Connect with us

Sports

ചര്‍ച്ചില്‍ 2-1 ബഗാന്‍ ; സ്‌പോര്‍ട്ടിംഗ് 3-2 ഡെംപോ: ഗോവന്‍ ഫൈനല്‍

Published

|

Last Updated

കൊച്ചി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരില്‍ നാളെ ഗോവന്‍ ക്ലബ്ബുകളായ ചര്‍ച്ചില്‍ ബ്രദേഴ്‌സും സ്‌പോര്‍ട്ടിംഗ് ഗോവയും ഏറ്റുമുട്ടും. ബംഗാളിലെ ഫുട്‌ബോള്‍ പ്രതാപികളായ മോഹന്‍ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ചരിത്രത്തിലാദ്യമായി ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ കടന്നത്. സ്‌പോര്‍ട്ടിംഗ് മടക്കിയത് ഗോവയുടെ മറ്റൊരു പ്രതിനിധിയായ ഡെംപോയെ. അടിമുടി ആവേശം വിതറിയ ക്ലാസിക് പോരാട്ടം 3-2നാണ് സ്‌പോര്‍ട്ടിംഗ് സ്വന്തമാക്കിയത്.

ആധികാരികം ചര്‍ച്ചില്‍

ചര്‍ച്ചിലിന് വേണ്ടി ബല്‍വന്ത് സിംഗ്, ആന്റണി ആന്റണ്‍ വോള്‍ഫ് എന്നിവരും ബഗാന് വേണ്ടി ക്യാപ്റ്റന്‍ ഒഡാഫ ഒന്യേക ഒകോലിയുമാണ് ഗോള്‍ നേടിയത്.
മോഹന്‍ബഗാന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തിക്കൊണ്ട് കളിയുടെ ആദ്യമിനിറ്റുകളില്‍ തന്നെ ചര്‍ച്ചില്‍ ആധിപത്യം നേടി. ഗോവന്‍ മുന്നേറ്റത്തില്‍ ബഗാന്റെ പ്രതിരോധം ചിതറിയതോടെ ബഗാന്‍ ഗോള്‍മുഖം ചര്‍ച്ചിലിന് മുന്നില്‍ മലര്‍ക്കെ തുറന്നു. നാലാം മിനുട്ടില്‍ ചര്‍ച്ചില്‍ ആദ്യ ഗോള്‍ നേടി. പന്തുമായി ബോക്‌സിലേക്ക് കുതിച്ച പ്ലേമേക്കര്‍ അബ്ദല്‍ ഹമീദ് ഷബാനയെ പ്രതിരോധിക്കുന്നതിനിടെ വഴങ്ങേണ്ടിവന്ന കോര്‍ണറില്‍ നിന്നാണ് ഗോളിന്റെ പിറവി. തങ്ജംസ് സിങ്ങ് എടുത്ത കോര്‍ണര്‍ ബല്‍വന്ത് സിംഗ് ഒരു ഹെഡ്ഡറിലൂടെ ബഗാന്റെ വലയിലാക്കി.
ആദ്യ ഗോള്‍വീണിട്ടും ബഗാന്‍ ഉണര്‍ന്നില്ല. ചര്‍ച്ചിലിന്റെ മുന്നേറ്റങ്ങളില്‍ ബഗാന്റെ ഗോള്‍മുഖം പ്രകമ്പനം കൊണ്ടു. 15-ാം മിനിറ്റില്‍ ചര്‍ച്ചിലിന്റെ രണ്ടാം ഗോള്‍. ബല്‍വന്ത് സിംഗിനെ ബോക്‌സിനുള്ളില്‍ ബഗാന്റെ രണ്ടാം നമ്പര്‍ താരം ഐബോര്‍ലാങ് ഖോന്‍ജി ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന ലഭിച്ച പെനാല്‍റ്റി കിക്കെടുത്ത അന്തോണി ആന്റണ്‍ വോള്‍ഫ് പന്ത് ഗോളിയുടെ തലക്ക് മുകളിലൂടെ ഗോള്‍ വലയിലേക്ക് പറത്തി.
23-ാം മിനിറ്റില്‍ ഷബാനയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. ഫൗള്‍ ചെയ്ത ക്രിസ്റ്റഫര്‍ ചിസോബക്ക് റഫറി മഞ്ഞകാര്‍ഡ് കാണിച്ചതിനെ തുടര്‍ന്നാണ്. ഇരുടീമുകളും തമ്മില്‍ വാക്കേറ്റമാരംഭിച്ചത്. പരിക്ക് അഭിനയിച്ച ഷബാന എഴുന്നേറ്റതോടെ തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങി. തുടര്‍ന്ന് ഷബാനക്കും റഫറി മഞ്ഞകാര്‍ഡ് കാണിച്ചു.
