എ ഗ്രേഡാണ് താരം

    Posted on: January 23, 2014 12:17 am | Last updated: January 23, 2014 at 12:17 am

    a gradeപാലക്കാട്:വേദിയിലും പിന്നാമ്പുറത്തും മേള പൊടിപാറുമ്പോള്‍ താരം എ ഗ്രേഡാണ്. എ ഗ്രേഡിന്റെ തിളക്കത്തിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഒരു വേദിയിലും എ ഗ്രേഡിന് പഞ്ഞമില്ല. നാല് നാള്‍ പിന്നിട്ട മേളയില്‍ വിവിധ മത്സരങ്ങളിലായി പങ്കെടുത്ത പകുതിയിലേറെ പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. ബാക്കി വരുന്നവര്‍ക്ക് ബി ഗ്രേഡും സി ഗ്രേഡും. ഒരു ഗ്രേഡും ലഭിക്കാത്തവര്‍ തുലോം വിരളം.
    പങ്കെടുത്ത ടീമുകള്‍ക്കെല്ലാം എ ഗ്രേഡ് ലഭിച്ച ഇനങ്ങളുമുണ്ട്. അപ്പീലും കേസുമായി എത്തിയവരില്‍ ഏറിയ പങ്കും എ ഗ്രേഡ് തന്നെയാണ് സ്വന്തമാക്കിയത്. കലോത്സവങ്ങളിലെ പിന്നാമ്പുറ മത്സരങ്ങള്‍ ഒഴിവാക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ഒഴിവാക്കി ഗ്രേഡ് സമ്പ്രദായം കൊണ്ട് വന്നത്. കൂടെ കലാതിലക, പ്രതിഭാ പട്ടങ്ങളും എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ പഞ്ഞമില്ലാതെ എ ഗ്രേഡ് നല്‍കി തുടങ്ങിയതോടെ മേളയുടെ മൂല്യം കുറഞ്ഞു പോയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നവരുണ്ട്. വിദ്യാര്‍ഥികളുടെ കലാമികവിനപ്പുറത്ത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും പരിശീലകരുടേയും മത്സരമായി മാറിയ മേളക്ക് ഈ ഗ്രേഡ് സമ്പ്രദായം തന്നെയാണ് നല്ലതെന്ന അഭിപ്രായക്കാരും ഏറെയാണ്.