖലകളിലെ യഥാര്‍ഥ ബദലായിരുന്നു ബുദ്ധന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടാണ് ആധുനിക ജനാധിപത്യ ഇന്ത്യയില്‍ യഥാര്‍ഥ ജനകീയ ബദല്‍ രാഷ്ട്രീയത്തിന് വേണ്ടി ദാര്‍ശനികവും സാമൂഹികവുമായ അടിത്തറയുണ്ടാക്കാന്‍ നിസ്തുല സംഭാവന നല്‍കിയ ഡോ. ഭീമറാവുജി അംബേദ്കര്‍ ബുദ്ധന്റെ വഴി കണ്ടെത്തിയത്. എന്നാല്‍ ധാരാളം സന്ന്യാസി സംഘങ്ങളും ആശ്രമങ്ങളും മഠങ്ങളുമൊക്കെയുള്ള ഇന്ത്യയില്‍ സന്ന്യാസത്തിന്റെ സംസ്ഥാപക ഗുരുവായ ശ്രീബുദ്ധന്റെ ഒരു ഛായാചിത്രം പോലും ചുമരില്‍ തൂക്കാറില്ല. ഇന്ത്യന്‍ സന്ന്യാസി മഠങ്ങളിലും സന്ന്യാസിമാരിലും പരമപൂജാര്‍ഹ സ്ഥാനം കൈയാളിയിരിക്കുന്നത് ശ്രീബുദ്ധനല്ല; മറിച്ച് പ്രച്ഛന്ന ബുദ്ധന്‍ എന്ന് വിളിക്കപ്പെടുന്ന ശ്രീ ശങ്കരനാണ്. ഇപ്പറഞ്ഞ വസ്തുത ഇന്ത്യന്‍ സമൂഹത്തിന്റെ ബോധോപബോധങ്ങള്‍ എവ്വിധമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പര്യാപ്തമായ ദൃഷ്ടാന്തമാണ്.
ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ഇന്ത്യന്‍ സമൂഹത്തിന്റെ ബോധോപബോധങ്ങളില്‍ എപ്പോഴും മേല്‍ക്കൈ നേടാറുള്ളത് യഥാര്‍ഥ ബദലല്ല; പ്രച്ഛന്ന ബദലാണ്. യഥാര്‍ഥ ബുദ്ധനല്ല; പ്രച്ഛന്ന ബുദ്ധനാണ്. അതുകൊണ്ടാണ് ടാറ്റയും ബിര്‍ലയും ഉള്‍പ്പെട്ട വ്യാവസായിക മുതലാളിമാരുടെ അരുമഭാജനമായ കര്‍ഷക വേഷധാരിയും വര്‍ണ വ്യവസ്ഥാവാദിയുമായ ഗാന്ധിജി; യഥാര്‍ഥത്തില്‍ ദളിത് വിമോചനത്തിനും ജാതി നിര്‍മൂലനത്തിനും വേണ്ടി പാന്റും സ്യൂട്ടുമണിഞ്ഞ് അവിശ്രാന്തം പൊരുതിയ ഡോ. അംബേദ്കറേക്കാള്‍ ദരിദ്ര നാരായണന്മാരുടെയും ഹരിജനങ്ങളുടെയും മിത്രമായി കൊണ്ടാടപ്പെട്ടത്. ഈ ചരിത്ര പശ്ചാത്തലങ്ങളെല്ലാം പരിഗണിച്ച് ചിന്തിക്കുമ്പോള്‍ ഇപ്പോള്‍ ബദല്‍ രാഷ്ട്രീയമെന്ന നിലയില്‍ വ്യാപകമായി കൊണ്ടാടപ്പെടുന്ന ‘ആപ്’ എന്ന ആം ആദ്മി പാര്‍ട്ടി ഇന്ത്യയില്‍ സംഭവിക്കേണ്ട യഥാര്‍ഥ ബദല്‍ രാഷ്ട്രീയത്തിന് ഗര്‍ഭഛിദ്രം ഉണ്ടാക്കാന്‍ ഇന്ത്യന്‍ മനസ്സിലേക്ക് തല്ലിക്കയറ്റുന്ന ആപ്പാണോ എന്നു തന്നെ സഗൗരവം സംശയിക്കേണ്ടിവരുന്നു. ആം ആദ്മി പാര്‍ട്ടി ബുദ്ധന്റെയല്ല; മറിച്ച് പ്രച്ഛന്ന ബുദ്ധന്റെ പതിപ്പാണെന്ന് സന്ദേഹിക്കേണ്ടിവരുന്നു. അല്ലാത്ത പക്ഷം അതിത്രമേല്‍ കൊണ്ടാടപ്പെടുമായിരുന്നില്ല.
