Connect with us

Articles

ജയവും തോല്‍വിയും പകുത്ത് നല്‍കുന്ന വിധി

Published

|

Last Updated

രാഷ്ട്രീയ കൊലപാതകങ്ങളുടെ “കേരള മോഡല്‍” ഒരു നിര്‍ണായക ഘട്ടം പിന്നിടുകയാണ്. സമീപകാലത്ത് സി പി എം അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളികളിലൊന്നില്‍ ജയപരാജയം തുല്യമായി അവകാശപ്പെടാന്‍ പാര്‍ട്ടിക്കും പ്രോസിക്യൂഷനും അരങ്ങൊരുക്കിയാണ് ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ എരഞ്ഞിപ്പാലം പ്രത്യേക കോടതി വിധി പറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹത്തെയും സി പി എമ്മിന്റെ ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തെയും ഒരുപോലെ പിടിച്ചുലച്ച കേസില്‍ ഇരു വിഭാഗവും ഒരുപോലെ വിജയം അവകാശപ്പെടുന്നു. തങ്ങളുടെ വാദമുഖങ്ങള്‍ നൂറ് ശതമാനം കോടതിക്ക് മുന്നില്‍ സമര്‍ഥിക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിയാതെ പോയതിനാലാണ് ഈ അവകാശവാദമുന്നയിക്കാന്‍ ഇരു പക്ഷത്തിനും കഴിഞ്ഞത്.
ചന്ദ്രശേഖരന്റെ കൊലപാതകം സി പി എം ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് തുടക്കം മുതല്‍ ആര്‍ എം പി വാദിച്ചിരുന്നത്. കോണ്‍ഗ്രസും യു ഡി എഫും പൂര്‍ണമായി ആദ്യ ഘട്ടത്തിലും ഒരു വിഭാഗം അവസാനം വരെയും ഈ നിലപാടിനൊപ്പം തന്നെ നിന്നു. കൊലപാതകം സംഭവിച്ചത് മുതല്‍ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും സി പി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നിലയാണ് ഉണ്ടായതും.
കൊലപാതകം നടത്തിയതായി പറയുന്ന ക്വട്ടേഷന്‍ സംഘമാണ് ആദ്യം പിടിയില്‍ വീണത്. പിന്നാലെ ഗൂഢാലോചനാ കുറ്റം ചുമത്തി അന്വേഷണം സി പി എം നേതാക്കളിലേക്ക് തിരിഞ്ഞതോടെ പാര്‍ട്ടി വല്ലാതെ പ്രതിരോധത്തിലാകുന്ന സാഹചര്യമുണ്ടായി. സി എച്ച് അശോകനും കെ സി രാമചന്ദ്രനും പി കുഞ്ഞനന്തനും ഒടുവില്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ചന്ദ്രശേഖരനെ കൊന്നത് സി പി എമ്മാണെന്ന ആര്‍ എം പിയുടെ വാദം കേരളത്തിലെ പൊതുസമൂഹവും പതുക്കെ വിശ്വസിച്ചു.
പി മോഹനന്‍ കുറ്റവിമുക്തനായതോടെ പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെയും അവര്‍ നടത്തിയ ഗൂഢാലോചനയുമാണ് ചന്ദ്രശേഖരന്റെ ജീവനെടുത്തതെന്ന വാദം കോടതി നിരാകരിച്ചിരിക്കുകയാണ്. പ്രത്യേക സംഘം നടത്തിയ അന്വേഷണം മോഹനനില്‍ അവസാനിച്ചെങ്കില്‍ കോടതി ഉത്തരവോടെ കൊലപാതക ഗൂഢാലോചന പാര്‍ട്ടി പ്രാദേശിക നേതാക്കളില്‍ ഒതുങ്ങുന്നതാണ് കാണുന്നത്. പി മോഹനന്‍ കുറ്റവിമുക്തനായതില്‍ പിടിച്ചു തന്നെയാണ് സി പി എം ഇപ്പോള്‍ വിജയം അവകാശപ്പെടുന്നതും. കോടതി വിധി വന്നതിന് പിന്നാലെ പിണറായി വിജയന്‍ നടത്തിയ പ്രതികരണത്തിന്റെ ആകെത്തുകയും കുറ്റവിമുക്തനായ മോഹനന്‍ മാസ്റ്ററാണ്.
