Connect with us

Wayanad

വരകളില്‍ വിസ്മയം തീര്‍ത്ത് ലിജോയും, സനിതയും

Published

|

Last Updated

മാനന്തവാടി: മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളജിലെ ലിജോ പീറ്ററും, എ ടി സനിതയും തങ്ങളുടെ കലാസൃഷ്ടി കൊണ്ട് ശ്രദ്ധേയരാകുകയാണ്.
ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ വരമൊഴി എന്ന് പേരിട്ട ചിത്രപ്രദര്‍ശനമാണ് കാഴ്ചക്കാര്‍ക്ക് വ്യത്യസ്ത അനുഭവമാകുന്നത്. ലിജോ അക്രിലിക്ക് മാധ്യമത്തിലാണ് ചിത്രങ്ങള്‍ തീര്‍ത്തത്. സനിതയാകട്ടെ വാട്ടര്‍ കളറിലും.
ആധുനിക യുഗത്തില്‍ മരങ്ങളുടെ സ്ഥാനം മൊബൈല്‍ ടവ്വറുകള്‍ കയ്യടക്കുന്നതും, ഉപഭോഗ സംസ്‌ക്കാരത്തിന്റെ ഭാഗമായി രൂക്ഷമാകുന്ന ജലദൗര്‍ലഭ്യതയും, കൗമാരത്തെ കവരാന്‍ വലവീശി കാത്തു കിടക്കുന്ന സമൂഹത്തിലെ ജീര്‍ണതകളും അവയിലേക്ക് കുതിക്കാനുള്ള യുവത്വത്തിന്റെ വെമ്പലുമെല്ലാം അതി മനോഹരമായി ലിജോ വരച്ച് കാട്ടുന്നു.
15 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഈ കലാകാരന്റെ സംഭാവനയായിട്ടുള്ളത്. മലയാളത്തിന്റെ മഹാനടനായ തിലകന്‍, ജഗതിശ്രീകുമാര്‍ തുടങ്ങിയവരും ലിജോയുടെ ചിത്രങ്ങളിലുണ്ട്. സ്ത്രീക്ക് നേരെ ആഴ്‌നിറങ്ങുന്ന കൈകളും പ്രതിഷേധിക്കാന്‍ കഴിയാതെ നിരാലാംബയായ അവളുടെ ഒലിച്ചിറങ്ങുന്ന കണ്ണീരും സനിത തന്റെ ചിത്രങ്ങളില്‍ പോറിയിടുന്നു. ചെപ്പിലൊളിപ്പിച്ച ഭൂമിയുെട ചിത്രം കണ്ണിലെ കൃഷ്ണമണിപോലെ ഭൂമിയെ സംരക്ഷിക്കണമെന്ന് കാഴ്ചക്കാരനെ ഓര്‍മ്മപ്പെടുത്താനും സനിത മറക്കുന്നില്ല. കൂടാതെ പ്രകൃതിയിലെ മനോഹരദൃശ്യങ്ങളും ഈ കലാകാരിയു ചിത്രപ്രദര്‍ശനത്തിലുണ്ട്. 19 ചിത്രങ്ങളാണ് ഈ മിടുക്കി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. രണ്ടു പേരുടേയും ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് കാഴ്ചക്കാര്‍ പ്രകടിപ്പിക്കുന്നത്. ചിത്രപ്രദര്‍ശനം കാണുന്നതിനായി വിദ്യാര്‍ഥികളടം നിരവധി പേരാണ് ആര്‍ട്ട് ഗ്യാലറി സന്ദര്‍ശിക്കുന്നത്. ഇരുവരുടേയും ആദ്യത്തെ ചിത്ര പ്രദര്‍ശനമാണിത്.
പേര്യ സ്വദേശിയായ ലിജോ, പീറ്റര്‍-സാലി ദമ്പതികളുടെ രണ്ട് മക്കളില്‍ മുതിര്‍ന്നയാളാണ്. കോപ്പറേറ്റീവ് കോളേജിലെ ബി എ മലയാളം മുന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. സനിതയാകട്ടെ കാവുമന്ദം സ്വദേശിയായ തങ്കപ്പന്‍-ഇന്ദിര ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തായാളും ഇതേ കോളേജിലെ ബിഎസ്‌സി മാത്ത്‌സ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയുമാണ്. ചിത്ര പ്രദര്‍ശനം വരുന്ന 23ന് സമാപിക്കും.

---- facebook comment plugin here -----

Latest