താലൂക്ക് ആശുപത്രി നിര്‍മാണ പ്രവൃത്തി പഴയ കെട്ടിടത്തിന് ഭീഷണിയാകുന്നു

Posted on: January 23, 2014 8:13 am | Last updated: January 23, 2014 at 8:13 am

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ പുതിയ ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചതോടെ ആശുപത്രി വാര്‍ഡ് കെട്ടിടവും ഒ പി വിഭാഗം പ്രവൃത്തിക്കുന്ന കെട്ടിടങ്ങളും അപകട ഭീഷണിയില്‍.
പുതുതായി നിര്‍മിക്കുന്ന ആറ് നില കെട്ടിടത്തിന് വേണ്ടി കഴിഞ്ഞ ഒരു മാസത്തോളമായി രാപകല്‍ വ്യത്യാസമില്ലാതെ പൈലിംഗ് പ്രവൃത്തി തുടരുകയാണ്. ഏകദേശം 28 മീറ്റര്‍ ആഴത്തില്‍ പൈലിംഗ് വേണ്ടിവരുമെന്നാണ് പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതരുടെ നിഗമനം.
പുതിയ കെട്ടിടം നിര്‍മിക്കേണ്ട സ്ഥലത്തിന്റെ തെക്ക് ഭാഗത്താണ് ഇപ്പോള്‍ പൈലിംഗ് നടക്കുന്നത്. ഇത് കാരണം സമീപത്തെ ഒ പി വിഭാഗം പ്രവൃത്തിക്കുന്ന കെട്ടിടത്തിന്റെ ചുവരുകളിലും മറ്റും വിള്ളല്‍ വീണ് കഴിഞ്ഞു. രോഗികളെ കിടത്തി ചികിത്സിക്കുന്ന കെട്ടിടത്തിന്റെ സ്ഥിതിയും പരിതാപകരമാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വാര്‍ഡ് നവീകരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന ടൈലുകള്‍ പല ഭാഗങ്ങളിലും അടര്‍ന്ന നിലയിലാണ്.
പൈലിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും സീലിംഗ് പാളികള്‍ അടര്‍ന്ന് വീഴുന്നതും അപകട ഭീഷണിയാകുന്നു. നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗം പരിശോധന നടത്തി കെട്ടിടം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ അവസ്ഥയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്നും ആശുപത്രി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത് മുഖവിലക്കെടുക്കാതെയാണ് ഇപ്പോള്‍ ദിനംപ്രതി ഉള്‍ക്കൊള്ളുന്നതിലധികം രോഗികളെ അഡ്മിറ്റ് ചെയ്യുന്നത്. നഗരസഭാ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്‍ ഐ ടിയില്‍ നിന്ന് വിദഗ്ധരെത്തി കെട്ടിടത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ഇതുവരെ നടപടിയുണ്ടായില്ല.
ഇപ്പോള്‍ കിടത്തി ചികിത്സ നിയന്ത്രിക്കാനാണ് തീരുമാനം. കൂടുതല്‍ ഗൗരവതരമായ കേസുകള്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുള്ളൂ. പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നതുവരെ ആശുപത്രിയില്‍ എത്തുന്ന നിരവധി രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെയോ മെഡിക്കല്‍ കോളജ് ആശുപത്രിയെയോ ആശ്രയിക്കേണ്ടി വരും. താത്ക്കാലിക പരിഹാരമായി പണി പൂര്‍ത്തിയായിവരുന്ന ജെറിയാട്രിക് വാര്‍ഡിലേക്ക് ഒരാഴ്ചക്കകം ഐ പി രോഗികളെ മാറ്റാനാണ് ഉദ്ദേശ്യമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശാന്ത പറഞ്ഞു.