പക്ഷേ, ഇങ്ങനെ പറയുമ്പോള്‍ ഒരു ചോദ്യം ഉയരാം. ആം ആദ്മിയെ ജനം ആവേശത്തോടെ സ്വീകരിക്കുന്നില്ലേ? അത് തന്നെ അതിന്റെ ബദല്‍ സംരംഭങ്ങള്‍ക്കുള്ള അംഗീകാരമല്ലേ? ‘ചൈനാ ടൗണ്‍’ എന്ന മോഹന്‍ലാല്‍ ചിത്രം ജനങ്ങള്‍ ഇരമ്പിക്കയറിയ ചലച്ചിത്രമാണ്. അതേ സമയം, ‘ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രം അങ്ങനെ ഇരമ്പിക്കയറി കാണുകയുണ്ടായില്ല. എന്നു കരുതി ‘ചൈനാ ടൗണി’നേക്കാള്‍ മോശം ചിത്രമാണ് ‘ആര്‍ട്ടിസ്റ്റ്’ എന്ന് വിധിയെഴുതാന്‍ ആരും തയ്യാറാകില്ല. സോക്രട്ടീസ് എന്ന മഹാ ചിന്തകനെ ‘വിഷം കുടിച്ച് ചാകുക’ എന്ന ശിക്ഷ വിധിച്ച് തടവിലടച്ചത്, അരവിന്ദ് കെജരിവാളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അക്കാലത്തെ ജനകീയ ദര്‍ബാറായിരുന്നു. എന്നു കരുതി ബുദ്ധിമാനായ ഒരു മനുഷ്യനും അഥീനിയന്‍ ജനസഭയുടെ ഭൂരിപക്ഷം സോക്രട്ടീസിനെ ചാകാന്‍ വിധിച്ചത് ശരിയാണെന്ന് വിലയിരുത്തില്ല. ഇപ്പറഞ്ഞ ഉദാഹരണങ്ങള്‍ വെച്ചു ചിന്തിച്ചാല്‍ തന്നെ, ജനം അംഗീകരിക്കുന്നു എന്നതു കൊണ്ട് മാത്രം ഒന്നും ഒരു മേഖലയിലും യഥാര്‍ഥ ബദല്‍ ആണെന്നു പറയാനാകില്ല. ഏത് തരം ബോധനിലവാരമുള്ള ജനമാണ് ഒരു കാര്യം അംഗീകരിച്ചതെന്നു കൂടി നോക്കി വേണം ജനകീയാംഗീകാരം നേടിയ ഒരു കാര്യം ബദല്‍ മാതൃകയോ അല്ലയോ എന്ന് തീര്‍ച്ചപ്പെടുത്താന്‍. അത്തരമൊരു പരിശോധനക്ക് തുനിയുമ്പോഴാണ്, ഇന്ത്യന്‍ സമൂഹത്തിന്റെ ബോധോപബോധങ്ങളില്‍ മേല്‍ക്കൈ നേടിയിട്ടുള്ളത് എപ്പോഴും ബുദ്ധന്മാരെക്കാള്‍ പ്രച്ഛന്ന ബുദ്ധന്മാരായതിനാല്‍, ഇപ്പോഴും അങ്ങനെ സംഭവിച്ചുകൂടേ എന്ന ചോദ്യം പ്രസക്തമാകുന്നത്.
