Connect with us

Wayanad

കുട്ടികളുടെ അവകാശ സംരക്ഷണം: ശില്‍പ്പശാല ഇന്ന്

Published

|

Last Updated

കല്‍പ്പറ്റ: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ശില്‍പ്പശാല രാവിലെ 9.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നീലഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ കെ.ജി. രാജു അദ്ധ്യക്ഷത വഹിക്കും. കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ് ആമുഖ പ്രഭാണം നടത്തും. കുട്ടികളെ സംബന്ധിച്ച നിയമവും അവര്‍ക്കായുള്ള സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കും ഭാവിപ്രവര്‍ത്തനങ്ങളും എന്നീ വിഷയങ്ങളില്‍ വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധ്യക്ഷന്‍ ഫാ.തോമസ്.ജെ.തേരകം, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ അഡ്വ. നസീര്‍ ചാലിയം, രാജഗിരി ഔട്ട് റീച്ച് ഡയറക്ടര്‍ എം.പി. ആന്റണി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സെക്രട്ടറി സി.കെ. വിശ്വനാഥന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. കമ്മീഷന്‍ സെക്രട്ടറി സി.കെ. വിശ്വനാഥന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിക്കും.
സംസ്ഥാനത്തെ 56.10 ശതമാനം കുട്ടികള്‍ ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 5 നും 12 നും ഇടയില്‍ പ്രായമുള്ള 44.21 ശതമാനം കുട്ടികളും 13 നും 14 നും ഇടയില്‍ 25.49 ശതമാനവും 15 നും 18 നും ഇടയില്‍ 30.30 ശതമാനം കുട്ടികളും ശാരീരിക അതിക്രമത്തിന് വിധേയരാകുന്നു. കുട്ടികളുടെ അതിജീവനം, സംരക്ഷണം, സുരക്ഷ, വികാസം, പങ്കാളിത്തം എന്നീ അടിസ്ഥാന അവകാശങ്ങള്‍ ഓരോരുത്തര്‍ക്കും സാധ്യമാകുന്ന തരത്തിലുള്ള പദ്ധതികള്‍ വാര്‍ഡ്-പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നതിനായുള്ള ആദ്യത്തെ ബോധവല്‍ക്കരണ ശില്‍പ്പശാലയാണ് ജില്ലയില്‍ നടക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു.

 

Latest