ഉണര്‍ന്നു കളിച്ച ബഗാന്‍ ഗോള്‍ മടക്കാനായി പ്രത്യാക്രമണം കനപ്പിച്ചു. തുടര്‍ച്ചയായ അവസരങ്ങള്‍ ബഗാന് ലഭിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. കളി ചര്‍ച്ചിലിന്റെ ഗോള്‍ മുഖത്ത് കേന്ദ്രീകരിച്ചു നില്‍ക്കെ മോഹന്‍ബഗാന്‍ നടത്തിയ നീക്കങ്ങള്‍ക്ക് 32-ാം മിനിറ്റിലാണ് ഫലം കണ്ടത്. ക്യാപ്റ്റന്‍ ഒഡാഫ ഒന്യേക ഒകോലിയിലൂടെ ബഗാന്‍ ആശ്വാസ ഗോള്‍ നേടി. ബോക്‌സിനുള്ളിലേക്ക് വന്ന ഒരു ഹാഫ് വോളി ഒഡാഫ ഞൊടിയിടക്കുള്ളില്‍ ചര്‍ച്ചിലിന്റെ വലയിലേക്ക് തിരിച്ചുവിട്ടു.
ഗോള്‍ നേടിയതോടെ ബഗാന്‍ മത്സരത്തിലേക്ക് ശക്തമായി തരിച്ചുവന്നു. ബഗാന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ചര്‍ച്ചില്‍ ചര്‍ച്ചിലിന്റെ പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. 38-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അവസരം ചര്‍ച്ചിലിന് മുതലാക്കാനായില്ല. ബഗാന്‍ നിരന്തരമായി അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതു കണ്ടു കൊണ്ടാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കം ചര്‍ച്ചിലിന്റെ മുന്നേറ്റത്തോടെയായിരുന്നു. 52-ാം മിനിറ്റില്‍ ചര്‍ച്ചിലിന് ഫ്രീകിക്ക്. ഷബാനയുടെ പന്ത് ഗോള്‍പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. തുടര്‍ന്ന് ബഗാന്റെ മുന്നേറ്റം. 54-ാം മിനിറ്റില്‍ പന്തുമായി ഒറ്റക്ക് മുന്നേറിയ ബാഗാന്‍താരം ചിസോബ ക്രിസ്റ്റഫറിന്റെ വലംകാലന്‍ അടി ചര്‍ച്ചില്‍ ഗോളി ലളിത് ഥാപ കഷ്ടിച്ചു രക്ഷപ്പെടുത്തി. 71-ാം മിനിറ്റില്‍ ഷബാനയുടെ ഷോട്ടില്‍ ബല്‍വന്ത്‌സിംഗിന്റെ ഹെഡ്ഡര്‍ ഗോള്‍പോസ്റ്റില്‍ തട്ടിത്തെറിച്ചു. 74ാം മിനിറ്റില്‍ ഷബാന നല്‍കിയ പാസ് സ്വീകരിച്ച ചര്‍ച്ചിലിന്റെ ആന്റണ്‍ വോള്‍ഫ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പുറത്തേക്കടിച്ചു. കുതിച്ചെത്തിയ ജെയ്‌സന്‍ വെയ്ല്‍സിനും പന്ത് കണക്ട് ചെയ്യാനായില്ല. കളി അവസാന മിനിറ്റുകലിലേക്ക് നീങ്ങിയതോടെ ആക്രമണത്തില്‍ നിന്ന് പിന്‍മാറിയ ചര്‍ച്ചില്‍ പ്രതിരോധത്തില്‍ കേന്ദ്രീകരിച്ചു. സമനില ഗോളിന് വേണ്ടി ബഗാന്‍ താരങ്ങള്‍ ചര്‍ച്ചിലിന്റെ ഗോള്‍മുഖത്തേക്ക് നിരന്തരമായ ആക്രമണമഴിച്ചുവിട്ടുകൊണ്ടിരുന്നു. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ആദ്യമായി ഫൈനലിലെത്തിയതിന്റെ ആഹ്ലാദാരവങ്ങളോടെ ചര്‍ച്ചില്‍ താരങ്ങള്‍ ഗ്രൗണ്ടിന് പുറത്തേക്ക്.

