Connect with us

Editors Pick

ആഗോളവത്കരണകാലത്തെ സര്‍വകലാശാല വി സി മാര്‍

Published

|

Last Updated

ചര്‍ച്ചയും ഗവേഷണങ്ങളും കൂടുതല്‍ നടക്കുന്നത് സഭയിലോ സര്‍വകലാശാലയിലോയെന്നായിരുന്നു ഇന്നലെ സഭാതലം നേരിട്ട ഭരണഘടനാ പ്രതിസന്ധി. സ്വയംഭരണവും വിവേചനാധികാരുവുമുള്ള സ്ഥാപനങ്ങളാണ് രണ്ടും. സര്‍വകലാശാല ഭേദഗതി ബില്ലിനാണ് ഇതിന് അവസരമൊരുക്കിയതെങ്കിലും മികച്ചത് ഏതെന്ന തീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, നടന്ന ചര്‍ച്ചകളുടെ ഗൗരവം വിലയിരുത്തിയാല്‍ നിയമസഭക്കാകും കൂടുതല്‍ മാര്‍ക്.
ആഗോളവത്കരണ കാലത്തും സര്‍വകലാശാലകള്‍ ആധുനികമാവുന്നില്ലെന്നായിരുന്നു ചര്‍ച്ചക്കാരുടെ കണ്ടെത്തല്‍. സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ക്കപ്പുറം അക്കാദമിക ചര്‍ച്ചകള്‍ പേരിനു പോലും നടക്കുന്നില്ലെന്ന സത്യവും വെളിപ്പെടുത്തപ്പെട്ടു. പാണ്ഡിത്യവും പ്രതിബദ്ധതയുമൊക്കെ വച്ചുനോക്കിയാല്‍ സാമാജികര്‍ പലരും വൈഡൂര്യമനസ്‌കരാണെന്ന് പി സി വിഷ്ണുനാഥ്. പാര്‍ട്ടി മെമ്പര്‍മാരെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും പിടിച്ച് വൈസ് ചാന്‍സലര്‍മാരാക്കിയാല്‍ നിലവാരം തകരാന്‍ വേറെ വഴി വേണ്ടെന്നായിരുന്നു പ്രതിപക്ഷ വാദം.
കണ്ണൂരിലെ വി സി മുന്‍ ഡി സി സി സെക്രട്ടറി ഖാദര്‍ മങ്ങാടാണ്. ലീഗിന്റെ പഞ്ചായത്തു പ്രസിഡന്റിനെയാണ് കാലിക്കറ്റില്‍ വി സിയാക്കാന്‍ നോക്കിയത്. നിലവാരെ തകര്‍ച്ചക്ക് ആര്‍ രാജേഷ് കാരണം കണ്ടെത്തി. പാര്‍ട്ടി മെമ്പര്‍മാരെ വി സി ആക്കുന്ന ഏര്‍പ്പാട് സി പി എമ്മാണ് തുടങ്ങിവെച്ചതെന്ന് കെ സി ജോസഫ്. വി സിമാരായിരുന്ന പി കെ രാജനെയും ഡോ. ബി ഇഖ്ബാലിനെയും ഉദാഹരണമായി എടുത്ത് കാട്ടി. സി പി എം അംഗങ്ങളുടെ യോഗ്യത ഉയര്‍ന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നായി രാജേഷ്. പാര്‍ട്ടി അംഗത്വം അയോഗ്യത അല്ല, എന്നാല്‍, ലീഗിന്റെ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം വി സിയാകാനുള്ള യോഗ്യതയായി മാറരുതെന്ന് പറഞ്ഞ് ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. പി എച്ച് ഡിയും കാല്‍നൂറ്റാണ്ടുകാലത്തെ അധ്യാപന പരിചയവും പ്രിന്‍സിപ്പലുമൊക്കെയായിരുന്ന ഖാദര്‍ മങ്ങാട് ഡി സി സി സെക്രട്ടറിയായി എന്ന ഒറ്റക്കാരണം കൊണ്ട് അയോഗ്യത കല്‍പ്പിക്കേണ്ടെന്ന് പി സി വിഷ്ണുനാഥും. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വി സിയാക്കിയ സി പി എം തന്നെയാണ് ഇതിന് ഉത്തമമാതൃകയെന്ന് വിഷ്ണും പറഞ്ഞുവെച്ചു. ഇവര്‍ക്കൊക്കെയാകാമെങ്കില്‍ മതിയായ യോഗ്യതയുള്ള ലീഗ് പ്രസിഡന്റിനും ആയിക്കൂടെയെന്നായിരുന്നു എം ഉമറിന്റെ ന്യായമായ സംശയം.
വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമായി ചര്‍ച്ചക്കു പോലും തയ്യാറാവാതെ കോളജുകള്‍ക്ക് സ്വയം ഭരണം നല്‍കാനുള്ള തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരുമെന്ന് മുന്നറിയിപ്പും പ്രതിപക്ഷം നല്‍കി. അക്കാദമിക സ്വയംഭരണമെന്നാണ് പറയുന്നതെങ്കിലും ഫലത്തില്‍ അത് മാനേജ്‌മെന്റ് സ്വയംഭരണമായി മാറുകയും സംവരണം ഉള്‍പ്പടെ അട്ടിമറിക്കപ്പെടുമെന്നും ആര്‍ രാജേഷ് പറഞ്ഞു. നവോദയാസ്‌കൂളുകളോടും കമ്പ്യൂട്ടറിനോടും സ്വാശ്രയകോളജുകളോടും കാണിച്ചതുപോലെയാണ് ഈ എതിര്‍പ്പെന്നാണ് പി സി വിഷ്ണുനാഥിന്റെ പക്ഷം.
സഹകരണ ഭേദഗതി ബില്ലിനോട് അതിശക്തമായ എതിര്‍പ്പുള്ളപ്പോഴും സഹകരണമന്ത്രിയെ തള്ളിപ്പറയാന്‍ പ്രതിപക്ഷം തയ്യാറായില്ല. സഹകരണ മേഖലയെ കുഴിച്ചുമൂടുന്ന പണി സഹകാരി കൂടിയായ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ചെയ്യാന്‍ നിര്‍ബന്ധിതനാവുകയാണ്. മാനസീകമായ താത്പര്യത്തിനും വ്യക്ത ിപരമായ കാഴ്ചപ്പാടിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏക മന്ത്രിയാണ് ബാലകൃഷ്ണനെന്നും ജെയിംസ് മാത്യു കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം മന്ത്രിയെ വാതോരാതെ പുകഴുത്തുന്നത് കണ്ട പാലോട് രവി പ്രമുഖ പത്രത്തെ കുറിച്ച് ഇ എം എസ് പണ്ട് പറഞ്ഞത് അനുസ്മരിച്ചു. പത്രം പുകഴ്ത്തിയാല്‍ തനിക്ക് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു ഇ എം എസിന്റെ കമന്റ്. അതുകൊണ്ട് മന്ത്രി പ്രത്യേകം സൂക്ഷിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം സഹപ്രവര്‍ത്തകനു നല്‍കി. സഹകരണ മെഡിക്കല്‍ കോളെജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ജി സുധാകരന്‍. ഇതു മഹത്തായ കാര്യമായി ജസ്റ്റിസ് കൃഷ്ണയ്യരല്ല, സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞാലും അംഗീകരിക്കാനാവില്ല. സഹകരണ മേഖലയില്‍ പ്രൊഫഷനല്‍ കോളജുകള്‍ തുടങ്ങേണ്ടതില്ലെന്ന സന്ദേശമാണു നല്‍കുന്നതെന്നും സുധാകരന്‍. ഗുണ്ടാനിയമം എന്ന് മനസിലാകാനും കാപ്പയെന്ന് പോലീസുകാരും വിശേഷിപ്പിക്കുന്ന നിയമമാണ് ശൂന്യവേളയില്‍ അടിയന്തിരപ്രമേയത്തിന് വിഷയമായത്.