വാഹന പരിശോധന: ജനരോഷം സംഘര്‍ഷാവസ്ഥക്ക് കാരണമായി

Posted on: January 23, 2014 8:05 am | Last updated: January 23, 2014 at 8:05 am

പരപ്പനങ്ങാടി: വാഹന പരിശോധനക്കിടെ പോലീസിനെതിരെ ജനരോഷമുയര്‍ന്നത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ടൗണില്‍ വനിതാ എസ് ഐ യുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെയുണ്ടായ ഗതാഗത കുരുക്കില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലീസിനെതിരെ തിരിഞ്ഞതാണ് സംര്‍ഷാവസ്ഥക്കിടയാക്കിയത്. ടൗണിലെ പെട്രോള്‍ ബങ്കിന് മുന്‍ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ കടന്ന് വന്ന പൊന്നാനി – ബാംഗ്ലൂര്‍ ബസ് കെ എസ് ആര്‍ ടി സിയുമായി ഉരസിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെതിരെ തിരിയുകയും വാഹനങ്ങളും ഓട്ടോറിക്ഷകളും റോഡില്‍ പരക്കെ നിറുത്തിയിട്ട് ഗാതഗാതം സതംഭിപ്പിക്കുകയായിരുന്നു.
തിരക്കേറിയ സമയത്ത് ടൗണില്‍ വെച്ച് നടത്തുന്ന വാഹന പരിശോധനയാണ് അപകടത്തിന് കാരണമായതെന്നാരോപിച്ചാണ് നാട്ടുകാര്‍ പോലീസിനെതിരെ തിരിഞ്ഞതും വനിതാ എസ് ഐ ഉഷയെ അധിക്ഷേപിച്ചതും. കൂടുതല്‍ പോലീസുകാര്‍ എത്തി ജനങ്ങളെ വിരട്ടി മാറ്റിയ ശേഷം വാഹനങ്ങള്‍ മാറ്റി ഗതാഗത സ്തംഭനം ഒഴിവാക്കുകയായിരുന്നു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും വനിതാ എസ് ഐ ഉഷയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നതിന് 25 ഓളം പേരില്‍ കേസെടുത്തു. ഒരാളെ സംഭവത്തില്‍ പിടികൂടിയിട്ടുണ്ട.്