Connect with us

Ongoing News

ദഫില്‍ കോയ കാപ്പാടിന് എതിരാളികളില്ലാത്ത ഇരുപതാം വര്‍ഷം

Published

|

Last Updated

പാലക്കാട്: കൗമാരമേളയുടെ അലങ്കാരമായി കോയ കാപ്പാട് മാറിയിട്ട് വര്‍ഷം ഇരുപത്. കോയ എത്താത്ത വേദികളോ നേടാത്ത സമ്മാനങ്ങളോ ഇല്ല. പതിവു പോലെ ഇത്തവണയും കോയയുടെ ശിഷ്യരാണ് ദഫ് മുട്ടി നേടിയത്. ദഫിനെ ജനകീയമാക്കി മാറ്റുന്നതിലും കോയയുടെ പങ്ക് വലുതായിരുന്നു. പിതാവും ഗുരുവുമായ ഉസ്താദ് അഹമ്മദ്കുട്ടിയുടെ പിന്‍മുറക്കാരനായാണ് കോയ ദഫ് മുട്ടി തുടങ്ങിയത്.
രണ്ട് പതിറ്റാണ്ടായി ദഫിന്റെ പ്രചാരകനായി മാറിയ കോയക്ക് അര്‍ഹതക്കുള്ള അംഗീകാരമായി ഇത്തവണ ഫോക്കലോര്‍ അക്കാദമി അവാര്‍ഡും ലഭിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നായി ദഫ്, അറബനമുട്ട് വിഭാഗങ്ങളിലായി 120 വിദ്യാര്‍ഥികളാണ് ഇത്തവണ കോയയുടെ ശിഷ്യന്‍മാരായി എത്തിയത്. കോയയുടെ ശിക്ഷണത്തിലെത്തിയ കോഴിക്കോട് തിരുവങ്ങൂര്‍ എച്ച് എച്ച് എസ് എസാണ് ഇത്തവണ ഒന്നാമതെത്തിയത്. കോയക്ക് ഇരുപത് വര്‍ഷത്തെ പാരമ്പര്യമുണ്ടെങ്കില്‍ തിരുവങ്ങൂരിനിത് പന്ത്രണ്ടാം കിരീടമാണ്. പാരമ്പര്യകലയുടെ താളവും ഓളവും സമന്വയിപ്പിച്ചാണ് കോയയുടെ കുട്ടികള്‍ മുട്ടി കയറിയത്. അറബി ബൈത്തിനൊപ്പം പാരമ്പര്യത്തോടെ തനിമ ചോരാതെ ചില പുതുമകളും പരീക്ഷിച്ചിരുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും കോയ തന്നെ പരിശീലിപ്പിച്ച ഇതേ സ്‌കൂളിന് തന്നെയാണ് ഒന്നാം സ്ഥാനം.