മറ്റൊരു കാര്യം ബദലുകളെപ്പറ്റി പറയുമ്പോള്‍ പരിഗണിക്കേണ്ടത് ‘റോം ഒരു ദിവസം കൊണ്ടല്ല പണി തീര്‍ക്കപ്പെട്ടത്’ എന്നൊരു പഴഞ്ചൊല്ലാണ്. വര്‍ഷങ്ങള്‍ നീണ്ട അനേകായിരങ്ങളുടെ പരിശ്രമത്തിലൂടെയും ത്യാഗ സേവനങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ഒക്കെയാണ് ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുള്ള ഏതൊരു നാഗരികതയും പടുത്തുയര്‍ത്തിയത് എന്നാണ് ആ പഴഞ്ചൊല്ലിന്റെ പൊരുള്‍. ഭൂമിയില്‍ ചരിത്ര ഗതിയെ നിര്‍ണായകമായി രൂപപ്പെടുത്തിയ ബദല്‍ പ്രസ്ഥാനങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന നാല് സംരംഭങ്ങളേയുള്ളൂ. ബുദ്ധമതം, ഇസ്‌ലാം, മുതലാളിത്തം, കമ്യൂണിസം എന്നിവയാണവ. ക്രിസ്തുമതം ബുദ്ധമതത്തിന്റെ ഒരു യൂറോപ്യന്‍ പതിപ്പ് മാത്രമാണ്. ലിബറല്‍ ജനാധിപത്യം, സോഷ്യലിസത്തിന്റെ വകഭേദങ്ങള്‍ എന്നിവ മുതലാളിത്തത്തിന്റെയോ കമ്യൂണിസത്തിന്റെയോ രൂപാന്തരങ്ങള്‍ മാത്രവുമാണ്.(എന്തു കൊണ്ടിങ്ങനെ എന്ന് വിശദീകരിക്കാന്‍ ഈ ലേഖന പരിമിതിയില്‍ നിര്‍വാഹമില്ല)
ബുദ്ധമതവും ഇസ്‌ലാമും മുതലാളിത്തവും കമ്യൂണിസവുമൊക്കെ രൂപപ്പെട്ടതും പ്രചരിച്ചതും വികസിച്ചതും ജനങ്ങളുടെ അംഗീകാരം നേടിയതും നീണ്ട വര്‍ഷത്തെ കഠിന പരീക്ഷണങ്ങളേയും പ്രതിസന്ധികളെയും പരിശ്രമങ്ങളെയുമൊക്കെ അഭിമുഖീകരിച്ചുകൊണ്ടാണ്. ഈ ബദല്‍ പ്രസ്ഥാനങ്ങളൊന്നും അന്നാ ഹസാരെ മൂവ്‌മെന്റ് പോലെയോ അരവിന്ദ് കെജരിവാളിന്റെ രാഷ്ട്രീയ പാര്‍ട്ടിയെ പോലെയോ പൊടുന്നനെ ജനകീയ അംഗീകാരം നേടിയവയല്ല. ഒരാള്‍ക്ക് ബുദ്ധനോ ക്രിസ്തുവോ ആയി വേഷം കെട്ടി അഭിനയിക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം മതിയാകും. ആ അഭിനയത്തിനു പ്രശസ്തിയും പണവുമൊക്കെ നേടാനും കഴിഞ്ഞുവെന്ന് വരും. പക്ഷേ, ഒരാള്‍ക്ക് യഥാര്‍ഥത്തില്‍ ഒരു ബുദ്ധനോ ക്രിസ്തുവോ ആയിത്തീരാന്‍ ആയുസ്സ് മുഴുവന്‍ സമര്‍പ്പണം ചെയ്ത് അദ്ധ്വാനിക്കേണ്ടിവരും. പക്ഷേ, ഒരു കൃത്രിമ വൈരക്കല്ലുണ്ടാക്കാന്‍ മണിക്കൂറുകള്‍ മതിയാകും. പക്ഷേ, യഥാര്‍ഥ വൈരക്കല്ലുണ്ടാകാന്‍ നൂറ് കണക്കിന് വര്‍ഷങ്ങള്‍ തന്നെ പ്രകൃതിയില്‍ ആവശ്യമായി വരും. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ കുറഞ്ഞ കാലം കൊണ്ട് ഇത്രയും വളര്‍ന്നു എന്നതു തന്നെ ആം ആദ്മി യഥാര്‍ഥ ബദലല്ല എന്ന് പറയാന്‍, സാമാന്യ ബോധമുള്ള ഏതൊരാളും പ്രേരിതനാകും.
