Connect with us

International

തിരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കണം: ഉക്രൈനില്‍ പ്രതിപക്ഷം അന്ത്യശാസനം നല്‍കി

Published

|

Last Updated

കീവ്: റഷ്യയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പിന്തുണയോടെയുള്ള പ്രക്ഷോഭം ഉക്രൈനെ കലാപക്കളമാക്കി. ഉക്രൈന്‍ പ്രതിപക്ഷ നേതാക്കള്‍ പ്രസിഡന്റ് വിക്ടര്‍ യുന്‍കോവിച്ചിനെ കണ്ടെങ്കിലും സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. 24 മണിക്കൂറിനകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ തലസ്ഥാനമായ കീവില്‍ ജനം തെരുവിലിറങ്ങി.
അക്രമവും കൊള്ളിവെപ്പും മൂലം രാജ്യ തലസ്ഥാനം യുദ്ധക്കളമായി മാറിയിരിക്കയാണ്.
പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാറാണെന്നും തിരഞ്ഞെടുപ്പിനെ നേരിടണമെന്നുമുള്ള ആവശ്യത്തിലാണ് പ്രതിപക്ഷം. പ്രതിപക്ഷം ആക്രമണം അവസാനിപ്പിക്കണമെന്നും അവരുടെ ആവശ്യം ജനാധിപത്യപരമായി പരിഗണിക്കാമെന്നുമാണ് പ്രധാനമന്ത്രി മൈക്കോള അസാറോവ പ്രസ്താവിച്ചത്. പ്രതിപക്ഷം പ്രഖ്യാപിച്ച അന്ത്യശാസന തീയതി ഇന്നലെ അവസാനിച്ചിരുന്നു.
ബുധനാഴ്ച രണ്ട് പ്രക്ഷോഭകര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതോടെ ആക്രമണങ്ങള്‍ക്ക് ശക്തി കൂടി. ഒപ്പം പോലീസ് നടപടി നിഷ്പക്ഷരായ ജന വിഭാഗത്തേ പ്രതിപക്ഷത്തേക്ക് അടുപ്പിക്കുകയും ചെയ്തു. പോലീസ് നടപടിയെ തുടര്‍ന്ന് സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കൊല്ലപ്പെട്ടവരുടെ പ്രതീകാത്മക പ്രതിമകള്‍ മിക്ക പട്ടണങ്ങളിലും പ്രക്ഷോഭകര്‍ സ്ഥാപിച്ചു. ഇത് പൊതുജനങ്ങളുടെ സഹതാപ തരംഗത്തിന് കാരണമാകുന്നുണ്ട്.
പ്രക്ഷോഭത്തിന്റെ തലം മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. കരാര്‍ നടപ്പാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന ആവശ്യത്തില്‍ നിന്ന് മാറി ഭരണമാറ്റം, തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തിലേക്കാണ് ഇപ്പോള്‍ പ്രതിപക്ഷം ചുവട് മാറുന്നത്.
റഷ്യയുമായുള്ള വ്യാപാര കരാര്‍ ഉക്രൈനിന്റെ സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ് സൃഷ്ടിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നതെങ്കിലും പ്രക്ഷോഭക പക്ഷത്തേക്ക് ജനങ്ങള്‍ നീങ്ങുന്ന കാഴ്ചയാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്.
കീവ് നഗരത്തില്‍ ദേശീയ ഗാനം പാടിയാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. പോലീസ് സ്‌റ്റേഷന് തീയിടുകയും, ബാരിക്കേഡുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. പോലീസ് സേനയെ തീ കൊണ്ടാണ് പ്രക്ഷോഭകര്‍ നേരിടുന്നത്. പോലീസ് വെടിവെപ്പില്‍ 17 കാരന് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു.