Connect with us

Kannur

കണ്ണൂരിലെ ബി ജെ പി വിമത വിഭാഗം സി പി എമ്മിലേക്ക്‌

Published

|

Last Updated

കണ്ണൂര്‍: ബി ജെ പി മുന്‍ ദേശീയ സമിതിയംഗവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ഒ കെ വാസുവിന്റെയും മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം അശോകന്റെയും നേതൃത്വത്തില്‍ പാര്‍ട്ടി വിട്ട 2,000ഓളം പേര്‍ ഇനി സി പി എമ്മിലേക്ക്. കണ്ണൂരിലെ ബി ജെ പിയില്‍ അടുത്ത കാലത്തായി പൊട്ടിപ്പുറപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ബി ജെ പിയുടെ ജില്ലയിലെ ശക്തികേന്ദ്രങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക് ചേക്കേറുന്നത്. ബി ജെ പി ജില്ലാ പ്രസിഡന്റ്എം രഞ്ജിത്തിനെതിരെയുയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം നടത്തിയില്ലെന്നും നടപടിയെടുത്തില്ലെന്നും ആരോപിച്ച് ഒരു വിഭാഗം നേതാക്കള്‍ നമോവിചാര്‍മഞ്ച് എന്ന സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഈ സംഘടനയില്‍ നിന്നുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ സി പി എമ്മില്‍ ചേരാന്‍ തീരുമാനിച്ചത്.

ബി ജെ പി യുടെ ജില്ലയിലെ പ്രധാന ശക്തികേന്ദ്രങ്ങളായ പാട്യം, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍, പഞ്ചായത്തുകളിലെയും കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെയും ചില പ്രദേശങ്ങളില്‍ നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ ബദ്ധവൈരിയായ സി പി എമ്മില്‍ ചേരുന്നത് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ആദ്യ സംഭവം കൂടിയാണ്. ജാതി മത ചിന്തകള്‍ക്ക് അതീതമായി സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്നതും ഉള്‍പാര്‍ട്ടി ജനാധിപത്യം എന്നും നിലനിര്‍ത്തുകയും ചെയ്യുന്നതിനാലാണ് പൊതു പ്രവര്‍ത്തകരെന്ന നിലയില്‍ സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് എ അശോകന്‍ പറഞ്ഞു. ആരോപണ വിധേയനായ കെ രഞ്ജിത്തിനെ ബി ജെ പി ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ജില്ലയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ആഗ്രഹിക്കുകയാണ്. പാര്‍ട്ടിയുടെ കര്‍മസ്ഥാനങ്ങളില്‍ കുടിയിരിക്കുന്നവരും ആര്‍ എസ് എസ് നേതൃത്വവും രഞ്ജിത്തിനെ സംരക്ഷിക്കുകയാണെന്നും അശോകന്‍ ആരോപിച്ചു. സി പി എമ്മുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നറിയിച്ചുള്ള കത്ത് ഇവര്‍ സി പി എം ജില്ലാ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ഇന്ന് പ്രഖ്യാപിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് കത്ത് ലഭിച്ചിട്ടുണെന്നും ജയരാജന്‍ “സിറാജി” നോട് വ്യക്തമാക്കി. അതിനിടെ ബി ജെ പി വിട്ടവരെ സ്വീകരിക്കാന്‍ ഈ മാസാവസാനം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണയോഗം സംഘടിപ്പിക്കുമെന്ന് സൂചനയുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ ഇതില്‍ പങ്കെടുക്കുമെന്നും അറിയുന്നു.്‌