Connect with us

Malappuram

തിരൂരങ്ങാടിയിലും നന്നമ്പ്രയിലും സമഗ്ര കാര്‍ഷിക പാക്കേജ്

Published

|

Last Updated

മലപ്പുറം: തിരൂരങ്ങാടി, നന്നമ്പ്ര പഞ്ചായത്തുകളില്‍ സമഗ്ര കാര്‍ഷിക പാക്കേജ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇരു പഞ്ചായത്തുകളിലെയും കാര്‍ഷിക പ്രശ്‌നങ്ങള്‍ സംസാരിച്ച് പ്രൊജക്ട് തയ്യാറാക്കുന്നതിന് ചെറുകിട ജലസേചന വകുപ്പ് അധികൃതരും കര്‍ഷക പ്രതിനിധികളും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.
ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുല്‍ ഹമീദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാഹുല്‍ ഹമീദ്, കര്‍ഷക പ്രതിനിധികളായ കെ സൈതലവി ഹാജി, എം അബ്ദുല്‍റസാഖ്, എം കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മോര്യ കാപ്പ്, വെഞ്ചാലി, പാറയില്‍ എന്നീ പ്രധാന കാര്‍ഷിക മേഖലകള്‍ സന്ദര്‍ശിച്ചത്.
ആറ് മാസത്തിനകം പ്രൊജക്ട് തയ്യാറാക്കി പാക്കേജ് നടപ്പാക്കുകയാണ് ലക്ഷ്യം. തിരൂരങ്ങാടി എം എല്‍ എയായ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ അധ്യക്ഷതയില്‍ വെഞ്ചാലി പമ്പ് ഹൗസിന് സമീപം കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇരു പഞ്ചായത്തുകളിലേയും കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി മുന്‍കയ്യെടുത്ത് കര്‍ഷകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ചത്.
കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ കാലതാമസം പരിഹരിക്കാന്‍ ചെറുകിട ജലസേചന വകുപ്പില്‍ ജില്ലക്ക് മാത്രമായി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ തസ്തിക സൃഷ്ടിക്കുന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. നിലവിലുള്ള വെഞ്ചാലി, ചോര്‍പ്പെട്ടി പമ്പ് ഹൗസുകളിലെ തകരാറിലായ മോട്ടോറുകള്‍ നന്നാക്കുന്നതിനും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Latest