ടിപി കേസ്: കൊലയാളി സംഘം കുറ്റക്കാര്‍; പി മോഹനനെ വെറുതെ വിട്ടു

Posted on: January 22, 2014 11:06 am | Last updated: January 23, 2014 at 8:51 am

HHH
tp slug

കോഴിക്കോട്: കേരള മനഃസാക്ഷിയെ നടുക്കി യ ഒഞ്ചിയത്തെ സി പി എം വിമത നേതാവ് ടി പി ചന്ദ്രശേഖരനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴംഗ കൊലയാളി സംഘം ഉള്‍പ്പെടെ 12 പേര്‍ കുറ്റക്കാര്‍. അവസാന ഘട്ടം വിചാരണ നേരിട്ട 36 പേരില്‍ 14 ാം പ്രതി സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ കോടതി വെറുതെ വിട്ടു.
കൊലയാളി സംഘം ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ടവരില്‍ എട്ട് പേര്‍ നരഹത്യ നടത്തിയതിന് കുറ്റക്കാരാണ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തപ്പെട്ട മറ്റ് നാല് പേരില്‍ മൂന്ന് പേര്‍ സി പി എമ്മിന്റെ പ്രാദേശിക നേതാക്കളാണ്. എരഞ്ഞിപ്പാലം പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിയാണ് സുപ്രധാന വിധിപ്രഖ്യാപനം നടത്തിയത്. വിധിയില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കേട്ട ശേഷം ഇന്ന് കോടതി ശിക്ഷ പ്രഖ്യാപിക്കും. നോര്‍ത്ത് സോണ്‍ എ ഡി ജി പി. എന്‍ ശങ്കര്‍ റെഡ്ഢിയുടെ മേല്‍നോട്ടത്തില്‍ പോലീസ് തീര്‍ത്ത പഴുതില്ലാത്ത സുരക്ഷാ വലയത്തിലായിരുന്നു വിധി പ്രഖ്യാപനം.
ഇന്നോവ കാറിലെത്തി വള്ളിക്കാട് ടൗണില്‍ വെച്ച് ടി പിയെ വെട്ടിക്കൊലപ്പെടുത്തിയ സംഘാംഗങ്ങളായ ഒന്നാം പ്രതി ചെണ്ടയാട് മംഗലശേരി എം സി അനൂപ് (33), രണ്ടാം പ്രതി മാഹി പന്തക്കല്‍ നടുവില്‍ മലയില്‍ കിര്‍മാണി മനോജ് (33), മൂന്നാം പ്രതി ചൊക്ലി നെടുമ്പ്രം മീത്തലെ ചാലില്‍ എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി (33), നാലാം പ്രതി പാട്യം തുണ്ടിക്കണ്ടിയില്‍ ടി കെ രജീഷ് (36), അഞ്ചാം പ്രതി പത്തായക്കുന്ന് ഓറിയന്റല്‍ സ്‌കൂളിന് സമീപം പറമ്പത്ത് മുഹമ്മദ് ഷാഫി (27), ആറാം പ്രതി ചമ്പാട് അരയാക്കൂല്‍ പാലോറത്ത് അണ്ണന്‍ എന്ന സിജിത് (24), ഏഴാം പ്രതി പാട്യം കണ്ണാറ്റിങ്കല്‍ ഷിനോജ് (33) എന്നിവര്‍ക്കൊപ്പം എട്ടാം പ്രതി സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം ജയസുരയില്‍ കെ സി രാമചന്ദ്രന്‍ (53), 11 ാം പ്രതി തൂവക്കുന്ന് വടക്കയില്‍ മനോജന്‍ എന്ന ട്രൗസര്‍ മനോജ് (46), 13 ാം പ്രതി സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുന്നോത്ത്പറമ്പ് കേളോന്റവിടെ പി കെ കുഞ്ഞനന്തന്‍ (61), 18 ാം പ്രതി ചാലക്കര വലിയപുത്തലത്ത് വായപ്പടച്ചി വി പി റഫീഖ് (34), 31ാം പ്രതി ചൊക്ലി മാരംകുന്നുമ്മല്‍ ലംബു പ്രദീപന്‍ എന്ന എം കെ പ്രദീപന്‍ (28) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
