Connect with us

Oman

ഒമാന്‍ വിദേശ തൊഴിലാളികളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തുന്നു

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തെ വിദേശ തൊഴിലാളി സാന്നിധ്യം നിയന്ത്രിക്കുന്നതിനുള്ള നിയമം നിര്‍മിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ നിര്‍ദേശം. ഇന്നലെ ചെയര്‍മാന്‍ ഡോ. യഹ്‌യ ബിന്‍ മഹ്ഫൂദ് അല്‍ മന്‍താരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് നിര്‍ദേശം മുന്നോട്ടു വെച്ചത്.
നഴ്‌സുമാരുടെ തസ്തിക നിയന്ത്രണവും റിപ്പോര്‍ട്ടുകളുമായിരുന്നു ഇന്നലത്തെ യോഗത്തിലെ പ്രധാന അജന്‍ഡ. ഇതു സംബന്ധിച്ചുള്ള പ്രത്യേക സമിതി തയറാക്കിയ ശിപാര്‍ശകള്‍ ഇന്നലെ യോഗം വിശദമായ ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. പെന്‍ഷന്‍ ഫണ്ട് നിക്ഷേപം സംബന്ധിച്ചുള്ള നിയമനിര്‍മാണവും യോഗം ചര്‍ച്ച ചെയ്തു. നഴ്‌സുമാരുടെ അവകാശങ്ങളും ചുമതലകളും വിവരിക്കുന്നതാണ് പുതിയ കരടു നിയമം. ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും സംരംഭകരുടെയും ഉത്തരവാദിത്തം സംബന്ധിച്ചും ആരോഗ്യ മേഖലയിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും നിമയത്തില്‍ നിര്‍ദേശങ്ങളുണ്ട്. നിയമ ശിപാര്‍ശ യോഗം അംഗീകരിച്ചു.
പെന്‍ഷന്‍ ഫണ്ട് നിക്ഷേപ നിയമം പുനഃപരിശോധിച്ചു കൊണ്ടുള്ള ശിപാര്‍ശയും കൗണ്‍സില്‍ അംഗീകരിച്ചു. ശേഷമാണ് വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും ഒളിച്ചോട്ടം തടയുന്നതിനുമുള്ള നിയമ നിര്‍മാണം ചര്‍ച്ചക്കു വന്നത്. നിയമ രൂപവത്കണം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക സമിതി രൂപവത്കരിക്കുന്നതിനുള്ള നിര്‍ദേശം യോഗം തത്വത്തില്‍ അംഗീകരിച്ചത്. മുന്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങളിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ സെക്രട്ടേറിയറ്റ് ജനറല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.