ഒരു പാതിരാ കൊലപാതകത്തിന്റെ ബാക്കി പത്രം

Posted on: January 23, 2014 6:00 am | Last updated: January 22, 2014 at 9:42 pm

tp-chandrasekaran-350x210ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പ്രസക്തിയൊന്നുമില്ല. കേരളം പോലെ ജനാധിപത്യവും ഐക്യമുന്നണി പരീക്ഷണവും ഏറെ വിജയിച്ച ഒരു നാട്ടില്‍ പ്രത്യേകിച്ച്. പക്ഷേ, വീണ്ടും ഒരു രാഷ്ട്രീയ കൊലപാതകം കേരളത്തെ ഞെട്ടിച്ചു. 2012 മെയ് നാലാം തീയതി രാത്രി ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ കേരളമാകെ നടുങ്ങി നിന്നു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 24 പ്രതികളെ വെറുതെ വിടുകയും 12 പേരെ കുറ്റവാളികളെന്ന് വിധിക്കുകയും ചെയ്ത കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക വിചാരണ കോടതിയുടെ നടപടികള്‍ സംസ്ഥാനത്തെ മാത്രമല്ല, ലോകത്തെങ്ങുമുള്ള മലയാളികള്‍ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു. ഏറെ രാഷ്ട്രീയ മാനങ്ങള്‍ നേടി എവിടെയും നിറഞ്ഞുനില്‍ക്കുകയായിരുന്നു ടി പി വധം. സി പി എമ്മിനെ നേരിടാന്‍ കോണ്‍ഗ്രസും ഐക്യ ജനാധിപത്യ മുന്നണിയും മാത്രമല്ല, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പോലും ഈ കേസ് കാര്യമായി ഉപയോഗിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ന്നുനിന്നത് ടി പി വധം തന്നെയായിരുന്നു.
ആഗസ്റ്റ് 13ന് കുറ്റപത്രം നല്‍കിയ ഈ കേസില്‍ ആകെ 76 പ്രതികളാണ് ഉണ്ടായിരുന്നത്. ഇടക്കാല വിധിയില്‍ 20 പേരെ കോടതി വെറുതെ വിട്ടിരുന്നു. അവസാനം അവശേഷിച്ചത് 36 പ്രതികള്‍. അവരില്‍ 12 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഇന്നിപ്പോള്‍ ടി പി വധക്കേസിന് രാഷ്ട്രീയ പ്രസക്തി മാത്രമേയുള്ളൂ. ഈ കേസിനെ രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കാമെന്നാണ് യു ഡി എഫ് നേതാക്കള്‍ ആലോചിച്ചുകൊണ്ടിരുന്നതെന്ന് തന്നെ പറയാം. സി പി എമ്മിനെതിരെ വലിയൊരായുധമായാണ് യു ഡി എഫ് നേതൃത്വം, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഈ കൊലപാതകത്തെ കണ്ടത്. അതുകൊണ്ട് തന്നെയാണ് എരഞ്ഞിപ്പാലം കോടതിയുടെ വിധിയും പെട്ടെന്ന് രാഷ്ട്രീയ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. സി പി എം ആകട്ടെ, ഈ കേസ് ആയുധമാക്കി ശത്രുപക്ഷം നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാനുള്ള കടുത്ത ശ്രമത്തിലുമായിരുന്നു.
ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ കോടതി വെറുതെ വിട്ടത് സി പി എം നേതൃത്വത്തെ തെല്ലൊന്നുമല്ല, ആശ്വസിപ്പിക്കുന്നത്. ടി പി വധത്തിന് നേതൃത്വം നല്‍കിയത് സി പി എം നേതൃത്വമാണെന്നായിരുന്നു ആദ്യം മുതല്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഇക്കാര്യത്തില്‍ സി പി എമ്മിനു തല്‍ക്കാലം പിടിച്ചുനില്‍ക്കാമെന്ന് മാത്രം.
