ചോക്കാട് ഗിരിജന്‍ കോളനിയില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി

Posted on: January 23, 2014 8:12 am | Last updated: January 23, 2014 at 8:12 am

കാളികാവ്: താമസിച്ചിരുന്ന കുടിലുകള്‍ പൊളിച്ച് മാറ്റിയതിനെ തുടര്‍ന്ന് പെരുവഴിയിലായ ചേനപ്പാടി കോളനിയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. ചോക്കാട് നാല്‍പത് സെന്റി ഗിരിജന്‍ കോളനിയിലെ പട്ടിക വര്‍ഗ സഹകരണ സംഘത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് പത്ത് കുടുബംങ്ങള്‍ക്കും വീട് വെക്കുന്നതിന് ഭൂമി നല്‍കുന്നത്. 50 സെന്റ് വീതം പത്ത് കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കുക.
ഏറെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് ചേനപ്പാടി ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നടപടികള്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം ആദിവാസികള്‍ സി പി എം ന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. തുടര്‍ന്നാണ് ചേനപ്പാടിക്കാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച ഭൂമിയില്‍ കാട് വെട്ടി തെളീച്ച് സര്‍വേ നടപടികള്‍ തുടങ്ങിയത്. പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ശ്രീരാമകൃഷ്ണന്‍ എം എല്‍ എ ചേനപ്പാടി കോളനി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി എ പി അനില്‍കുമാറും കാട് കയറി കോളനിയില്‍ എത്തി. അന്ന് തന്നെ കാട്ടാനകളും പുലികളും ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ താവളമായ കാടിനുള്ളിലെ ഷെഡ്ഡുകളില്‍ കഴിഞ്ഞിരുന്ന ചേനപ്പാടി ആദിവാസികളെ നാല്‍പത് സെന്റ് ഗിരിജന്‍കോളനി സ്‌കൂളിലേക്ക് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. രണ്ട് മാസം കൊണ്ട് പുനരധിവസിപ്പിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പുനരധിവാസ നടപടികള്‍ മാസങ്ങളോളം വൈകി. തുടര്‍ന്ന് നിരവധി സമരങ്ങള്‍ നടന്നിരുന്നു.
കുടിവെള്ളം ഉള്‍പ്പടെ പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും പ്രയാസത്തിലായ കോളനിക്കാര്‍ വീണ്ടും ചേനപ്പാടിയിലേക്ക് തന്നെ താമസം മാറിയിരിക്കുകയാണ്. അളന്നിട്ട ഭൂമിയില്‍ ഉടന്‍ വീട് വെച്ച് നല്‍കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. നിലമ്പൂര്‍ തഹസില്‍ദാര്‍ എം അബ്ദുല്‍ സലാം, ആഡീഷണല്‍ തഹസില്‍ദാര്‍ പ്രസന്ന, താലൂക്ക് ഹെഡ് സര്‍വേയര്‍ ശൈലേന്ദ്രന്‍, സര്‍വ്വേയര്‍മാരായ സി ഫൈസല്‍, മുസ്തഫ, ശ്രീജേഷ്, സജ്ജാദ്, സുമേഷ്, ചോക്കാട് വില്ലേജ് ഓഫീസര്‍ ഷമീര്‍, വില്ലേജ് അസിസ്റ്റന്റ് ഗഫൂര്‍ എന്നിവരാണ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചത്. കാളികാവ് എസ് ഐ. പി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.