ത്രില്ലറില്‍ സ്‌പോര്‍ട്ടിംഗ്

ആദ്യാവസാനം കാണികളെ ത്രില്ലടിപ്പിച്ച മത്സരത്തില്‍ ഡെംപോ ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളിന് മറികടന്ന് നാട്ടുകാരായ സ്‌പോര്‍ട്ടിംഗ് ക്ലബ് ഫെഡറേഷന്‍ കപ്പിന്റെ കലാശപ്പോരാട്ടതിന് ഇടം നേടി. സ്‌പോര്‍ട്ടിംഗിന് വേണ്ടി ആര്‍ടൂറോ ഗാര്‍ഷ്യ രണ്ടു ഗോളും ഹാറൂണ്‍ ഫക്രുദ്ദീന്‍ അമീരി ഒരു ഗോളും നേടി. ഡെംപോക്ക് വേണ്ടി ബൊയിമ കാര്‍പെ, ടോള്‍ഗി ഓസ്ബി എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
ഡെംപോയുടെ മുന്നേറ്റം കണ്ട ആദ്യനിമിഷങ്ങളില്‍ ഗോളവസരം തുറന്നു കിട്ടിയത് സ്‌പോര്‍ട്ടിംഗ് ക്ലബിനായിരുന്നു. നാലാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനടുത്തു നിന്ന് വിക്ടോറിനോ തൊടുത്ത കനത്ത ഷോട്ട് പ്രതിരോധനിരയില്‍ തട്ടി മടങ്ങി. കാലു ഒബ്ഗ പന്ത് നേരെ ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളി ലക്ഷികാന്ത് കട്ടിമണി പന്ത് കൈപ്പിടിയിലൊതുക്കി. 11-ാം മനിറ്റില്‍ ഡെംപോക്ക് അവസരം. ആല്‍വിന്‍ ജോര്‍ജ് നല്‍കിയ പന്തുമായി ടോല്‍ഗെ ഒസ്‌ബെ ഒറ്റക്ക് മുന്നേറി ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ഗോളി രവികുമാറിന്റെ കൈകളില്‍ വിശ്രമിച്ചു.
ഡെംപോയുടെ കളിയില്‍ ആധിപത്യം നേടിയ നിമിഷങ്ങള്‍. സ്‌പോര്‍ട്ടിംഗിന്റെ ഗോള്‍മുഖത്ത് ഡെംപോ കയറിയിറങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ പന്ത് ലഭിച്ചപ്പോഴൊക്കെ സ്‌പോര്‍ട്ടിംഗ് ഡെംപോയുടെ ഗോള്‍മുഖത്തേക്ക് കുതിച്ചെത്തി. 26-ാം മിനിറ്റില്‍ കാലു ഒഗ്ബക്ക് ലഭിച്ച ഫ്രീകിക്ക് പ്രതിരോധത്തില്‍ തട്ടി മടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ക്ലൈമാക്‌സില്‍ 30-ാം മിനിറ്റിലാണ് കളിയിലെ ആദ്യ ഗോള്‍ പിറന്നത്. ഡെംപോയുടെ ഏരിയയില്‍ വച്ച് അവരുടെ നാരായണ്‍ ദാസ് എടുത്ത ഒരു ത്രോ പിടിച്ചെടുത്ത സ്‌പോര്‍ട്ടിംഗിന്റെ ലെബീരിയക്കാരന്‍ ബൊയിമ കാര്‍പെ ഗോവന്‍ മുന്നേറ്റനിരയിലെ സൈമണ്‍ കൊളോസിമോയെ വെട്ടിച്ച് ബോക്‌സിലേക്ക് കടന്ന് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് ഗോള്‍പോസ്റ്റിലേക്ക് പായിച്ചു.
മത്സരത്തിലെ മേല്‍ക്കൈ നഷ്ടമായ ഡെംപോ മറുപടി ഗോളിനായി തിരിച്ചടിച്ചെങ്കിലും സ്‌പോര്‍ട്ടിംഗിന്റെ ബാറിന് കീഴില്‍ ഗോളി രവികുമാര്‍ അപ്രതിരോധ്യനായി നിന്നു. പീറ്റര്‍ കാര്‍വാലോയുടെ ഒരു ക്രോസ് രവികുമാര്‍ പെനാല്‍റ്റി ഏരിയക്ക് പുറത്തിറങ്ങിയാണ് കൈകൊണ്ട് തട്ടിയകറ്റിയത്. തുടര്‍ന്ന് ഡെംപോക്ക് ലഭിച്ച ഫ്രീകിക്ക് റോബര്‍ട്ടോ മെന്‍ഡസ് സില്‍വ അളന്നുകുറിച്ച് ഗോള്‍പോസ്റ്റിലേക്ക് തൊടുത്തെങ്കിലും രവികുമാര്‍ ഉജ്വലമായി സേവ് ചെയ്തു.
രണ്ടാം പകുതിയില്‍ ഗോളടിക്കാനായി ഡെംപോ കിണഞ്ഞു ശ്രമിച്ചെങ്കിലും സ്‌പോര്‍ട്ടിംഗ് പ്രതിരോധത്തിന്റെ കോട്ടകെട്ടി ചെറുത്തു. 54-ാം മിനിറ്റില്‍ സ്‌പോര്‍ട്ടിംഗിന് മുന്നില്‍ ഗോളവസരം തുറന്നെങ്കിലും ഇടതുവിംഗില്‍ നിന്ന് ഗോള്‍മുഖത്തേക്ക് പ്രതീഷ് ശിരോദ്കര്‍ നല്‍കിയ ക്രോസ് തുറന്ന പോസ്റ്റിലേക്ക് നിറയൊഴിക്കാതെ റൗളിന്‍ ബോര്‍ഗസ് പുറത്തേക്കടിച്ചു. തൊട്ടുപിന്നാലെ റോബര്‍ട്ടോ മെന്‍ഡസിന്റെ ഒരു പാസ് ആല്‍വിന്‍ പുറത്തേക്കടിച്ചു. ഡെംപോയുടെ കളി താളം തെറ്റി നില്‍ക്കെ 65-ം മിനിറ്റില്‍ ക്യാപ്റ്റന്‍ ക്ലിഫോര്‍ഡ് മിറിന്‍ഡയെ തിരിച്ചുവിളിച്ച കോച്ച് ഹോളി ചരണിനെ പകരക്കാരനായി ഇറക്കി.
72-ാം മിനിറ്റില്‍ ഡെംപോ സ്‌പോര്‍്ട്ടിംഗിന്റെ പ്രതിരോധ മതില്‍ തകര്‍ത്തു. റോബര്‍ട്ടോ മെന്‍ഡസ് നല്‍കിയ പാസ് സ്വീകരിച്ച് വലതു വിംഗിലൂടെ ഒറ്റക്ക് കുതിച്ച ടോള്‍ഗി ഓസ്ബി സ്‌പോര്‍ട്ടിംഗ് ഗോളിയെ മറികടന്ന് പന്ത് വലയിലാക്കി. സമനില ഗോള്‍ നേടിയതോടെ ഡെംപോയുടെ മുന്നേറ്റ നിര സ്‌പോര്‍ട്ടിംഗ് ഗോള്‍ മുഖത്ത് മിന്നല്‍പ്പിണരായി.
83-ാം മിനിറ്റില്‍ സ്‌പോര്‍ട്ടിംഗ് രണ്ടാം ഗോള്‍ നേടി കളി വീണ്ടും അവരുടെ വരുതിയിലാക്കി. പകരക്കാരനായി ഇറങ്ങിയ ആര്‍ടൂറോ ഗ്രേഷ്യയാണ് പെനാല്‍റ്റി കിക്കിലൂടെ ഡെംപോയുടെ ഗോള്‍വല കുലുക്കിയത്(2-1). േ്രഗഷ്യയുടെ കോര്‍ണര്‍ കിക്കില്‍ സ്‌പോര്‍ട്ടിംഗ് താരം ഹാറൂണ്‍ ഫക്രുദ്ദീന്‍ അമീരി കെവെച്ചതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി കിക്ക് അനുവദിച്ചത്.
തനിക്ക് പറ്റിയ പിഴവിന് ഹാറൂണ്‍ ഫക്രുദ്ദീന്‍ അമീരി അഞ്ചു മിനിറ്റിനുള്ളില്‍ പരിഹാരം ചെയ്തു. 87-ാം മിനിറ്റില്‍ റോബെര്‍ട്ടോ മെന്‍ഡസ് നല്‍കിയ റിട്ടേണ്‍ പാസ് സ്വീകരിച്ച് ഇടതുവിംഗിലൂടെ കുതിച്ച അമീരി ചാമ്പ്യന്‍ഷിപ്പിലെ തന്റെ ആദ്യ ഗോളും മത്സരത്തിലെ ഡെംപോയുടെ രണ്ടാം ഗോളും കുറിച്ചു(2-2). എക്‌സ്ട്രാ ടൈമിന്റെ പതിനഞ്ചാം മിനിറ്റില്‍ സ്‌പോര്‍ട്ടിംഗ് ഒരു പെനാല്‍റ്റി കിക്കിലൂടെ മുന്നിലെത്തി. ഡെംപോയുടെ ബോക്‌സിലേക്ക് പന്തുമായി മുന്നേറിയ പ്രതേഷ് ശിരോദ്കറെ ഹോളിചരണ്‍ വീഴ്ത്തിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി അനുവദിക്കപ്പെട്ടത്. കിക്കെടുത്ത ആര്‍ടൂറോ ഗാര്‍ഷ്യ പന്ത് ഗോളിയുടെ തലക്ക് മുകളിലൂടെ നെറ്റിലേക്ക് പായിച്ചു. സമനില ഗോളിനായി ഡെംപോ പൊരുതിക്കളിച്ചെങ്കിലും സ്‌പോര്‍്ട്ടിംഗിന്റെ മികവിനെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

---- facebook comment plugin here -----

Latest