Connect with us

Kozhikode

നവതിയുടെ നിറവില്‍ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ഒരു വിവാഹം

Published

|

Last Updated

കോഴിക്കോട്: ഒരു പാവപ്പെട്ട കുടുംബത്തിന് സഹായം കിട്ടാനായി അവരിലൊരാളെ വിവാഹം കഴിച്ച കഥ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. എന്നാല്‍ വെസ്റ്റ്ഹില്‍ രജിസ്റ്റര്‍ ഓഫീസില്‍ ഇന്നലെ അങ്ങനെയൊരു അപൂര്‍വത അരങ്ങേറി. നവതിയുടെ നിറവില്‍ നിന്നുകൊണ്ട് വയനാട് മാക്കിയാട് ആയിക്കുന്നേല്‍ നാരായണപ്പിള്ള കക്കോടി സ്വദേശി 61 കാരിയായ രാധയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയതോടെയാണ് കഥ തുടങ്ങുന്നത്. മക്കളുടെയും മരുമക്കളുടെയും എതിര്‍പ്പിനെ മറികടന്ന് ഈ പ്രായത്തില്‍ വിവാഹം കഴിച്ചതിന് ഒരു കാരണം മാത്രമേ നാരായണപ്പിള്ളക്ക് പറയാനുളളൂ. “ഓരോ മാസവും 26, 000 രൂപ പെന്‍ഷനായി തനിക്ക് ലഭിക്കുന്നുണ്ട്. തന്റെ മരണശേഷം തന്റെ ഭാര്യക്ക് ഈ തുക ലഭിക്കും. അതൊരു പാവപ്പെട്ട കുടുംബത്തിന് ലഭിച്ചാല്‍ വലിയ കാര്യമല്ലേ…..”
കുരവയും വായ്ത്താരിയുമായി താലികെട്ട്… അതിന് ശേഷം അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും മധുരം… ഉച്ചക്ക് അമ്പതോളം പേര്‍ക്ക് സദ്യ.. ഇതാണ് വിവാഹചടങ്ങ്. ലളിതം… സുന്ദരം… എന്നാല്‍ ഈ വിവാഹചടങ്ങില്‍ താന്‍ തൃപ്തനല്ലെന്നാണ് നാരായണപ്പിള്ളയുടെ പക്ഷം. ഒരുപാടാളുകളെയൊക്കെ ക്ഷണിച്ച് എല്ലാ വിഭവങ്ങളും വിളമ്പി ഗംഭീരമായ ഒരാഘോഷം തന്നെയാക്കി മാറ്റണം എന്നുണ്ടായിരുന്നു. മക്കളുടെ എതിര്‍പ്പാണ് ലളിതമായ ചടങ്ങിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
16ാം വയസ്സില്‍ തുടങ്ങിയ സമരജീവിതമാണ് നാരായണപ്പിള്ളയുടേത്. ക്വിറ്റ് ഇന്ത്യാ സമരത്തിലും അത് കഴിഞ്ഞ് പുന്നപ്ര- വയലാര്‍ സമരത്തിലും പങ്കെടുത്ത നാരായണപ്പിള്ള ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകനായിരുന്നു. തൊടുപുഴക്കാരനായിരുന്ന ഇദ്ദേഹം കുടിയേറ്റത്തിലൂടെയാണ് വയനാട്ടില്‍ എത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വയനാട് മക്കിയാട് സ്ഥിര താമസക്കാരനായിരുന്നു ഇദ്ദേഹം. മക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഈ വിവാഹത്തോടെ വയനാട്ടില്‍ നിന്ന് പോന്നു. ഇപ്പോള്‍ കോഴിക്കോട് മായനാട് വാടകക്ക് താമസിക്കുകയാണ്.

 

---- facebook comment plugin here -----

Latest