Connect with us

Malappuram

പരിമിതിയില്‍ വീര്‍പ്പുമുട്ടി കടുങ്ങാത്തുകുണ്ട്

Published

|

Last Updated

കല്‍പകഞ്ചേരി: വളര്‍ച്ചയിലേക്ക് കുതിക്കുന്ന കടുങ്ങാത്തുകുണ്ട് ടൗണില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ജനങ്ങളെ വലക്കുന്നു. രണ്ട് പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ ടൗണില്‍ െ്രെപമറി തലം മുതല്‍ ബി എഡ് തലം വരെയുള്ള പതിനഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്തോളം ബേങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതില്‍ രണ്ടെണ്ണം ദേശസാത്കൃത ബേങ്കുകളുടെ ബ്രാഞ്ചുകളാണ്. വര്‍ഷങ്ങളായി ഈ ടൗണ്‍ നേരിടുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മാറിമാറി വന്ന പഞ്ചായത്ത് ഭരണ സമിതികള്‍ക്കോ മറ്റു ജനപ്രതിനിധികള്‍ക്കോ സാധിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തിന്റെ പ്രധാന ആവശ്യം ഗതാഗത സൗകര്യം മെച്ചപ്പെടുത്തലാണ്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും ആയിരത്തിലധികം അധ്യാപകരും മറ്റു ജീവനക്കാരും യാത്രാ ദുരിതം നേരിടുകയാണ്. ടൗണില്‍ ബസ്‌ബേ നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വിദ്യാര്‍ഥി യുവജന സംഘടനകളും അധികാരികളുടെ മുന്നില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
വളവന്നൂര്‍ ഗ്രാമ പഞ്ചായത്തും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. വെയ്റ്റിംഗ് ഷെഡ് ഇല്ലാത്തത് മൂലം മഴയത്തും വെയിലെത്തും ബസ് കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്. തിരക്കേറിയ ടൗണില്‍ റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ക്രോസ് ലൈന്‍ അടയാളപ്പെടുത്താത്തത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അപകട ഭീതിയോടെയാണ് ഇവിടങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നത്. മേഖലയിലെ വൈദ്യുതി വിതരണ പ്രതിസന്ധിക്ക് പരിഹാരമാകുന്ന 33 കെ വി സബ് സ്‌റ്റേഷന്‍ ഇനിയും യാഥാര്‍ഥ്യമായിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച സബ് ട്രഷറി ഇനിയും ഫയലില്‍ കിടക്കുകയാണ്. വളവന്നൂര്‍, കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമവും ഏറെ രൂക്ഷമാണ്. നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായിരുന്നു. ആതുരാലയങ്ങളുടെ അവസ്ഥയും ദയനീയമാണ്. ദിനം പ്രതി അഞ്ചൂറിലധികം രോഗികളെത്തുന്ന വളവന്നൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. കിടത്തി ചികിത്സക്ക് കെട്ടിടമുണ്ടെങ്കിലും അടഞ്ഞ് കിടക്കുകയാണ്.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരോ ടെക്‌നീഷ്യന്മാരോ സ്ഥിരം നിയമനമോ ഇല്ല. വിദഗ്ധ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ദേശീയ സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച നിരവധി താരങ്ങള്‍ കടുങ്ങാത്തുകുണ്ടിലും പരിസര പ്രദേശങ്ങളിലുമുണ്ടെങ്കിലും ഇവര്‍ക്ക് പരിശീലനത്തിന് സൗകര്യപ്രദമായ സ്റ്റേഡിയവും ഇവിടെയില്ല.