കാലിക വിഷയങ്ങളിലൂന്നി മോണോആക്ട് മത്സരം

    Posted on: January 23, 2014 12:20 am | Last updated: January 23, 2014 at 12:20 am

    02പാലക്കാട്: കാലിക വിഷയങ്ങളില്‍ കുട്ടികളുടെ നിരീക്ഷണ പാടവത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഹൈസ്‌കുള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരം. അപ്പീല്‍ ഉള്‍പ്പെടെ 22 മത്സരാര്‍ഥികളാണ് വേദിയിലെത്തിയത്. എല്ലാം ഒന്നിനോടൊന്ന് മെച്ചം. സോളാറും സരിതയും ശാലുമേനോനും ഉമ്മന്‍ ചാണ്ടിയുമെല്ലാം വേദിയിലെത്തിച്ച കോട്ടയം കാഞ്ഞിരമറ്റം ജി എച്ച് എസ് എസിലെ ഗൗരി നന്ദന പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. കടല്‍ മണല്‍ ഖനനത്തിനെതിരെ പോരാടുന്ന ജസീറയെ രമണി എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച പേരാമ്പ്ര ഹൈസ്‌കൂളിലെ മീനാക്ഷി പ്രകാശായിരുന്നു മോണോആക്ടിലെ മറ്റൊരു താരം. ഭരണകൂടത്തിനെതിരെ ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ പോരാടുന്ന രമണി ജസീറയുടെ നേര്‍രൂപമായിരുന്നു. ശൈശവ വിവാഹത്തിനെതിരെയും സ്ത്രീ, ബാല പീഡനത്തിനെതിരെയും സമൂഹ മനസാക്ഷി ഒന്നിക്കണമെന്ന സന്ദേശമായിരുന്നു മോണോ ആക്ടിലൂടെ കുരുന്ന് പ്രതിഭകള്‍ നല്‍കിയത്. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും എ ഗ്രേഡ് ലഭിച്ചു.