ഇതുവരെ പറഞ്ഞത് ആം ആദ്മി പാര്‍ട്ടി ഒരു ബദല്‍ എന്ന നിലയില്‍ ഉയര്‍ത്തിപ്പറയുമ്പോള്‍ താത്വികവും ചരിത്രപരവുമായ നിലകളില്‍ ഉയര്‍ന്നുവരുന്ന ചില സന്ദേഹങ്ങളെപ്പറ്റിയാണ്. ഇനി പറയാനുള്ളത് പ്രായോഗിക തലത്തില്‍ ആ പാര്‍ട്ടി ബദലാണോ എന്നതിനെപ്പറ്റിയാണ്. ‘ഷീലാ ദീക്ഷിത് അധികാരത്തില്‍ വന്നാല്‍ കൂട്ട ബലാത്സംഗങ്ങള്‍ തുടരും’ എന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആ പാര്‍ട്ടിയുടെ ഒരു പ്രചാരണം. ബലാത്സംഗത്തിനെതിരായ പ്രതിഷേധം കൂടിയാണ് ആം ആദ്മിയെ ഡല്‍ഹി ഭരിക്കാവുന്ന ഒരു നിലയിലേക്ക് എത്തിച്ചത്. എന്നിട്ടെന്തുണ്ടായി? ഇക്കഴിഞ്ഞ ദിവസം ഡാനീഷ് വനിത കൊള്ളയടിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. ഇതില്‍ നിന്ന് മനസ്സാലാകുന്നത് ആം ആദ്മി ഭരിച്ചാലും ഡല്‍ഹിയില്‍ ബലാത്സംഗങ്ങള്‍ തുടരും എന്നല്ലേ? ഇത് സാമൂഹിക സുരക്ഷയുടെ മേഖലയില്‍ ഒരു ബദല്‍ ആകാനുള്ള ആം ആദ്മിയുടെ കഴിവുകേടിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ദാരുണ സംഭവം ആണ്.
അധികാര വടംവലി അഥവാ കസേരപ്പോര് എന്നതാണ് വ്യവസ്ഥാപിത മുഖ്യധാരാ കക്ഷികളുടെ ഒരു മുഖ്യ തകരാറായി ജനങ്ങള്‍ കണക്കാക്കി വരുന്നത്. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു പാര്‍ട്ടിയായിരിക്കും ആം ആദ്മി എന്നത്രേ ജനങ്ങള്‍ പ്രതീക്ഷിച്ചതും പാര്‍ട്ടി പ്രചരിപ്പിച്ചതും. എന്നാല്‍, അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും വിനോദ് കുമാര്‍ ബിന്നി എം എല്‍ എ അധികാരമോഹിയായതുകൊണ്ടാണ് പാര്‍ട്ടിക്കെതിരെയും ഭരണത്തിനെതിരെയും പ്രതികരിക്കുന്നതെന്ന് കെജരിവാളിന് തന്നെ പറയേണ്ടിവന്നു. ടീനാ ശര്‍മ എന്ന പ്രമുഖ പ്രവര്‍ത്തകയും പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഇതൊക്കെ തെളിയിക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കുള്ളില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ ആം ആദ്മിയിലും ഉണ്ടെന്ന് തന്നെയാണ്. പിന്നെങ്ങനെ അത് ബദലാകും?