സി പി എമ്മിന്റെ ഈ വാദം അംഗീകരിക്കുമ്പോള്‍ തന്നെ കേസില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പറയാനും കഴിയില്ല. കാരണം, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ സി രാമചന്ദ്രന്‍, സി പി എം കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. വെറും ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമാണ് നടന്നതെന്ന പാര്‍ട്ടി വാദത്തിന്റെ മുനയൊടിക്കുകയാണ് ഈ പ്രതികള്‍.
കോടതി വിധിയെ ഈ തലത്തില്‍ വിശകലനം ചെയ്യുമ്പോഴും അന്വേഷണ, വിചാരണ ഘട്ടങ്ങളെ കൂടി ഇതോടു ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചന്ദ്രശേഖരന് മുമ്പും ശേഷവും എന്ന അതിര്‍വരമ്പ് നിശ്ചയിക്കും വിധമാണ് ഈ കൊലപാതകത്തെ കേരളം ചര്‍ച്ച ചെയ്തത്. സര്‍ക്കാറും പോലീസും മാധ്യമങ്ങളും ചേര്‍ന്ന് ഇല്ലാക്കഥകള്‍ മെനഞ്ഞ് തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന സി പി എമ്മിന്റെ വാദം ഒരു വശത്ത്. അന്വേഷണം തടസ്സപ്പെടുത്തിയും പോലീസുകാരെ അക്രമിച്ചും സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിയും അന്വേഷണവും വിചാരണയും അട്ടിമറിച്ചെന്ന കോണ്‍ഗ്രസിന്റെയും ആര്‍ എം പിയുടെയും മറു വാദവും. പാര്‍ട്ടിയും പ്രോസിക്യൂഷനും കോടതി ഉത്തരവിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതും ഈ വാദഗതികളിലൂടെ തന്നെയായിരിക്കും.
കൊലപാതകം നടത്തിയത് ക്വട്ടേഷന്‍ സംഘമെങ്കിലും ആറ് സി പി എം നേതാക്കളുടെ കാര്‍മികത്വത്തില്‍ നടന്ന ഗൂഢാലോചനയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അഭിപ്രായവ്യത്യാസം മൂലം സി പി എം വിട്ട ചന്ദ്രശേഖരന്‍ ആര്‍ എം പി രൂപവത്കരിച്ചതോടെ പാര്‍ട്ടിക്കേറ്റ തിരിച്ചടി നേരിടാന്‍ കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റപത്രം. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി മോഹനനും കുറ്റക്കാരനെന്ന് കണ്ടെത്തിയ പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനുമായിരുന്നു ഇവരില്‍ പ്രധാനികള്‍.
ചന്ദ്രശേഖരനെ വധിക്കാന്‍ നാലിടങ്ങളില്‍ ഗൂഢാലോചന നടന്നുവെന്ന് കുറ്റപത്രം. 2012 ഏപ്രില്‍ രണ്ടിന് ഓര്‍ക്കാട്ടേരിയില്‍ പ്രാദേശിക നേതാവ് പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലായിരുന്നു ആദ്യ ഗൂഢാലോചന. ഉച്ച കഴിഞ്ഞ് മൂന്നിനും മുന്നരക്കും മധ്യേ. 2012 ഏപ്രില്‍ 10ന് ചൊക്ലി സമീറ ക്വാര്‍ട്ടേഴ്‌സില്‍ രണ്ടാമത്തെ ഗൂഢാലോചന. ഉച്ച തിരിഞ്ഞ് നാലിനും അഞ്ചിനും മധ്യേ. പിന്നെയുള്ള രണ്ട് ഗൂഢാലോചനകളും സി പി എം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ വീട്ടില്‍. 2012 ഏപ്രില്‍ 20ന് രാവിലെ എട്ട് മണിയോടെ കെ സി രാമചന്ദ്രനും ട്രൗസര്‍ മനോജും കുഞ്ഞനന്തന്റെ വീട്ടില്‍ എത്തി. പി മോഹനനെ ഫോണില്‍ വിളിച്ച് കൊലപാതകം പാര്‍ട്ടി തീരുമാനമാണോയെന്ന് ഉറപ്പിച്ചു. നാല് ദിവസത്തിനു ശേഷം, കൊടി സുനിയും കിര്‍മാണി മനോജും സംഘവും കുഞ്ഞനന്തന്റെ വീട്ടില്‍ എത്തി കൊലപാതകം ആസൂത്രണം ചെയ്തു.
