കലോത്സവ വേദിയിലും താരമായി ജയശ്രീ ശിവദാസ്

    Posted on: January 23, 2014 11:36 pm | Last updated: January 23, 2014 at 11:36 pm

    SChool Fest Jayasree Story Phoപാലക്കാട്: അണ്ണാറക്കണ്ണനോട് ചങ്ങാത്തം കൂടാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി കലോത്സവ വേദിയിലും താരമായി. ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഭ്രമരത്തിലെ അണ്ണാറക്കണ്ണാ വാ…. പൂവാലാ, ചങ്ങാത്തം കൂടാന്‍ വാ.. എന്ന ഹിറ്റ് ഗാനരംഗമാണ് ജയശ്രീ ശിവദാസിനെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. ജയശ്രീ ശിവദാസ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ പങ്കെടുക്കാനാണ് പാലക്കാട്ടെത്തിയത്.
    തൃശ്ശൂര്‍ വിവേകോദയം ബോയ്‌സ് എച്ച് എസ് എസ് അവതരിപ്പിച്ച ‘പിതാവിനും പുത്രനും പരിശുദ്ധ മാതാവിനും സ്തുതിയായിരിക്കട്ടെ’ എന്ന നാടകത്തില്‍ രണ്ട് വേഷങ്ങളാണ് ജയശ്രി അവതരിപ്പിച്ചത്. ഏലിക്കൂട്ടി എന്ന നിഷ്‌ക്കളങ്കയായ നാടന്‍ പെണ്‍കുട്ടിയെയും നാട്ടുകാരിയായ സ്ത്രീയെയും മികച്ച രീതിയില്‍ ജയശ്രി അവതരിപ്പിച്ചു. നാടകത്തിന് അഞ്ചാം സ്ഥാനവും എ ഗ്രേഡുമാണ് ലഭിച്ചത്. ഇതേ നാടകത്തില്‍ നായക കഥാപാത്രമായ കുഞ്ഞനെ അവതരിപ്പിച്ച ശ്രീരാഗ് രാധാകൃഷ്ണന്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.
    കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ക്രിട്ടിക് അവാര്‍ഡും നേടിയിട്ടുണ്ട്. ഡോക്ടര്‍ ലൗവില്‍ ഭാവനയുടെ കുട്ടിക്കാലം, ചക്കരമുത്തില്‍ കാവ്യയുടെ കുട്ടിക്കാലം, മിന്നാമിന്നിക്കൂട്ടത്തില്‍ മീരാ ജാസ്മിന്റെ കുട്ടിക്കാലം എന്നിവയെല്ലാം അവതരിപ്പിച്ചത് ജയശ്രീയാണ്.
    അസുരവിത്ത്, പുള്ളിമാന്‍, ഏഴാം സൂര്യന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വേഷമിട്ട ജയശ്രി ഇടുക്കി ഗോള്‍ഡിലെ ജലജയായി സമീപകാലത്ത് പ്രേക്ഷക പ്രീതി നേടി. വെണ്‍മേഘം എന്ന തമിഴ് ചിത്രത്തില്‍ നായിക പൂജ എന്ന കഥാപാത്രം ജയശ്രിയാണ് അവതരിപ്പിക്കുന്നത്. വിവേകോദയം ബോയ്‌സ് എച്ച് എസ് എസില്‍ പ്ലസ് വണിന് പഠിക്കുന്ന ജയശ്രി തൃശ്ശൂര്‍ വല്ലങ്കര സ്വദേശി ശിവദാസ് സ്വപ്‌ന ദമ്പതിമാരുടെ മകളാണ്.