Connect with us

Ongoing News

'കോട്ടയം അച്ചായന്‍' മികച്ച നടന്‍ 'നാസറിന്റെ ഉമ്മ' മികച്ച നടി

Published

|

Last Updated

പാലക്കാട്: സ്‌നേഹിക്കാന്‍ മാത്രമറിയുന്ന കോട്ടയം അച്ചായന്‍ “കുഞ്ഞന”ായി വേഷമിട്ട ശ്രീരാഗ് രാധാകൃഷ്ണനും മകന് വേണ്ടി ഉറിയിലെപ്പോഴും ഒരുപിടി ചോറുമായി കാത്തിരുന്ന “നാസറിന്റെ ഉമ്മ”യായി വേഷമിട്ട പി ബി ജിതിനയും ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ മികച്ച നടനും നടിയുമായി.
തൃശ്ശൂര്‍ വിവേകോദയം ബോയ്‌സ് എച്ച് എസ് എസ് അവതരിപ്പിച്ച “പിതാവിനും പുത്രനും പരിശുദ്ധ മാതാവിനും സ്തുതിയായിരിക്കട്ടെ” എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രമായ കോട്ടയം അച്ചായന്‍ കുഞ്ഞനായാണ് ശ്രീരാഗ് വേഷമിട്ടത്. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു കഥാപാത്രമാണ് കുഞ്ഞന്‍. മക്കളില്ലാത്ത വിഷമം മാത്രമാണ് കുഞ്ഞനുള്ളത്. എല്ലാ ദിവസവും പള്ളിയിലെത്തുന്ന കുഞ്ഞന്‍ ഉണ്ണിയേശുവിനോട് കരഞ്ഞ് പ്രാര്‍ഥിക്കും. ഒരിക്കല്‍ പള്ളി തകര്‍ന്ന് മഴവെള്ളം ഉണ്ണിയേശുവിന്റെ മുകളില്‍ വീഴുന്നത് കുഞ്ഞന് സഹിക്കാനായില്ല. മകനെപ്പോലെ സ്‌നേഹിക്കുന്ന ഉണ്ണിയേശുവിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഉണ്ണിയേശുവിനെ കുഞ്ഞന്‍ മോഷ്ടിച്ചതാണെന്നും സഭയില്‍ നിന്ന് പുറത്താക്കണമെന്നും നേതൃത്വം തീരുമാനിക്കുന്നു. ഒടുവില്‍ കുഞ്ഞനും ഭാര്യയും സമൂഹത്തില്‍ ഒറ്റപ്പെടുകയും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുകയാണ്. കുഞ്ഞനായി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ശ്രീരാഗിനെ മികച്ച നടനാക്കിയത്.
പേരാമംഗലം ദേവരാഗത്തില്‍ രാധാകൃഷ്ണന്‍- സുനന്ദ ദമ്പതിമാരുടെ മകനാണ് ശ്രീരാഗ്. ഉണ്ണി ആറിന്റെ കോട്ടയം 17 എന്ന ചെറുകഥയെ ആസ്പദമാക്കി നിഖില്‍ ദാസ് രചന നിര്‍വഹിച്ച നാടകം സംവിധാനം ചെയ്തത് സനേഷ് കെ ഡിയാണ്.
മുസ്‌ലിം പേരില്‍ ജനിച്ചുപോയി എന്നതിന്റെ പേരില്‍ സമൂഹം തീവ്രവാദിയുടെ തൊപ്പിയണിച്ചയാളാണ് നാസര്‍. ഇത് ദുരന്തമായി അയാളുടെ കുടുംബത്തെ വേട്ടയാടുന്നു. തൃശ്ശൂര്‍ ആമ്പല്ലൂര്‍ അളഗപ്പനഗര്‍ എ പി എച്ച് എസ് എസ് അവതരിപ്പിച്ച “നാസര്‍ നിന്റെ പേരെന്താണ്” എന്ന നാടകത്തില്‍ ഉറിയിലെപ്പോഴും ഒരു പിടി ചോറുമായി മകനെ കാത്തിരുന്ന നാസറിന്റെ ഉമ്മയായി വേഷമിട്ടാണ് പി ബി ജിതിന മികച്ച നടിയായത്. ആമ്പല്ലൂര്‍ വെണ്ടോക്കാരന്‍ വീട്ടില്‍ ബാബു ജോളി ദമ്പതിമാരുടെ മകളാണ് ജിതിന. 27 നാടകങ്ങളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.
എ ശാന്തകുമാര്‍ രചിച്ച നാസര്‍ നിന്റെ പേരെന്താണ് എന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത് ജിനേഷ് ആമ്പല്ലൂരാണ്.

 

Latest