ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിധി

Posted on: January 23, 2014 6:00 am | Last updated: January 22, 2014 at 9:40 pm

SIRAJ.......സര്‍ക്കാറിനും സി പി എമ്മിനും ആശ്വാസം പകരുന്നതാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാറാട് പ്രത്യേക കോടതിയുടെ വിധിപ്രസ്താവം. കോടതിയുടെ പരിഗണനയിലിരുന്ന 36 പ്രതികളില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി 24 പേരെ വെറുതെ വിട്ടു. കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ഏഴ് പേരും ഗൂഢാലോചന ആരോപിക്കപ്പെട്ട ആറ് പേരില്‍ മൂന്ന് പേരും അടങ്ങുന്നതാണ് കുറ്റക്കാരായി കണ്ട 12 പേര്‍. ഗുഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രൊസിക്യൂഷന്‍ വാദിച്ച സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ മാസ്റ്റര്‍, പ്രാദേശിക നേതാക്കളായ കെ കെ കൃഷ്ണന്‍, ജ്യോതി ബസു എന്നിവരെ കോടതി വെറുതെ വിട്ടതോടെ പാര്‍ട്ടി ഗുഢാലോചനയെന്ന പ്രൊസിക്യൂഷന്‍ നിലപാടിന് നില്‍പ്പില്ലാതായെന്നതാണ് സി പി എമ്മിന് ആശ്വാസം പകരുന്ന മുഖ്യഘടകം. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് കൃത്യം നടത്തുന്നതെന്ന് പി മോഹനന്‍ സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനെ ഫോണിലൂടെ അറിയിച്ചുവെന്ന വാദത്തിലൂടെയാണ് പ്രൊസിക്യൂഷന്‍ പാര്‍ട്ടി പങ്ക് തെളിയിക്കാന്‍ ശ്രമിച്ചത്. ഇതിന് ഉപോദ്ബലകമായി ഫോണ്‍ കോള്‍ രേഖകളും ഹാജരാക്കിയിരുന്നു. ഇത് കോടതി നിരാകരിച്ചിരിക്കയാണ്. അതേ സമയം ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് പറയുന്ന സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ് എന്നിവര്‍ കുറ്റക്കാരാണെന്ന കോടതിയുടെ നിരീക്ഷണം ഉയര്‍ത്തിക്കാട്ടി ഗുഢാലോചനാ വാദം കോടതി പാടെ നിരാകരിച്ചിട്ടില്ലെന്ന് പ്രൊസിക്യൂഷനും ആശ്വസിക്കാം.
കോടതിയുടെ നിരീക്ഷണത്തിന്റെ ബലത്തില്‍, കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും സി പി എം നേതൃത്വത്തിന് അവകാശപ്പെടാമെങ്കിലും ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. ഗുഢാലോചനയില്‍ പങ്കെടുത്തതിന്റെ പേരില്‍ കുറ്റം ചുമത്തിയ മൂന്ന് പേര്‍ വ്യത്യസ്ത ജില്ലക്കാരായ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്നത് പാര്‍ട്ടിയുടെ താഴെ ഘടകങ്ങളിലെങ്കിലും ഗൂഢാലോചന നടന്നതായി സന്ദേഹം ജനിപ്പിക്കുന്നുണ്ട്. എതിരാളികളെ ആദര്‍ശാധിഷ്ഠിതമായി പ്രതിരോധിക്കുന്ന ജനാധിപത്യ രീതിയില്‍ നിന്ന്, കായികമായി നേരിടുന്ന അക്രമ രാഷ്ട്രീയത്തിലേക്കുള്ള മാര്‍ഗച്യുതിയുടെ അനന്തര ഫലമാണ് വര്‍ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍.
സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമാണ് ടി പി ചന്ദ്രശേഖരന്‍ വധം. സി പി എം സംസ്ഥാന ഘടകത്തിന്റെ പ്രത്യേകിച്ചും പിണറായി ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിഭാഗത്തിന്റെ മുന്നോട്ടുപോക്കില്‍ ഇത് കരിനിഴല്‍ വീഴ്ത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നതാണ്. കേസിന്റെ ഗൗരവവും രാഷ്ട്രീയ പ്രാധാന്യവും കണക്കിലെടുത്തു, സര്‍ക്കാറും അന്വേഷണ ഏജന്‍സികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതും നൂതന ശാസ്ത്രീയ സംവിധാനങ്ങളുപയോഗപ്പെടുത്തി പ്രതികളുടെ പങ്ക് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതുമാണ്. 76 പ്രതികളും 286 പ്രോസിക്യൂഷന്‍ സാക്ഷികളും 582 രേഖകളും വാളും ഇന്നോവ കാറുമുള്‍പ്പെടെ 105 തൊണ്ടിമുതലുകളും ഉള്‍പ്പെടുത്തി ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ വി സന്തോഷ് കോടതിയില്‍ സമര്‍പ്പിച്ചത്. കൊല നടത്തിയെന്ന് കരുതപ്പെടുന്നവരും സി പി എം നേതാക്കളും തമ്മില്‍ നടത്തിയ ഗൂഢാലോചനകള്‍ തെളിയിക്കാന്‍ നിരവധി ഫോണ്‍ കോള്‍ വിവരങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. എന്നിട്ടും വിചാരണക്കിടെ 52 സാക്ഷികള്‍ കൂറുമാറാനും പാര്‍ട്ടി തലത്തില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയതും എന്തുകൊണ്ടെന്ന സംശയം സ്വാഭാവികമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് വിടണമെന്ന ആര്‍ എം പിയുട ആവശ്യത്തോട് സര്‍ക്കാര്‍ കാണിച്ച വിമുഖത കൂടി കണക്കിലെടുക്കുമ്പോള്‍, രാഷ്ട്രീയ കേസുകളില്‍ സര്‍വ സാധാരണമായിക്കഴിഞ്ഞ നീക്കുപോക്കുകള്‍ ഇവിടെയും നടന്നിട്ടില്ലേ എന്ന് സംശയിക്കാകുന്നതാണ്.
കേസ് ഇവിടം കൊണ്ടവസാനിക്കുന്നില്ല. മോഹനന്‍ മാസ്റ്ററെയും മറ്റു രണ്ട് സി പി എം നേതാക്കളെയും വെറുതെ വിട്ടതിനെതിരെ അപ്പീലിന് പോകാനുളള തീരുമാനത്തിലാണ് ആര്‍ എം പി. മൂന്ന് പ്രാദേശിക നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയ നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് സി പി എം നേതൃത്വവും പ്രഖ്യാപിച്ചു കഴിഞ്ഞു. ചില യു ഡി എഫ് നേതാക്കള്‍ സി ബി ഐ അന്വേഷണത്തിന് വിടണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. കോടതിയുടെ വിലയിരുത്തലിനപ്പുറം സംഭവത്തിന് പുതിയ മാനങ്ങളുണ്ടോ എന്നറിയാന്‍ ഇനിയും കാത്തിരിപ്പ് തുടരേണ്ടതുണ്ട്.