മോഹനനെ കൂടാതെ 10 ാം പ്രതി സി പി എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കടത്തലക്കണ്ടി കെ കെ കൃഷ്ണന്‍ (61), 12ാം പ്രതി കുന്നോത്ത്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം ചെറുപറമ്പില്‍ പറമ്പത്ത് ജ്യോതിബാബു (52), 30 ാം പ്രതി സി പി എം ഏറാമല ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി എം കെ രവീന്ദ്രന്‍ (48), 70 ാം പ്രതി സി പി എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി അരയാല്‍പ്രത്ത് കെ ധനഞ്ജയന്‍ (53), 42 ാം പ്രതി കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി മാലൂര്‍ തോലമ്പ്ര ഗ്രാന്മ ഹൗസില്‍ ചാലില്‍ സി ബാബു (36) എന്നിവരാണ് വിട്ടയക്കപ്പെട്ടവരില്‍ പ്രമുഖര്‍. ഇവരെ സംശയത്തിന്റെ ആനൂകൂല്യത്തില്‍ സി ആര്‍ പി സി 235ാം വകുപ്പ് പ്രകാരമാണ് ജഡ്ജി ആര്‍ നാരായണ പിഷാരടി വെറുതെ വിട്ടത്.
ഒന്നാം പ്രതിയും ഇന്നോവ കാറിന്റെ ഡ്രൈവറുമായ അനൂപിനെതിരെ ചുമത്തിയ ഐ പി സി 302 (നരഹത്യ), 143 (നിയമവിരുദ്ധമായ സംഘം ചേരല്‍), 147 (കലാപത്തില്‍ പങ്കുചേരല്‍), 149 (കൊലപാതക കൃത്യത്തില്‍ പങ്കുചേരല്‍) എന്നീ വകുപ്പുകള്‍ കോടതി ശരിവെച്ചു. കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്, ഷിനോജ് എന്നിവര്‍ ഐ പി സി 302, 143, 147, 148 (ആയുധങ്ങളുമായി സംഘം ചേരല്‍), 149 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തി. ഇന്നോവയില്‍ നിന്ന് നാടന്‍ ബോംബുമായി ഇറങ്ങിയ കിര്‍മാണി മനോജിനെതിരെ സ്‌ഫോടകവസ്തു നിയമത്തിലെ അഞ്ചാം വകുപ്പ് അനുസരിച്ചും ബോംബെറിഞ്ഞ കൊടി സുനിക്കെതിരെ സ്‌ഫോടകവസ്തു നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ചും ചുമത്തിയ കുറ്റങ്ങളും കോടതി അംഗീകരിച്ചു.
കൊലയാളി സംഘത്തിന് ഇന്നോവ കാര്‍ എത്തിച്ചു നല്‍കിയ വായപ്പടച്ചി റഫീഖ് നരഹത്യ, വധപ്രേരണ (ഐ പി സി 109) പ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, പി കെ കുഞ്ഞനന്തന്‍ എന്നിവര്‍ കൊലപാതക ഗുഢാലോചന (ഐ പി സി 302 വകുപ്പിന്റെ 120 (ബി) ഉപവകുപ്പ്) യില്‍ പങ്കെടുത്തതായി തെളിഞ്ഞു. ഇവര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ലംബു പ്രദീപന്‍ തെളിവ് നശിപ്പിച്ചതിന് (ഐ പി സി 201 വകുപ്പ്) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നിലവില്‍ ജാമ്യത്തിലുള്ള ലംബുവിനോട് അടുത്ത ദിവസം കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ലംബുവിന്റെ പേരിലുള്ളത്.
അതിനിടെ, പി മോഹനന്‍ ഉള്‍പ്പെടെ 24 പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. കുഞ്ഞനന്തന്‍, കെ സി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതോടെ ടി പി വധത്തിന് പിന്നിലെ സി പി എം ഗുഢാലോചന തെളിഞ്ഞെന്നും മേല്‍ക്കോടതിയില്‍ അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് പ്രോസിക്യുട്ടര്‍ അഡ്വ. സി കെ ശ്രീധരന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. എന്നാല്‍, കേസില്‍ 24 പ്രതികളെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്നും 12 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു.