രണ്ടാം ജനീവ ചര്‍ച്ച ആരംഭിച്ചു: വാഗ്വാദങ്ങളോടെ ആദ്യ ദിനം; നേരിട്ടുള്ള ചര്‍ച്ച നാളെ

Posted on: January 22, 2014 11:53 pm | Last updated: January 22, 2014 at 11:53 pm

janiwaജനീവ: സിറിയന്‍ വിഷയത്തില്‍ ശ്വാശ്വത പരിഹാരം തേടി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ‘രണ്ടാം ജനീവ’ ചര്‍ച്ചക്ക് തുടക്കമായി. സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും പ്രതിപക്ഷ നേതാക്കളും പങ്കെടുത്ത സമാധാന ചര്‍ച്ചയിലെ ആദ്യ ദിനം വാഗ്വാദങ്ങളുടെതായിരുന്നു. ഇരുവിഭാഗവും പരസ്പര ആരോപണങ്ങള്‍ നടത്തിയെന്നല്ലാതെ ചര്‍ച്ചയില്‍ കാര്യമായ പുരോഗമനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താനാണ് പ്രതിനിധികള്‍ ശ്രമിക്കേണ്ടതെന്നും വാഗ്വാദങ്ങളും പ്രകോപന പരമായ പരമാര്‍ശങ്ങളും ഒഴിവാക്കണമെന്നും ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്ന നേതാക്കളില്‍ പ്രമുഖനായ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി.
നാളെ നടക്കാനിരിക്കുന്ന നേരിട്ടുള്ള ചര്‍ച്ചക്ക് മുന്നോടിയായി ഒരുക്കിയ ഉദ്ഘാടന വേദിയിലാണ് വാഗ്വാദങ്ങള്‍ നിറഞ്ഞത്. സിറിയയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി വാലിദ് അല്‍ മുഅല്ലിം സംസാരിച്ചു. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന്റെ മേധാവി അഹ്മദ് അല്‍ ജര്‍ബ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. ഒരോ പ്രസംഗകര്‍ക്കും പത്ത് മിനിട്ട് സമയമാണ് നല്‍കിയിരുന്നത്. നാല്‍പ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാര്‍ സമ്മേളിച്ച ചര്‍ച്ച വേദി മോണ്‍ട്രിയോക്‌സിലാണ് ഒരുക്കിയിരിക്കുന്നത്. ചര്‍ച്ച നടക്കുന്ന ഹോട്ടലിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയതെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് പോലീസ് മേധാവികള്‍ അറിയിച്ചു.
യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സിറിയന്‍ സര്‍ക്കാറിനെതിരെ തുറന്നടിച്ചു. സിറിയന്‍ സര്‍ക്കാര്‍ താഴെയിറങ്ങണമെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കെറിയുടെ പ്രസംഗത്തിന് പിന്നാലെ വേദിയിലെത്തിയ മുഅല്ലിം കെറിയുടെ പരാമര്‍ശത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഭരണമാറ്റമോ അസദിന്റെ രാജിയോ അല്ല ഇവിടുത്തെ ചര്‍ച്ചാ വിഷയമെന്നും ആ രീതിയില്‍ ചര്‍ച്ചയെ മാറ്റരുതെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും കാരണക്കാര്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തുന്ന വിമതരാണെന്ന് വാലിദ് അല്‍ മുഅല്ലിം കൂട്ടിച്ചേര്‍ത്തു. മുഅല്ലിമിന് അനുവദിച്ച സമയം അവസാനിച്ചതോടെ പ്രസംഗപീഠത്തിലെത്തിയ ബാന്‍ കീ മൂണിനോട് അദ്ദേഹം പ്രകോപിതനായി സംസാരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘താങ്കള്‍ ജീവിക്കുന്നത് വാഷിംഗ്ടണിലാണെങ്കില്‍ ഞാന്‍ സിറിയക്കാരനാണ്. എനിക്ക് അവിടെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാനാകും’ മുഅല്ലിം ബാന്‍ കീ മൂണിനോട് പറഞ്ഞു. ഈ ചര്‍ച്ചയോട് കൂടെ അസദ് ഭരണകൂടം രാജിവെച്ച് താത്കാലിക സര്‍ക്കാറിന് ഭരണം കൈമാറണമെന്നും സിറിയന്‍ പ്രതിപക്ഷ സഖ്യ മേധാവി ജര്‍ബ ആവശ്യപ്പെട്ടു.
റഷ്യയുടെയും അമേരിക്കയുടെ മധ്യസ്ഥ ശ്രമത്തിനൊടുവില്‍ നടക്കുന്ന ചര്‍ച്ച നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുകയും ഒരു ലക്ഷത്തിലധികമാളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സര്‍ക്കാര്‍ പ്രതിനിധികളും വിമതരും ഒരേവേദിയില്‍ ചര്‍ച്ചക്കെത്തുന്നത്.