അല്‍ മുന്‍തസ പാര്‍ക്ക് അടുത്ത മാസം തുറക്കും

Posted on: January 23, 2014 6:12 pm | Last updated: January 23, 2014 at 6:12 pm

miscellaneous-9ഷാര്‍ജ: അടുത്ത മാസം അല്‍ മുന്‍തസ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുനരുദ്ധാരണത്തിന്റെ ഭാഗമായി 2012 ല്‍ അടച്ചുപൂട്ടിയ അല്‍ ജസീറ പാര്‍ക്കാണ് അടുത്ത മാസം അല്‍ മുന്‍തസ എന്ന പേരില്‍ തുറക്കുന്നത്.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തുറക്കുന്ന പാര്‍ക്കില്‍ കൂടുതല്‍ സഞ്ചാരികളെ ആഘര്‍ഷിക്കാന്‍ വാട്ടര്‍ തീം പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്. 1979ലാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. മൂന്നു പതിറ്റാണ്ടിലധികം എമിറേറ്റിലെ കുടുംബങ്ങളുടെ മുഖ്യ സന്ദര്‍ശന കേന്ദ്രമായിരുന്നു അല്‍ ജസീറ പാര്‍ക്ക്. 10 കോടി ദിര്‍ഹം ചെലവഴിച്ച് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ഷുറൂഖ്)യാണ് പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും പാര്‍ക്കിന് പുതിയ പേര് നല്‍കിയതും. വാട്ടര്‍ തീം പാര്‍ക്ക്, ഫണ്‍ ഫെയര്‍, ആര്‍ക്കെയ്ഡ്‌സ്, പിക്‌നിക് മേഖല എന്നിവ ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് അടുത്ത മാസം മുതല്‍ സഞ്ചാരികളെയും സന്ദര്‍ശകരെയും സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
ഖാലിദ് ലഗൂണിലാണ് 1,26,000 ചതുരശ്ര മീറ്ററില്‍ പാര്‍ക്ക് അവസാന മിനുക്കുപണികള്‍ നടത്തുന്നത്. ഷുറുഖ് ചെയര്‍പേഴ്‌സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പ്രത്യേക താല്‍പര്യമാണ് പാര്‍ക്കിന്റെ നവീകരണം സാധ്യമാക്കിയതെന്ന് ഷുറുഖ് സി ഇ ഒ മര്‍വാന്‍ ബിന്‍ അല്‍ സെര്‍കാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 26,000 ചതുരശ്ര അടിയിലാണ് മുന്‍തസ പാര്‍ക്കില്‍ വാട്ടര്‍ തീം പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ എമിറേറ്റിലെ ആദ്യ സംരംഭം കൂടിയാണിത്. രാജ്യന്തര നിലവാരമുളള റൈഡുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഏത് പ്രായക്കാരുടെയും താല്‍പര്യം സംരക്ഷിക്കുന്ന രീതിയിലാണിത്. പിക്‌നിക്കിനായി എത്തുന്നവര്‍ക്കായി പാര്‍ക്കില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച ഹരിതമേഖലയും സജ്ജമാക്കുന്നുണ്ട്.
50,000 ചതരുശ്ര മീറ്ററില്‍ വിശ്രമത്തിനായുള്ള ഉപാധികളോടെയുള്ള മൂന്നാം ഭാഗത്തിന്റെ പ്രവര്‍ത്തനം നടന്നുവരികയാണ്. രണ്ട് മിനി ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്കൊപ്പം വീഡിയോ ഗെയിമുകള്‍ക്കും ഇലട്രോണിക് ഗെയിമുകള്‍ക്കും ഇവിടെ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ശുറൂഖ് സി ഇ ഒ പറഞ്ഞു. വര്‍ഷത്തില്‍ മൂന്നു കോടി സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ഈ പാര്‍ക്കിനാവും.