സാമ്പത്തിക സുതാര്യതയാണ് ആ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു പ്രത്യേകത. ആരില്‍ നിന്നൊക്കെ എത്ര പണം സ്വീകരിച്ചു ആ പണം എങ്ങനെ, എന്തിനൊക്കെ ചെലവഴിച്ചു എന്നതിനു കൃത്യമായ കണക്ക് പൊതുജന സമക്ഷം തങ്ങള്‍ വിളംബരപ്പെടുത്തുമെന്നാണ് ആം ആദ്മിക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, ഹിന്ദു എഴുതിയതും അരുന്ദതീ റോയി പറഞ്ഞതുമായ കാര്യങ്ങള്‍ പ്രകാരം ഏകദേശം നാല്‍പ്പത് ലക്ഷത്തില്‍ പരം ഡോളര്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ ഗുരുതരമായ ആരോപണം നിഷേധിക്കാനോ ശരി വെക്കാനോ പാര്‍ട്ടി തയ്യാറായിട്ടില്ല. അതിനാല്‍ പാര്‍ട്ടിയുടെ സാമ്പത്തിക സുതാര്യത സംശയത്തിന്റെ നിഴലിലാണ്.
ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് വിദേശ മൂലധനം കൈപ്പറ്റി എന്ന ആരോപണം തോമസ് ഐസക്കിനെതിരെ പ്രൊഫ. എം എന്‍ വിജയന്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയിരുന്നു. അതേ തുടര്‍ന്ന് ‘ചരടുകളുള്ള വിദേശ മൂലധന’വും ‘ചരടുകളില്ലാത്ത വിദേശ മൂലധന’വും ഉണ്ടെന്നും ഇതില്‍ ചരടുകളില്ലാത്ത വിദേശ മൂലധനം അപകടകാരിയല്ലെന്നുമൊക്കെ ഒരുപാട് ചര്‍ച്ചകളും നടന്നു. ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് കൈപ്പറ്റി എന്ന് പറയുന്ന 40 ലക്ഷത്തില്‍ പരം ഡോളര്‍ ‘ചരടുകളുള്ള മൂലധന’മാണോ അല്ലയോ എന്ന് എങ്ങനെ ജനം തിരിച്ചറിയും?
ആഗോളവത്കരണ, ഉദാരവത്കരണ സാമ്പത്തിക നയങ്ങളാല്‍ കര്‍ഷകരും ചെറുകിട വ്യാപാരികളും കൂലിത്തൊഴിലാളികളും ജീവനക്കാരും എന്നിങ്ങനെ മുഴുവന്‍ ജനവിഭാങ്ങളും ഭരണകൂടത്തിനെതിരായ പ്രതിഷേധ മനഃസ്ഥിതി കത്തിപ്പുകയുന്ന പ്രകൃതക്കാരായിട്ടുണ്ട്. ഈ സ്വാഭാവിക പ്രതിഷേധം ഒരു പൊട്ടിത്തെറിയായി മാറിയാല്‍ അതിന്റെ ഫലം കുറഞ്ഞത്, ഒരു ഷാവേസ് മാതൃകയില്‍ ഒരു സാമ്രാജ്യത്വവിരുദ്ധ ഭരണകൂടം ഇന്ത്യയില്‍ നിലവില്‍ വരിക എന്നതായിരിക്കുമെന്ന് ആഗോള മുതലാളിത്തത്തിനറിയാം. അത് സംഭവിക്കാതിരിക്കാന്‍ പ്രതിഷേധത്തെ നിര്‍വീര്യമാക്കണം. അതിനു വേണ്ടി ആഗോള മുതലാളിത്തവും അതിന്റെ വമ്പന്‍ കൂലി പ്രചാരകരും ചേര്‍ന്ന് ആസൂത്രിതമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു പ്രച്ഛന്ന ബദല്‍ രാഷ്ട്രീയം ആയിക്കൂടേ ആം ആദ്മി പാര്‍ട്ടി എന്നു വന്നുകൂടായ്കയില്ല. ആം ആദ്മി പാര്‍ട്ടി ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നുവന്നിരിക്കേ മേല്‍പ്പറഞ്ഞ തരത്തിലുള്ള ചിന്തക്ക് പ്രസക്തിയുണ്ട്.