പിറ്റേന്ന് രാവിലെ മാഹി കുഞ്ഞിപ്പള്ളിക്കു സമീപം 40,000 രൂപ കെ സി രാമചന്ദ്രന്‍ ഒന്നാം പ്രതി എം സി അനൂപിന് കൈമാറി. ഇങ്ങനെ പോയി അന്വേഷണ സംഘത്തിന്റെ “കണ്ടെത്തല്‍”. എന്നാല്‍, ഈ വാദങ്ങള്‍ അപ്പടി കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതിപ്പട്ടികയുടെ നീളം 76 പേരില്‍ നിന്ന് 12 ലേക്ക് എത്തിക്കുന്നതിലും സി പി എം വിജയിച്ചു. അതേസമയം സാക്ഷികളുടെ കൂട്ടക്കൂറുമാറ്റം നടന്നത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുമുണ്ട്.
കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞെന്ന് സി പി എം ആവര്‍ത്തിക്കുമ്പോഴും ഈ നിലപാട് വി എസ് അച്യുതാനനെ അംഗീകരിപ്പിക്കാന്‍ കഴിയുന്നില്ലെന്ന വസ്തുത പാര്‍ട്ടിയെ തിരിഞ്ഞുകുത്തുകയാണ്. ടി പി വധത്തിന്റെ പേരില്‍ തുടക്കം മുതല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് വി എസ് സ്വീകരിച്ചത്. പാര്‍ട്ടി അച്ചടക്കത്തെ പടിക്ക് പുറത്താക്കി സമൂഹമനഃസാക്ഷിയുടെ കളത്തിലിറങ്ങി വി എസ് രാഷ്ട്രീയം പയറ്റി. നെയ്യാറ്റിന്‍കരയിലെ നിര്‍ണായക ഉപതിരഞ്ഞെടുപ്പ് ദിവസം ചന്ദ്രശേഖരന്റെ വീട്ടിലെത്തി കെ കെ രമയുടെ കണ്ണീരൊപ്പിയ വി എസ് ഉയര്‍ത്തിയ വെല്ലുവിളിക്ക് പിണറായി വിജയനെ ഡാങ്കെയെന്ന് വിളിച്ചതിലൂടെയുണ്ടായ നടപടിയിലാണ് ഈ വിവാദത്തിന് അര്‍ധവിരാമമായത്. ടി പി വധത്തിന്റെ നെയ്യാറ്റിന്‍ക ഇഫ്ക്ടായി ഉപതിരഞ്ഞെടുപ്പ് പരാജയം പിന്നീട് വിലയിരുത്തപ്പെട്ടു. കാരണക്കാരന്‍ വി എസെന്ന് പാര്‍ട്ടി വിധിയുമെഴുതി. പാര്‍ട്ടി സെക്രട്ടറിയെ എസ് എ ഡാങ്കെയോട് താരതമ്യപ്പെടുത്തിയത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.
51 വെട്ടേറ്റ് വള്ളിക്കാട് പാതയോരത്ത് ടി പി ചന്ദ്രശേഖരന്റെ ജീവന്‍ പിടയുമ്പോള്‍ അത് ചെയ്തവര്‍ പോലും നിനച്ച് കാണില്ല ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍. അതേസമയം, പ്രോസിക്യൂഷന്‍ നല്‍കുന്ന തെളിവുകള്‍ വിശകലനം ചെയ്ത് കോടതി നടത്തുന്ന തീര്‍പ്പ് അന്തിമമാണ്. നിയമവഴിയില്‍ അംഗീകരിക്കപ്പെടേണ്ടതും ഇതു തന്നെ. കോടതി കുറ്റവിമുക്തനെന്ന് പ്രഖ്യാപിക്കുന്നയൊരാളെ പിന്നെ കൊലപാതകി എന്ന് വിളിക്കുന്നത് മഹാ പാതകവുമാണ്. എന്നാല്‍, ചന്ദ്രശേഖരന്റെ കൊലപാതകം സമൂഹമനസാക്ഷിയില്‍ സൃഷ്ടിച്ച മുറിവ് ഉണക്കാന്‍ ഇപ്പോഴുണ്ടായ വിധിക്ക് കഴിയുമോയെന്ന് കാലം തെളിയിക്കട്ടെ.
എന്തായാലും പ്രതിഭാഗവും പ്രോസിക്യൂഷനും അപ്പീലുമായി മേല്‍ക്കോടതിയില്‍ പോകുമെന്നുറപ്പുള്ളതിനാല്‍ ഈ കേസ് ഇവിടെ തീരുന്നില്ല. ഗൂഢാലോചനയില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആര്‍ എം പിയുടെ ആവശ്യവും അന്തരീക്ഷത്തില്‍ നില്‍ക്കുന്നു. ലോക്‌സഭാതിരഞ്ഞെടുപ്പ് പടിവാതിലിലെത്തിയിട്ടുണ്ട്. എല്ലാം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ടി പി കേസ് രാഷ്ട്രീയ വിദ്യാര്‍ഥിക്ക് വരും നാളുകളിലും ഗവേഷണ വിഷമാകുമെന്നുറപ്പ്.

Latest