ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നടത്തുന്ന ജപ്തി നടപടികള്‍ നിര്‍ത്തണം: സി പി ഐ

Posted on: January 23, 2014 8:10 am | Last updated: January 23, 2014 at 8:10 am

cpim-flagകല്‍പ്പറ്റ: ജില്ലയിലെ ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യാപകമായ രീതിയില്‍ ആരംഭിച്ചിട്ടുള്ള ജപ്തി നടപടികള്‍ ഉടന്‍ നിര്‍ത്തണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മൊറോട്ടോറിയം കാലാവധി കഴിഞ്ഞയുടന്‍ സഹകരണ ബാങ്കുകള്‍ അടക്കം കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയയ്ക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതിനകം എണ്ണായിരത്തില്‍പ്പരം പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. പുല്‍പള്ളി മേഖലയില്‍ മാത്രം ജപ്തി നോട്ടീസ് കിട്ടിയവരുടെ എണ്ണം മൂവായിരത്തിഅഞ്ഞൂറോളം ആയി. കാര്‍ഷിക വായ്പയ്ക്ക് പുറമെ കൃഷിക്കാര്‍ മക്കളുടെ വിദ്യാഭ്യാസത്തിന് എടുത്തിട്ടുള്ള വായ്പയിലും പൊതുമേഖലയിലെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയിലുമെല്ലാം നോട്ടീസുകള്‍ അയക്കുന്നത് തുടരുകയാണ്.
കാര്‍ഷിക മേഖല തീര്‍ത്തും പ്രതിസന്ധിയിലാണെന്ന പരിഗണന പോലുമില്ലാതെയാണ് ഈ നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാവുമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
ജപ്തിക്ക് വരുന്ന ഉദ്യോഗസ്ഥരെ തടയുന്നത് അടക്കമുള്ള സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കും. വന്‍കിട വ്യവസായികളുടെ കിട്ടാക്കടം പിരിച്ചെടുക്കുന്നതിനായുള്ള സര്‍ഫാസി ആക്ട് പ്രകാരവും കര്‍ഷകരുടെ വായ്പാ കുടിശിക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുകയാണ്. കൃഷിഭൂമി പണയപ്പെടുത്തിയുള്ള കടങ്ങള്‍ക്ക് സര്‍ഫാസ് ആക്ട് ബാധകമല്ലെന്ന് കേരള നിയമസഭയുടെ അഷുറന്‍സ് കമ്മിറ്റി വയനാട്ടില്‍ നടത്തിയ സിറ്റിംഗില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് മറികടന്നുള്ള നിയമ വിരുദ്ധ നീക്കമാണ് മിക്ക ബാങ്കുകളും നടത്തുന്നത്. കഴിഞ്ഞ കാലവര്‍ഷത്തിലെ അതിവര്‍ഷം വിളകളുടെ ഉല്‍പാദനത്തില്‍ വിലിയ ഇടിവാണ് സൃഷ്ടിച്ചത്. കവുങ്ങ് കൃഷിക്കാര്‍ക്ക് വരുമാനം തന്നെ ഇല്ലാതായി.
കാപ്പി ഉല്‍പാദനം 50 ശതമാനത്തോളം കുറവുണ്ട്. കുരുമുളക് ഉല്‍പാദനത്തിലെ കുറവ് സര്‍വകാല റെക്കോര്‍ഡിലാണ്. കാലവര്‍ഷത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം പോലും സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല. വരുമാനക്കുറവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം നിത്യജീവിതം തന്നെ ക്ലേശപൂര്‍ണമായ സാഹചര്യത്തില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നടത്തുന്ന ജപ്തി നീക്കങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ വലിയ ജനകീയ പ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയായിരിക്കുമെന്നും സി പി ഐ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പി കെ മൂര്‍ത്തി അധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി ബാലന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.