ടിപി വധക്കേസ്; പ്രതികളുടെ ശിക്ഷ 28ന് വിധിക്കും

Posted on: January 23, 2014 1:30 pm | Last updated: January 24, 2014 at 7:56 am

tp slugകോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഈ മാസം 28ന് വിധിക്കും. ഇതുസംബന്ധിച്ച വാദം ഇന്ന് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി. 12 പ്രതികളെയാണ് കോടതി ഇന്നലെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടത്തിയ പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതില്‍ ലംബു പ്രദീപന്‍ ഒഴികെ എല്ലാവരും വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചെയ്തതെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി പറഞ്ഞു. ലംബു പ്രദീപന്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ജഡ്ജി പറഞ്ഞു.

പ്രോസിക്യൂഷനും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു. നിത്യരോഗിയായ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് 13ാം പ്രതിയായ സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്ദന്‍ കോടതിയില്‍ ബോധിപ്പിച്ചു. താന്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ലെന്ന് മറ്റൊരു സി പി എം നേതാവ് കെ സി രാമചന്ദ്രന്‍ പറഞ്ഞു. വെട്ടിന്റെ എണ്ണം നോക്കിയല്ല ശിക്ഷയുടെ അളവ് നിശ്ചയിക്കേണ്ടതെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചു.