Connect with us

Editorial

സുനന്ദയുടെ മരണം: ദുരൂഹതകള്‍ നീങ്ങട്ടെ

Published

|

Last Updated

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള ഡല്‍ഹി പോലീസ് കമ്മീഷണറുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ദുരൂഹതകള്‍ നിറഞ്ഞതാണ് സുനന്ദ പുഷ്‌കറിന്റെ ജീവിതമെന്ന പോലെ മരണവും. ഒരാഴ്ച മുമ്പാണ് ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടല്‍ മുറിയില്‍ അവര്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. ഇതൊരു സ്വാഭാവിക മരണമല്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിട്ടുണ്ട്. മരണത്തിന് രണ്ട് ദിവസം മുമ്പ് ടിറ്ററിലും ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും സുനന്ദ വെളിപ്പെടുത്തിയ, ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളാണോ മരണ കാരണമെന്ന സന്ദേഹം ഈ ഘട്ടത്തല്‍ സ്വാഭാവികമാണ്. പാക് മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാരുമായി ശശി തരൂരിന് വഴിവിട്ട ബന്ധമുണ്ടെന്നും ഇരുവരും ബ്ലാക്ക് ബെറി മെസഞ്ചറിലൂടെ സന്ദേശങ്ങള്‍ സ്ഥിരമായി കൈമാറുന്നുണ്ടെന്നുമായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും തന്റെ ജീവിതം തകര്‍ന്നതായും അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.

മെഹര്‍ തരാറിനെ ചൊല്ലി മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയും പരസ്യമായി വഴക്കിട്ടിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനുവരി 15ന് തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ, കേന്ദ്രമന്ത്രി മനീഷ് തിവാരി ഉള്‍പ്പെടെയുള്ള സഹയാത്രികരുടെ മുന്നില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് വാര്‍ത്ത. കരഞ്ഞുകൊണ്ടാണ് സുനന്ദ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയതെന്നും അവര്‍ തനിച്ചാണ് ഹോട്ടലിലത്തെി മുറിയെടുത്തതെന്നും വ്യക്തമായിട്ടുമുണ്ട്. തരാറുമായുള്ള ശശി തരൂരിന്റെ ബന്ധത്തില്‍ സുനന്ദ അതീവ അസ്വസ്ഥ യായിരുന്നുവെന്നും മരണത്തിന്റെ തലേന്ന് അര്‍ധരാത്രി സുനന്ദ തന്നെ വിളിച്ചു ഏറെ നേരം ഇക്കാര്യം സംസാരിച്ചുവെന്നും അവരുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിംഗും വെളിപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ളതും അസ്വാഭാവികവുമായിരുന്നു മരണമെന്നും അമിത മരുന്നുപയോഗമാണ് മരണത്തിന് ഇടയാക്കിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിലയിരുത്തുകയും പന്ത്രണ്ടിലധികം മുറിവുകള്‍ അവരുടെ ശരീരത്തില്‍ കണ്ടെത്തുകയും ചെയ്തത് കൂടുതല്‍ ദരൂഹതകള്‍ക്കിടം നല്‍കുകയും ചെയ്യുന്നു. ഈ മുറിവുകള്‍ തരൂരും സുനന്ദയും തമ്മിലുള്ള വഴക്കിനിടെ സംഭവിച്ചതാണെന്ന അഭ്യൂഹമുയര്‍ന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും. എങ്കില്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരും. തരൂരിനെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തുന്ന ഇത്തരം വിവരങ്ങള്‍ക്കിടെ, സുനന്ദയുമായി തരൂര്‍ നല്ല ബന്ധത്തിലും സ്‌നേഹത്തിലുമായിരുന്നുവെന്നും സംശയിക്കത്തക്ക പെരുമാറ്റമോ, സംഘര്‍ഷമോ അവര്‍ക്കിടയിലുണ്ടായിരുന്നില്ലെന്നുമുള്ള സുനന്ദയുടെ മകന്‍ ശിവ്‌മേനോന്റെ സാക്ഷ്യപ്പെടുത്തല്‍ അദ്ദേഹത്തിന് സമാശ്വാസമേകുന്നതാണ്. എങ്കിലും ദൂരൂഹതകള്‍ നീക്കാന്‍ അത് പര്യാപ്തമല്ല.

സുനന്ദയുടെ മരണത്തിന് ക്രിക്കറ്റിലെ വാതുവെപ്പ് കേസുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തെയും ദുബൈയിലെ വ്യവസായ മേഖലയിലെയും ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുനന്ദക്ക് ക്രിക്കറ്റിലെ വാതുവപ്പ് സംഘങ്ങളെ കുറിച്ചു അറിവുണ്ടായിരുന്നുവെന്നും അവരുടെ മരണത്തില്‍ വാതുവെപ്പ് മാഫിയക്കു പങ്കുണ്ടെന്നും ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് പ്രസ്താവിച്ചത്. ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ഐ പി എല്‍ ഇടപാടിലുള്ള കള്ളക്കളി സുനന്ദ വെളിപ്പെടുത്താനിരിക്കെയാണ് അവരുടെ മരണമെന്നും ദുബൈയിലെ സുഹൃത്തുക്കളില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും സ്വാമി പറയുന്നു. ഈ വിധം നിരവധി അഭ്യൂഹങ്ങളും സന്ദേഹങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കെ വസ്തുത വെളിച്ചത്തു വരേണ്ടത് അനിവാര്യമാണ്. സംശയത്തിന്റെ നിഴലിലായ തരൂര്‍ ഇക്കാര്യത്തില്‍ തീര്‍ത്തും നിരപരാധിയാണെങ്കില്‍ അത് പുറംലോകത്തെ ബോധ്യപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം സഹായകമായേക്കും. അന്വേഷണം വേഗത്തിലാക്കണമെന്നും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തരൂര്‍ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതുസംബന്ധിച്ച് അദ്ദേഹം ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

Latest