Connect with us

Wayanad

ദാനത്തിന്റെ മാതൃകയായി സലീം-ഷമീന ദമ്പതികള്‍

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹിത കേരളം പദ്ധതിയിലേക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി സൗജന്യമായി നല്‍കി ഇരുളം സ്വദേശികളായ സലീം-ഷമീന ദമ്പതിമാര്‍ മാതൃകയായി.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഇരുളം വില്ലേജില്‍ തങ്ങള്‍ക്ക് സ്വന്തമായ പത്തര സെന്റ് ഭൂമിയാണ് ഇവര്‍ സര്‍ക്കാരിന് സൗജന്യമായി നല്‍കിയത്. ഏകദേശം രണ്ടരലക്ഷം രൂപ വില വരുന്ന ഭൂമിയാണിത്. ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുക എന്ന ചിന്തയാണ് സര്‍ക്കാര്‍ പദ്ധതിയിലേക്ക് ഭൂമി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് സലീം പറഞ്ഞു. കൃഷിയാണ് സലീമിന്റെ വരുമാനമാര്‍ഗം. ഭാര്യ ഷമീന ഹൈക്കോടതി ജീവനക്കാരിയാണ്.ഭൂരഹിത കേരളം പദ്ധതിയിലൂടെ മൂന്ന് സെന്റ് ഭൂമിയാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. സലീമിന്റെ മഹാമനസ്‌കതയിലൂടെ മൂന്ന് കുടുംബങ്ങള്‍ക്കാണ് തല ചായ്ക്കാനിടം ലഭിക്കുന്നത്. ദാനത്തിന്റെ മഹാമാതൃക കാണിച്ച സലീമിനെ ജില്ലാ കലക്ടര്‍, എ ഡി എം എന്നിവര്‍ അഭിനന്ദിച്ചു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഭൂമിയുടെ രേഖകള്‍ സലീം ജില്ലാ കളക്ടര്‍ കെ ജി രാജുവിന് കൈമാറി. സബ് കലക്ടര്‍ വീണ എന്‍ മാധവന്‍, എ.ഡി.എം.എന്‍ടി. മാത്യു,സു.ബത്തേരി തഹസില്‍ദാര്‍ എബ്രഹാം, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.