സി പി എമ്മിന് ആ നിലക്ക് സ്വയം ആശ്വസിക്കാമെങ്കിലും കൊലപാതകത്തിന് പിന്നില്‍ ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലയില്‍ നിലനിന്നിരുന്ന സി പി എം, ആര്‍ എം പി സംഘര്‍ഷം തന്നെയായിരുന്നെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, പോലീസ് ഹാജരാക്കിയ 168 സാക്ഷികളില്‍ 52 പേര്‍ കൂറുമാറി. കോടതയില്‍ രഹസ്യമൊഴി നല്‍കിയിരുന്നവര്‍ പോലും വിചാരണ വേളയില്‍ കൂറുമാറുകയായിരുന്നു. ഇത് പ്രോസിക്യൂഷന്റെ വാദങ്ങള്‍ പൊളിക്കുകയും പല പ്രതികളെയും വെറുതെ വിടാന്‍ കാരണമാകുകയും ചെയ്തു.
ടി പി വധക്കേസില്‍ കോടതി വിധി വന്ന സാഹചര്യത്തില്‍ ഉയരുന്ന പ്രധാന ചോദ്യം പ്രോസിക്യൂഷന്‍ ഈ കേസില്‍ പരാജയപ്പെട്ടില്ലേ എന്നു തന്നെയാണ്. പോലീസ് വളരെ വിദഗ്ധമായി അന്വേഷണം നടത്തിയാണ് പ്രതികളെയൊക്കെയും പിടികൂടി കോടതി മുമ്പാകെ എത്തിച്ചത്. പക്ഷേ, കേസില്‍ പ്രതികളെ ചേര്‍ക്കുന്നതില്‍ പോലീസിന് പറ്റിയ വീഴ്ച തന്നെയാണ് ഇത്രയേറെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകാന്‍ കാരണം. 76 പേരെയാണ് ആദ്യ ഘട്ടത്തില്‍ പോലീസ് പ്രതി ചേര്‍ത്തത്. രാഷ്ട്രീയക്കാര്‍ പരസ്യമായി പറഞ്ഞ പ്രതികളും പത്രങ്ങളിലും ചാനലുകളിലും വന്ന പേരുകളുമെല്ലാം പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തുവെന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ ഭരണതലത്തില്‍ നിന്ന് ശക്തമായ സമ്മര്‍ദമുണ്ടായിട്ടുണ്ടാകണം. പുറമെ 168 സാക്ഷികളും. അവരില്‍ തന്നെ 52 സാക്ഷികള്‍ കൂറുമാറിയപ്പോള്‍ കേസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരുന്നു. ടി പി വധക്കേസ് ഏറ്റവും നല്ല പാഠം പഠിപ്പിക്കുന്നത് പോലീസിനെ തന്നെയാണ്.
ടി പി വധം കൊണ്ട് ആരൊക്കെ എന്തൊക്കെ നേടി? സി പി എമ്മിന് അവരുടെ പ്രിയപ്പെട്ട ഒഞ്ചിയം മേഖലയില്‍ ശക്തനായൊരു വിമതന്‍ ഇല്ലാതായതിന്റെ ആശ്വാസം ഉണ്ടാകാം. കോണ്‍ഗ്രസിനാകട്ടെ, സി പി എമ്മിനെതിരെ കുറേക്കാലം തുടര്‍ച്ചയായി ആക്രമിക്കാനുള്ള ആയുധം കൈയില്‍ കിട്ടുകയും ചെയ്തു. പക്ഷേ, ഇതൊക്കെ താത്കാലികമായ നേട്ടങ്ങള്‍ മാത്രം. ഒരു രാഷ്ട്രീയ കൊലപാതകവും സ്ഥായിയായ ഒരു നേട്ടവും ഒരു പാര്‍ട്ടിക്കും നല്‍കുന്നില്ലെന്നതാണ് സത്യം. ടി പി ചന്ദ്രശേഖരന്‍ എന്ന രക്തസാക്ഷിയെ കിട്ടിയിട്ട് ആര്‍ എം പിക്കും കേരളമങ്ങോളമിങ്ങോളമുള്ള സി പി എം വിമതര്‍ക്കും ഒരു വിജയവുമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. കടുത്ത നഷ്ടമുണ്ടായത് ടി പിയുടെ കുടുംബത്തിന് മാത്രം.
ടി പി വധം കേരളത്തില്‍ ഒറ്റപ്പെട്ട രാഷ്ട്രീയ കൊലപാതകമൊന്നുമല്ല. പക്ഷേ, ഈ കൊലപാതകം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങളോട് യോജിക്കാന്‍ കേരളത്തിനാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണിത്. അതുകൊണ്ട് തന്നെ ടി പി ചന്ദ്രശേഖരന്‍ വധം കേരളത്തിലെ അവസാനത്തെ കൊലപാതകമായിരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.