Connect with us

Ongoing News

മാപ്പിളകലകളില്‍ തിരുവങ്ങൂരിന്റെ ആധിപത്യം

Published

|

Last Updated

പാലക്കാട്: മാപ്പിള കലകളില്‍ കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ആധിപത്യം. പാലക്കാടന്‍ മണ്ണില്‍ മത്സരിച്ച ഇനങ്ങളിലെല്ലാം മികവുമായാണ് തിരുവങ്ങൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ദഫ് മുട്ടില്‍ തിരുവങ്ങൂര്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

ഹൈസ്‌കൂള്‍ വിഭാഗം അറബനയിലും എ ഗ്രേഡിന്റെ തിളക്കവും ഒന്നാം സ്ഥാനവും തിരുവങ്ങൂരിലെ മിടുക്കന്‍മാര്‍ക്കായിരുന്നു. ഈ മൂന്ന് ടീമുകളേയും പരിശീലിപ്പിച്ചത് കലോത്സവ നഗരികളിലെ നിത്യസാന്നിധ്യവും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ കോയ കാപ്പാടാണ്. അപ്പീലുള്‍പ്പെടെ ഇരുപതിലധികം ടീമുകള്‍ മത്സരിച്ച ഇനങ്ങളിലാണ് തിരുവങ്ങൂര്‍ പോരാടി ഓരോ ഇനത്തിലും ഒന്നാം സ്ഥാനത്തെത്തിയത്.
വിവിധ അറബി ഇശലുകള്‍ക്കൊത്ത് മെയ്‌വഴക്കത്തോടെ കോലടിച്ച് ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയിലും തിരുവങ്ങൂര്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഖാലിദ് കൊയിലാണ്ടിയുടെ ശിക്ഷണത്തിലാണ് കോല്‍ക്കളിയില്‍ തിരുവങ്ങൂര്‍ മത്സരിക്കാനെത്തിയത്. കൂടാതെ ഹൈസ്‌കൂള്‍ വിഭാഗം നാടകത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കഥകളിയിലുള്‍പ്പെടെ എ ഗ്രേഡ് നേടാനും തിരുവങ്ങൂരിലെ കുട്ടികള്‍ക്കായി.