മണ്ഡലും മന്ദിറുമാണ് മറ്റൊരു പ്രധാന വിഷയം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വി പി സിംഗ് സര്‍ക്കാറിന്റെ തീരുമാനം ഇന്ത്യയില്‍ യഥാര്‍ഥ ബദല്‍ സാമൂഹിക മുന്നേറ്റം ഉണ്ടാക്കാനുള്ള മാതൃകാപരമായ ചുവട് വെപ്പായിരുന്നു. എന്നാല്‍ അക്കാലത്ത് മണ്ഡല്‍വിരുദ്ധ നിലപാടുകള്‍ എടുത്ത വ്യക്തിയാണ് അരവിന്ദ് കെജരിവാള്‍. അത്തരമൊരാള്‍ ദളിത് വിമോചനത്തിനു വേണ്ടി എന്തു ചെയ്യുമെന്ന കാര്യത്തില്‍ പ്രബലമായ സന്ദേഹങ്ങള്‍ ഉണ്ട്. അമേഠിയിലെ ആം ആദ്മി സ്ഥാനാര്‍ഥി കുമാര്‍ ബിശ്വാസ് രാഹുല്‍ ഗാന്ധിയെയും നരേന്ദ്ര മോദിയേയും തന്നോട് മല്ലിടാന്‍ ക്ഷണിച്ചിരുന്നു. പിന്നെ വെല്ലുവിളികളെല്ലാം രാഹുലിനോട് മാത്രമായി എന്നു മാത്രമല്ല, ഇന്ത്യക്ക് യോജിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കുമെന്ന് വാചാലനാകുകയും ചെയ്തു. മണ്ഡല്‍വിരുദ്ധനായ അരവിന്ദ് കെജരിവാളും മോദി ഭക്തനായ കുമാര്‍ ബിശ്വാസും അധികാര ദുര്‍മോഹി എന്ന് അധിക്ഷേപിക്കപ്പെട്ട വിനോദ് കുമാര്‍ ബിന്നിയും കാശ്മീരില്‍ സൈനിക സാന്നിധ്യത്തെക്കുറിച്ച് ഹിതപരിശോധന വേണമെന്ന് പറയുന്ന പ്രശാന്ത് ഭൂഷനും അത് അയാളുടെ നിലപാട് മാത്രമാണെന്ന് തിരുത്തിയ കെജരിവാളും എല്ലാം കൂടി നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി എന്തുതരം തുറന്ന ജനാധിപത്യത്തെയാണ് ബദലായി ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് കെ വേണുവിനെ പോലുള്ളവര്‍ വിശദീകരിച്ചാല്‍ നന്ന്. സ്ഥാനാര്‍ഥി ആരായിരിക്കണം എന്ന വിഷയത്തില്‍ പോലും ഹിതപരിശോധനക്ക് ആവേശം കാണിക്കുന്ന കെജരിവാള്‍ കാശ്മീരിലെ സൈനിക സാന്നിധ്യ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തി തീരുമാനമെടുക്കണം എന്ന പ്രശാന്ത് ഭൂഷണിന്റെ നിലപാടിനെതിരെ രംഗത്ത് വന്നത് സന്ദേഹങ്ങള്‍ ദൂരീകരിക്കുകയല്ല, വര്‍ധിപ്പിക്കുകയേ ചെയ്യുന്നുള്ളൂ.