ചിരട്ട വില കുതിക്കുന്നു; കൊല്ലപ്പണിക്കാര്‍ ദുരിതത്തില്‍

Posted on: January 23, 2014 8:13 am | Last updated: January 23, 2014 at 8:13 am

പേരാമ്പ്ര: ചിരട്ടക്ക് അനുദിനം വില കുതിച്ചുകയറുന്നത് മൂലം ഇരുമ്പുപകരണങ്ങള്‍ നിര്‍മിച്ച് ഉപജീവനമാര്‍ഗം തേടുന്ന കൊല്ലന്‍ വിഭാഗത്തില്‍പ്പെടുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍.
ഇരുമ്പ് ഉരുക്കി പാകപ്പെടുത്താനായി ചിരട്ട കത്തിച്ചുണ്ടാക്കുന്ന കരിയാണ് കൊല്ലപ്പണിക്കൂടുകളില്‍ ഉപയോഗിക്കുന്നത്. മറ്റ് വിറകുകള്‍ ഉപയോഗിച്ച് ഇരുമ്പുത്പന്നങ്ങള്‍ പാകപ്പെടുത്താന്‍ കഴിയുകയില്ല. പിന്നെ ഇതിനായി ഉപയോഗിക്കാവുന്നത് പുളിമരം, പൂവ്വം എന്നിവ കത്തിച്ചുണ്ടാക്കുന്ന കരിയാണ്.
ഇത്തരം മരങ്ങള്‍ ചൂളയില്‍ കത്തിച്ച് കരിയുണ്ടാക്കുന്നത് വര്‍ഷങ്ങളായി നിലച്ച അവസ്ഥയിലുമാണ്. നൂറ് ചിരട്ടക്ക് ഏതാനും മാസം മുമ്പ് വരെ 30 രൂപയാണുണ്ടായിരുന്നത്. എന്നാല്‍ അന്യ സംസ്ഥാനത്ത് നിന്ന് വലിയ ലോറികളുമായെത്തുന്ന ഏജന്റുമാര്‍ 80 രൂപ വരെ വില നല്‍കി ചിരട്ട ശേഖരിക്കാന്‍ തുടങ്ങിയതോടെ നാട്ടില്‍ ചിരട്ട കിട്ടാനില്ലെന്ന് കൊല്ലപ്പണിക്കാര്‍ പറയുന്നു.